ആന്‍സലോട്ടിക്ക് 'ഹാളണ്ട് പരീക്ഷ'-  സാന്റിയാഗോ ബെര്‍ണാബുവില്‍  റയല്‍- സിറ്റി സെമി 'ക്ലാസിക്ക്' ഫൈനല്‍

ലിവര്‍പൂളിനേടും ചെല്‍സിയേയും കീഴടക്കിയ റയലിന് മറ്റൊരു ഇംഗ്ലീഷ് പരീക്ഷ കൂടിയാണ് സീസണില്‍. ഇന്ന് മികച്ച വിജയം സ്വന്തമാക്കി ഫൈനലിലേക്കുള്ള പാത സുഗമമാക്കാനായിരിക്കും റയല്‍ ഒരുങ്ങുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഫൈനലിനൊത്ത പോരാട്ടം. സെമി ഫൈനല്‍ പോരാട്ടത്തിന്റെ ആദ്യ പാദത്തിന് ഇന്ന് തുടക്കമാകുമ്പോള്‍ ഫുട്‌ബോളിലെ ക്ലാസിക്ക് പോരാട്ടമാണ് ആരാധകരെ കാത്തു നില്‍ക്കുന്നത്. ഇന്ന് സാന്റിയാഗോ ബെര്‍ണാബുവില്‍ റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടും. 

ലിവര്‍പൂളിനേടും ചെല്‍സിയേയും കീഴടക്കിയ റയലിന് മറ്റൊരു ഇംഗ്ലീഷ് പരീക്ഷ കൂടിയാണ് സീസണില്‍. ഇന്ന് മികച്ച വിജയം സ്വന്തമാക്കി ഫൈനലിലേക്കുള്ള പാത സുഗമമാക്കാനായിരിക്കും റയല്‍ ഒരുങ്ങുന്നത്. ലാ ലിഗയില്‍ കിരീട പ്രതീക്ഷ ഏതാണ്ട് അവസാനിച്ച അവര്‍ കഴിഞ്ഞ ദിവസം ഒസാസുനയെ വീഴ്ത്തി കോപ്പ ഡെല്‍ റെ കിരീടമുയര്‍ത്തയിരുന്നു. അതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്. ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തേയും ഫേവറിറ്റുകളായ റയല്‍ ആ പെരുമ നിലനിര്‍ത്താനാണ് കച്ച മുറുക്കുന്നത്. 

വെറ്ററന്‍ മധ്യനിര എന്‍ജിനുകളായ ലൂക്ക മോഡ്രിച്- ടോണി ക്രൂസ് സഖ്യത്തിന്റെ ബലത്തിലാണ് റയല്‍ നില്‍ക്കുന്നത്. ഇവര്‍ക്കൊപ്പം ചൗമേനി, കമവിംഗ തുടങ്ങിയ പുതു മിഡ്ഫീല്‍ഡര്‍മാരും അവര്‍ക്ക് വൈവിധ്യം സമ്മാനിക്കുന്നു. കരിം ബെന്‍സമ, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ അടക്കമുള്ള താരങ്ങളും മുന്നേറ്റത്തിലുണ്ട്. മിലിറ്റാവോയ്ക്ക് സസ്‌പെന്‍ഷന്‍ കാരണം ഇന്ന് ഇറങ്ങാന്‍ സാധിക്കില്ല. 

എര്‍ലിങ് ഹാളണ്ടെന്ന ഗോളടി യന്ത്രത്തെ മെരുക്കാന്‍ ആന്‍സലോട്ടി എന്തു തന്ത്രമാണ് ഒരുക്കിയിരിക്കുന്നത് എന്നതാണ് ആരാധകര്‍ പ്രധാനമായി ഉറ്റുനോക്കുന്നത്. താരത്തിന്റെ വെല്ലുവിളി അതിജീവിക്കാന്‍ ഫോമിലല്ലെങ്കിലും റൂഡിഗറെ ഒരു പക്ഷേ ആന്‍സലോട്ടി ചുമതലപ്പെടുത്തിയേക്കാം. 

