'ബാറ്ററല്ല, ഗ്രൗണ്ട് കീറിമുറിക്കുന്ന മാത്തമറ്റീഷ്യന്‍; ആകാശം പോലും സൂര്യക്ക് പരിധിയല്ല'- ശ്രീശാന്ത്

സൂര്യകുമാര്‍ യാദവ് ഒരു മാത്തമറ്റീഷ്യനാണെന്ന് ശ്രീശാന്ത് പറയുന്നു. കോംപസും പ്രൊട്രാക്റ്ററുമുപയോഗിച്ച് കടലാസില്‍ പെരുമാറുന്ന ലാഘവത്തിലാണ് അദ്ദേഹം ഗ്രൗണ്ടിനെ മെരുക്കുന്നതെന്നും ശ്രീശാന്ത് പറയുന്നു
സൂര്യകുമാര്‍ യാദവ്/ പിടിഐ
സൂര്യകുമാര്‍ യാദവ്/ പിടിഐ

മുംബൈ: തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്‌സ് ചെയ്ത് വിജയിക്കുന്ന ഐപിഎല്ലിലെ ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ് മാറിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച നിര്‍ണായക താരമാണ് സൂര്യകുമാര്‍ യാദവ്. തുടരെ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയ താരത്തിന്റെ ബാറ്റിങ് മികവിലെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറും മലയാളിയുമായ ശ്രീശാന്ത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ലൈവിലാണ് താരം സൂര്യകുമാറിന്റെ മികവിനെ അഭിനന്ദിച്ചത്. 

സൂര്യകുമാര്‍ യാദവ് ഒരു മാത്തമറ്റീഷ്യനാണെന്ന് ശ്രീശാന്ത് പറയുന്നു. കോംപസും പ്രൊട്രാക്റ്ററുമുപയോഗിച്ച് കടലാസില്‍ പെരുമാറുന്ന ലാഘവത്തിലാണ് അദ്ദേഹം ഗ്രൗണ്ടിനെ മെരുക്കുന്നതെന്നും ശ്രീശാന്ത് പറയുന്നു. 

'എസ്‌കെവൈ വെറും ബാറ്ററല്ല. അദ്ദേഹം ഒരു മാത്തമറ്റീഷ്യനാണ്. മികച്ച നിലവാരത്തിലാണ് അദ്ദേഹം സ്വയം അടയാളപ്പെടുത്തുന്നത്. ഒരു മാത്തമിറ്റീഷ്യന്‍ കോംപസും പ്രൊട്രാക്റ്ററും ഒരു കടലാസില്‍ പെരുമാറുന്നതു പോലെ എസ്‌കെവൈ ഗ്രൗണ്ടിനെ കീറിമുറിക്കുന്നു.' 

'കരുത്തുറ്റ മനസിനുള്ളില്‍ താന്‍ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് കൃത്യമായ കണക്കുകൂട്ടല്‍ അദ്ദേഹത്തിനുണ്ട്. അത് ഉജ്ജ്വലമായി തന്നെ നടപ്പാക്കുന്നു. ഗ്രൗണ്ടിന്റെ അളവ്, ബൗളറുടെ വേഗത തുടങ്ങിയവയെല്ലാം ഉള്ളില്‍ ഉണ്ട്. ഫീല്‍ഡര്‍ എവിടെ നില്‍ക്കുന്നു, ഗ്യാപ്പുകള്‍ എവിടെയൊക്കെയുണ്ട് എന്നെല്ലാം കിറുകൃത്യം. ആകാശമാണ് പരിധിയെന്ന് സൂര്യ പറയുന്നു. എന്നാല്‍ സൂര്യക്ക് ആകാശം പോലും ഒരു പരിധിയേയല്ല.'

മുംബൈ ഇന്ത്യന്‍സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയതു സംബന്ധിച്ചും ശ്രീശാന്ത് ശ്രദ്ധേയ അഭിപ്രായം പറയുന്നു. അവര്‍ വിജയത്തിന്റെ രുചി അറിഞ്ഞാല്‍ പിന്നെ ടീമിനെ പിടിച്ചുകെട്ടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും താരം വ്യക്തമാക്കുന്നു. 

'മുംബൈ ഇന്ത്യന്‍സ് ഒരിക്കല്‍ വിജയം ആസ്വദിച്ചാല്‍ പിന്നീട് അവരെ തടയാന്‍ സാധിക്കില്ല. വിജയങ്ങളുടെ നീണ്ട ചരിത്രമുള്ള ടീമാണ് മുംബൈ. മുന്‍ കാലങ്ങളിലെല്ലാം അവര്‍ അതു തെളിയിച്ചിട്ടുമുണ്ട്. അത് ആവര്‍ത്തിക്കാനും അവര്‍ക്ക് സാധിക്കും'- ശ്രീശാന്ത് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com