ഒന്നല്ല, കളഞ്ഞുകുളിച്ചത് ജയിക്കാമായിരുന്ന മൂന്ന് മത്സരങ്ങൾ; രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾ തുലാസിൽ...

ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റതോടെയാണ് അവരുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നേരിട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജയ്പുർ: കൈയിലിരുന്ന മൂന്ന് മത്സരങ്ങൾ പടിക്കൽ കൊണ്ടുപോയ കളഞ്ഞ രാജസ്ഥാൻ റോയൽസിന് ഇനി പ്ലേ ഓഫിലെത്താൻ കടക്കേണ്ടത് വലിയ കടമ്പകൾ. നിലവിൽ അവർക്ക് പത്ത് പോയിന്റുകളാണുള്ളത്. ഇനി മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇതിൽ മൂന്നും ജയിക്കണം. മാത്രമല്ല മറ്റ് ടീമുകളുടെ ഫലവും അവർക്ക് നിർണായകമാണ്. മൂന്നിൽ ഒരെണ്ണം തോറ്റാൽ തന്നെ പ്രതീക്ഷകൾ ഏതാണ്ട് അവസാനിക്കുമെന്ന് ചുരുക്കം. 

ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റതോടെയാണ് അവരുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നേരിട്ടത്. ജയം ഉറപ്പിച്ച ശേഷം സീസണിൽ മൂന്നാം തവണയാണ് അവർ പരാജയത്തിലേക്ക് കൂപ്പുകുത്തുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സ്, മുംബൈ ഇന്ത്യൻസ്, ഇന്നലെ ഹൈദരാബാദിനോട്. മൂന്ന് ജയിക്കാമായിരുന്ന മത്സരങ്ങളായിരുന്നു. 

നിലവിൽ ​ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചിരിക്കുന്നത്. ശേഷിക്കുന്ന സ്ഥാനത്തേക്ക് ലഖ്നൗ, ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ടീമുകളൊക്കെ അവകാശവുമായി പിന്നിൽ നിൽക്കുന്നുമുണ്ട്. 

രാജസ്ഥാന്റെ അടുത്ത മത്സരം കൊൽക്കത്ത നൈറ്റ്റൈഡേഴ്സുമായാണ്. ഈ മാസം 11നാണ് പോരാട്ടം. 14ന് ആർസിബിയുമായും 19ന് പഞ്ചാബുമായും മത്സരങ്ങളുണ്ട്. രാജസ്ഥാൻ നിലവിൽ നാലാം സ്ഥാനത്തു തന്നെ ഉണ്ട്. പക്ഷേ അതിന് അധികം ആയുസുണ്ടാകില്ല. അഞ്ചാമതും ആറാമതും ഏഴാമതുമുള്ള ബാഗ്ലൂര്‍, മുംബൈ, പഞ്ചാബ് ടീമുകള്‍ക്കും രാജസ്ഥാനൊപ്പം 10 പോയിന്‍റുണ്ട്. മറ്റ് മൂന്ന് ടീമുകൾക്ക് ഒരു മത്സരം കുറച്ചെ കളിച്ചിട്ടുള്ളു എന്ന ആനുകൂല്യമുണ്ട്. 

നാല് കളികള്‍ ബാക്കിയുള്ള കൊല്‍ക്കത്തക്കും ഹൈദരാബാദിനും ഡല്‍ഹിക്കും എട്ട് പോയിന്‍റ് വീതമുള്ളതിനാല്‍ ഇനിയുള്ള എല്ലാ കളികളും ജയിച്ചാല്‍ അവര്‍ക്കും 16 പോയിന്‍റ് സ്വന്തമാക്കി പ്ലേ ഓഫിലെത്താനുള്ള സാധ്യത വര്‍ധിപ്പിക്കാം. പ്ലേ ഓഫിലെത്തുന്നവര്‍ ആരൊക്കെ എന്നറിയാൻ അവസാന ഘട്ടം വരെ കാത്തിരിക്കണം. 

ഇന്ന് നടക്കുന്ന പഞ്ചാബ്- കൊല്‍ക്കത്ത പോരാട്ടത്തില്‍ ജയിച്ചാല്‍ പഞ്ചാബിന് രാജസ്ഥാനെ മറികടക്കാം. നാളെ നടക്കുന്ന മുംബൈ- ബാം​ഗ്ലൂർ പോരാട്ടം ആര് ജയിച്ചാലും അവരിലൊരു ടീമിനും രാജസ്ഥാനെ മറികടന്ന് മുന്നിലെത്താം. ഐപിഎല്‍ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ അവസാനം കളിച്ച നാലില്‍ മൂന്ന് കളിയും തോറ്റാണ് പ്ലേ ഓഫ് പ്രതീക്ഷ തുലാസിലായി നിൽക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com