പരിക്കേറ്റ് ഡേവിഡ് വില്ലി പുറത്ത്; കേദാര്‍ ജാദവ് വീണ്ടും  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ 

ആര്‍സിബിക്ക് ഈ സീസണില്‍ വീസ് നാല് മത്സരങ്ങളാണ് കളിച്ചത്. മൂന്ന് വിക്കറ്റുകളും നേടി. ഇംഗ്ലീഷ് താരത്തിന്റെ പരിക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലഖ്‌നൗ: പരിക്കേറ്റ് പുറത്തായ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലിയുടെ പകരക്കാരനായി മുൻ ഇന്ത്യൻ ഓൾറൗണ്ടറെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആര്‍സിബിയുടെ മുന്‍ താരം കൂടിയായ കേദാര്‍ ജാദവാണ് വില്ലിയുടെ പകരക്കാരന്‍.

ആര്‍സിബിക്കായി ഈ സീസണില്‍ വില്ലി നാല് മത്സരങ്ങളാണ് കളിച്ചത്. മൂന്ന് വിക്കറ്റുകളും നേടി. ഇംഗ്ലീഷ് താരത്തിന്റെ പരിക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. 

കഴിഞ്ഞ സീസണില്‍ ഐപിഎല്‍ കളിച്ചിട്ടില്ലാത്ത താരമാണ് കേദാര്‍ ജാദവ്. 2021ലാണ് താരം അവസാനമായി ഐപിഎല്‍ കളിച്ചത്. 38കാരനായ ജാദവിനെ ഒരു കോടി രൂപയ്ക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. 

നേരത്തെ 2016-17 സീസണില്‍ ബാംഗ്ലൂരിനായി കളിച്ച താരമാണ് ജാദവ്. 2010ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) ടീമിലൂടെയാണ് ജാദവ് ഐപിഎല്ലില്‍ അരങ്ങേറിയത്. ആര്‍സിബിക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയാണ് താരം അന്ന് വരവറിയിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയ ഐപിഎല്‍ ചരിത്രത്തിലെ ഒന്‍പത് ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ജാദവ്.

ഐപിഎല്ലില്‍ 93 മത്സരങ്ങളാണ് താരം കളിച്ചത്. 1196 റണ്‍സും നേടി. 2016-17 സീസണില്‍ ആര്‍സിബിക്കായി 17 മത്സരങ്ങള്‍ കേദാര്‍ ജാദവ് കളിച്ചു. ഇന്ത്യക്കായി 73 ഏകദിനങ്ങളും ഒന്‍പത് ടി20 മത്സരങ്ങളും ജാദവ് കളിച്ചിട്ടുണ്ട്. 

2021ന് ശേഷം പരിമിത ഓവര്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ജാദവ് കഴിഞ്ഞ വര്‍ഷം വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് തിരിച്ചെത്തിയത്. രണ്ട് മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ താരം കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ 283 റണ്‍സ് നേടാനും ജാദവിന് സാധിച്ചു. 2019ന് ശേഷമായിരുന്നു താരത്തിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ്. 2018ന് ശേഷമാണ് താരം 200ന് മുകളില്‍ സ്‌കോര്‍ രഞ്ജിയില്‍ നേടുന്നത്. 

ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ താരം 17 ഇന്നിങ്‌സുകളില്‍ നിന്ന് 1223 റണ്‍സ് കണ്ടെത്തി. 2013-14 സീസണിലെ രഞ്ജിയില്‍ വെട്ടിത്തിളങ്ങിയ ജാദവ് ആ സീസണില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിരുന്നു. 327 റണ്‍സാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com