അവസാന പന്തിൽ ഫോർ; വീണ്ടും 'റിങ്കു മാജിക്ക്'- തീപ്പൊരി റസ്സൽ; പഞ്ചാബിനെ വീഴ്ത്തി കൊൽക്കത്ത

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് കണ്ടെത്തി. വിജയം തേടിയിറങ്ങിയ കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്
വിജയമാഘോഷിക്കുന്ന റിങ്കു സിങ്/ പിടിഐ
വിജയമാഘോഷിക്കുന്ന റിങ്കു സിങ്/ പിടിഐ

കൊൽക്കത്ത: ഒരിക്കൽ കൂടി റിങ്കു സിങിന്റെ മനഃസാന്നിധ്യം കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് ആവേശ വിജയം സമ്മാനിച്ചു. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് കൊൽക്കത്ത വിജയിച്ചത്. ആവേശം നിറഞ്ഞ പോരാട്ടത്തിൽ അവസാന പന്തിൽ രണ്ട് റൺസായിരുന്നു കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നു. അർഷ്ദീപ് എറിഞ്ഞ പന്ത് ബൗണ്ടറി കടത്തി ഒരിക്കൽ കൂടി താരം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് കണ്ടെത്തി. വിജയം തേടിയിറങ്ങിയ കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. 

നാല് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെന്ന നിലയിൽ നിൽക്കെ ക്രീസിൽ ഒന്നിച്ച ആന്ദ്രെ റസ്സൽ- റിങ്കു സിങ് സഖ്യമാണ് കൊൽക്കത്തയുടെ ആശങ്കകൾ അകറ്റിയത്. ഒരുവേള പഞ്ചാബ് കളിയിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഈ സഖ്യം കൂറ്റനടികളുമായി കളിയുടെ ​ഗതി മാറ്റിയത്. ഇരുവരും അഞ്ചാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടുയർത്തി. 27 പന്തിൽ 54 റൺസാണ് സഖ്യം ബോർഡിൽ ചേർത്തത്. 

റസ്സല്‍ 23 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സ് വാരി. താരം അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ റണ്ണൗട്ടായെങ്കിലും റിങ്കി മാജിക്ക് അതിനൊന്നും തടസമായില്ല. പുറത്താകാതെ നിന്ന റിങ്കു പത്ത് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സെടുത്തു.

കൊൽക്കത്ത മികച്ച രീതിയിൽ തുടങ്ങി. 15 റൺസെടുത്ത റഹ്മാനുല്ല ​ഗുർബാസിനെയാണ് അവർക്ക് ആദ്യം നഷ്ടമായത്. പിന്നീട് ക്യാപ്റ്റൻ നിതീഷ് റാണയും ഓപ്പണർ ജാസൻ റോയിയും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിച്ചു. അതിനിടെ റോയ് വീണു. പിന്നാലെ വന്ന വെങ്കടേഷ് അയ്യർ 11 റൺസുമായി പുറത്തായി. അതിനിടെ നിതീഷ് റാണയ്ക്കൊപ്പം വെങ്കടേഷ് അർധ സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയിരുന്നു. 38 പന്തിൽ 51 റൺസാണ് സഖ്യത്തിൽ സംഭാവന.

കൊല്‍ക്കത്തയ്ക്കായി നിതീഷ് റാണ അര്‍ധ സെഞ്ച്വറി നേടി. താരം 38 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സ് കണ്ടെത്തി. ഓപ്പണര്‍ ജാസന്‍ റോയ് 24 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 38 റണ്‍സ് വാരി ടീമിന് മികച്ച തുടക്കം നല്‍കി.

പഞ്ചാബിനായി രാഹുൽ ചഹർ മികച്ച ബൗളിങ് നടത്തി. താരം നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഹർപ്രീത് ബ്രാർ, നതാൻ എല്ലിസ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 

ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തകര്‍ത്തടിച്ചെങ്കിലും ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതാണ് പഞ്ചാബിന് തിരിച്ചടിയായത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ച്വറി നേടി. 47 പന്തുകളില്‍ നിന്ന് ധവാന്‍ 57 റണ്‍സ് നേടി. ഇതില്‍ ഒരു സിക്‌സും ഒന്‍പത് ഫോറും ഉള്‍പ്പെടുന്നു. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഷാരൂഖ് ഖാനാണ് പഞ്ചാബ് നിരയില്‍ റണ്‍വേട്ടയില്‍ രണ്ടാമന്‍. എട്ട് ബോളില്‍ ഖാന്‍ 21 റണ്‍സ് നേടി.

പ്രഭുസിമ്രാന്‍ സിങ് 12, ഭനുക രാജപക്സെ (പൂജ്യം), ലിയാം ലിവിങ്സ്റ്റൻ (15), ജിതേഷ് ശര്‍മ്മ (21), സാം കറന്‍ (നാല്), ഋഷി ധവാന്‍ (19) എന്നിവരാണ് പുറത്തായത്. ഹര്‍പ്രീത് ബ്രാര്‍ 17 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ പഞ്ചാബ് 21 റണ്‍സ് നേടി.

കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രബര്‍ത്തി 26 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷിത് റാണ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നിതീഷ് റാണ, സുയഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com