'നിങ്ങൾ എന്ത് അർഹിക്കുന്നോ അതു കിട്ടുന്നു'- കോഹ്‌ലിയെ 'കൊട്ടി' അഫ്​ഗാൻ താരം

ഇൻസ്റ്റ​ഗ്രാമിലിട്ട പരോക്ഷ കുറിപ്പിലാണ് കോഹ്‌ലിയെ 'കൊട്ടി' നവീൻ രം​ഗത്തെത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലഖ്‌നൗ: ഐപിഎൽ മത്സരത്തിനിടെ തർക്കിച്ചതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ താരം വിരാട് കോഹ്‌ലിക്ക് പരോക്ഷ മറുപടിയുമായി അഫ്​ഗാനിസ്ഥാൻ താരം നവീൻ ഉൾ ഹഖ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ബാംഗ്ലൂരും തമ്മിലുള്ള മത്സരം വിരാട് കോഹ്‌ലിയും ലഖ്‌നൗ താരങ്ങളുമായുള്ള തര്‍ക്കങ്ങളിലാണ് അവസാനിച്ചത്. മത്സരത്തിനിടെ നവീന്‍ ഉള്‍ ഹഖുമായി തുടങ്ങിയ വാക്കുതര്‍ക്കം കെയ്ല്‍ മേയേ്‌ഴ്‌സ്, ലഖ്‌നൗ മെന്റര്‍ ഗൗതം ഗംഭീര്‍ എന്നിവരിലേക്കും നീണ്ടു.

ഇൻസ്റ്റ​ഗ്രാമിലിട്ട പരോക്ഷ കുറിപ്പിലാണ് കോഹ്‌ലിയെ 'കൊട്ടി' നവീൻ രം​ഗത്തെത്തിയത്. 'നിങ്ങൾ അർഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്നു, അതു അങ്ങനെയാണ് അങ്ങനെ തന്നെയാണ് വേണ്ടതും'- എന്നായിരുന്നു അഫ്​ഗാൻ താരം കുറിച്ചത്. 

നേരത്തെ ഇൻസ്റ്റ​ഗ്രാമിൽ വിഷയം പരോക്ഷമായി പരാമർശിച്ച് കോഹ്‌ലിയും ​രം​ഗത്തെത്തിയിരുന്നു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന മാര്‍ക്കസ് ഔറേലിയസ് അന്റോണിയസിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് പോസ്റ്റ്. 'നാം കേള്‍ക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്. അത് വസ്തുതയല്ല. നമ്മള്‍ കാണുന്നതെല്ലാം കാഴ്ചപ്പാടുകള്‍ മാത്രമാണ്. സത്യമല്ല'- എന്ന ഉദ്ധരണിയാണ് കോഹ്‌ലി പങ്കിട്ടത്. 

ലഖ്‌നൗ ബാറ്റിങിന്റെ 17ാം ഓവറിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. മത്സരത്തിനിടെ വിരാട് കോഹ്‌ലി എന്തോ പറയുന്നു. നവീന്‍ ഉള്‍ ഹഖ് ഇതിനോട് പ്രതികരിക്കുന്നു. പിന്നാലെ അമ്പയര്‍മാരെത്തി കോഹ്‌ലിയെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. നവീനിനൊപ്പം ബാറ്റ് ക്രീസിലുണ്ടായിരുന്ന അമിത് മിശ്രയും കോഹ്‌ലിയെ ശാന്തനാക്കാന്‍ നോക്കുന്നു. അമ്പയര്‍മാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കോഹ്‌ലി കാലിലെ ഷൂ ചൂണ്ടിക്കാട്ടി നവീനിനെ പ്രകോപിപ്പിക്കുന്നു. 

മത്സര ശേഷം ഹസ്തദാനം ചെയ്യുമ്പോഴും കോഹ്‌ലിയും നവീനും ഉടക്കി. തര്‍ക്കത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞു. പിന്നീട് കെയ്ല്‍ മേയേഴ്‌സ് വന്ന് കോഹ്‌ലിയോട് എന്തോ പറയുന്നു. മേയേഴ്‌സിനെ ഗംഭീര്‍ വന്നു പിടിച്ചു മാറ്റി. പിന്നാലെ ഗംഭീറും കോഹ്‌ലിയുമായി തര്‍ക്കിച്ചു. ഒടുവില്‍ ഇരു ടീമുകളിലേയും താരങ്ങള്‍ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. 

ഇതിനു ശേഷം കോഹ്‌ലിയും നവീനുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിനോട് നവീന്‍ ഉള്‍ ഹഖ് നിഷേധ മനോഭാവം പ്രകടിപ്പിക്കുന്നത്. ഡഗൗട്ടില്‍ വച്ച് കെഎല്‍ രാഹുല്‍ വിരാട് കോഹ്‌ലിയുമായി ദീര്‍ഘമായി സംസാരിക്കുന്നതിനിടെ ഇരുവരുടേയും അരികിലൂടെ നവീന്‍ കടന്നു പോകുന്നു.

ഈ സമയത്ത് രാഹുല്‍ നവീനിനെ തങ്ങള്‍ക്കരികിലേക്ക് വിളിക്കുന്നു. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നത്. എന്നാല്‍ ഇതിനോട് അഫ്ഗാന്‍ താരം താത്പര്യമില്ലാത്ത രീതിയിലാണ് പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com