മറുഭാഗത്ത് സീസണില്‍ ട്രിപ്പിള്‍ എന്ന ലക്ഷയത്തിലേക്ക് ഒറ്റക്കെട്ടായി നീങ്ങുകയാണ് പെപ് ഗെര്‍ഡിയോളയും സംഘവും. സമീപ കാലത്ത് ഇത്രയും മനോഹരവും സ്ഥിരതയും മികവും പുലര്‍ത്തുന്ന ഒരു ടീം വേറെയില്ല. പെപിന്റെ തന്ത്രങ്ങളെ അക്ഷരം പ്രതി നടപ്പിലാക്കുന്ന മികച്ച താരങ്ങള്‍ മധ്യനിരയിലും മുന്നേറ്റത്തിലും കളിക്കുന്നതാണ് സിറ്റിയുടെ കരുത്ത്. 

ക്വാര്‍ട്ടറില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ നിശബ്ദരാക്കിയ രണ്ട് കളികള്‍ മാത്രം മതി ടീമിന്റെ മാറ്ററിയാന്‍. എര്‍ലിങ് ഹാളണ്ടിന്റെ ഗോളടി മികവാണ് സിറ്റിയുടെ മുന്നേറ്റത്തെ വേറിട്ടു നിര്‍ത്തുന്നത്. മധ്യനിരയില്‍ ഗുണ്ടോഗനും ഡി ബ്രുയ്‌നും ചേരുമ്പോള്‍ എതിരാളികള്‍ വിയര്‍ക്കുന്നു. ഒപ്പം ഗ്രീലിഷും ബെര്‍ണാഡോ സില്‍വയും കളി മെനയാന്‍ മിടുക്കന്‍മാരായി ഒപ്പം നില്‍ക്കുന്നു. പ്രതിരോധവും കടുകട്ടി തന്നെ. എതിരാളിയുടെ പകുതിയിലേക്ക് ഇരമ്പി എത്തുമ്പോഴും പ്രതിരോധത്തില്‍ ഒരു പഴുതുമില്ലാതെ നില്‍ക്കാന്‍ സിറ്റിക്ക് സാധിക്കുന്നു. 

വിനിഷ്യസിന്റെ വിങിലൂടെയുള്ള മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ അകാഞ്ചി തന്നെയാവും നില്‍ക്കുക. ബയേണിന്റെ വിങിലൂടെയുള്ള മുന്നേറ്റത്തിന് വിലങ്ങായി നിന്ന അകാഞ്ചിയുടെ സാന്നിധ്യം ജര്‍മന്‍ കരുത്തരുടെ എല്ലാ പദ്ധതികളേയും പൊളിച്ചിരുന്നു. സമാന മികവാണ് താരത്തില്‍ നിന്നു ടീം പ്രതീക്ഷിക്കുന്നത്. 

കഴിഞ്ഞ സീസണിലും ഇരു ടീമുകള്‍ തമ്മിലായിരുന്നു സെമി പോരാട്ടം. അതിന്റെ ആവര്‍ത്തനമാണ് ഇത്തവണയും. അന്ന് സിറ്റിയെ വീഴ്ത്തി ഫൈനലിലേക്ക് കടന്ന റയല്‍ 14ാം കിരീടവുമായാണ് മടങ്ങിയത്. സമാന മുന്നേറ്റമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. 

സിറ്റിക്കൊപ്പം ചാമ്പ്യന്‍സ് ലീഗെന്ന സ്വപനം സാക്ഷാത്കരിക്കാന്‍ ഗെര്‍ഡിയോളയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി റയലാണ്. അവരെ തകര്‍ക്കുക സ്പാനിഷ് പരിശീലകന്‍ ലക്ഷ്യമിടുമ്പോള്‍ ആന്‍സലോട്ടി എന്തായിരിക്കും മറുതന്ത്രം ചമയ്ക്കുക. കാത്തിരിക്കാം ക്ലാസിക്ക് തന്ത്രങ്ങളുടെ മാറ്റുരയ്ക്കലിന്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com