പൊചെറ്റിനോ വരുന്നു, ചെല്‍സിയുടെ പുതിയ പരിശീലകന്‍

ടോട്ടനം ഹോട്‌സ്പറിനെ ചാമ്പ്യന്‍സ് ഫൈനലില്‍ വരെ എത്തിച്ചതിന്റെ മികവ് പൊചെറ്റിനോയ്ക്കുണ്ട്
മൗറീസിയോ പൊചെറ്റിനോ/ ട്വിറ്റർ
മൗറീസിയോ പൊചെറ്റിനോ/ ട്വിറ്റർ

ലണ്ടന്‍: ചെല്‍സിയുടെ പുതിയ പരിശീലകനായി മുന്‍ ടോട്ടനം, പിഎസ്ജി കോച്ച് മൗറീസിയോ പൊചെറ്റിനോ എത്തും. പരിശീലകനും ക്ലബുമായി ഇക്കാര്യത്തില്‍ ധാരണയിലായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. 

ഗ്രഹാം പോട്ടറിനെ പുറത്താക്കിയതിന് പിന്നാലെ മുന്‍ കോച്ച് ഫ്രാങ്ക് ലംപാര്‍ഡിനെ താത്കാലിക കോച്ചായി നിയമിച്ചിരുന്നു. ഈ സീസണ്‍ അവസാനിക്കുന്നതോടെ ലംപാര്‍ഡിന്റെ കരാര്‍ അവസാനിക്കും. പുതിയ സീസണില്‍ പൊചേറ്റിനോയുടെ തന്ത്രമായിരിക്കും ചെല്‍സി നടപ്പാക്കുക. 

ടോട്ടനം ഹോട്‌സ്പറിനെ ചാമ്പ്യന്‍സ് ഫൈനലില്‍ വരെ എത്തിച്ചതിന്റെ മികവ് പൊചെറ്റിനോയ്ക്കുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ടീമുകളോട് കട്ടയ്ക്ക് നിന്നു പോരാടിയ ടോട്ടനം പൊചെറ്റിനോയുടെ കീഴില്‍ മിന്നും ഫോമില്‍ കളിച്ച സംഘമായിരുന്നു. പിന്നീട് ഫ്രഞ്ച് ലീഗ് വണില്‍ പാരിസ് സെന്റ് ജെര്‍മെയ്‌നെ പൊചെറ്റിനോ പരിശീലിപ്പിച്ചെങ്കിലും പ്രതീക്ഷക്കൊത്തു ടീമിന് ഉയര്‍ച്ച സംഭവിച്ചില്ല. 

കസേര തെറിച്ച ശേഷം ഏതാണ്ട് ഒരു വര്‍ഷത്തിന് മുകളിലായി പൊചെറ്റിനോ ഒരു ടീമിനേയും പരിശീലിപ്പിച്ചിട്ടില്ല. പിഎസ്ജിക്കൊപ്പം ഫ്രഞ്ച് ലീഗ് വണ്‍ കിരീടവും അദ്ദേഹത്തിനുണ്ട്. 

പോട്ടറിനെ പുറത്താക്കി ലംപാര്‍ഡിനെ കൊണ്ടു വന്നിട്ടും ചെല്‍സിക്ക് നിരാശയുടെ സീസണ്‍ തന്നെയാണ്. ലംപാര്‍ഡിന്റെ തന്ത്രങ്ങളുമായി ഇറങ്ങി ടീം എട്ടില്‍ ആറ് മത്സരങ്ങളും പരാജയപ്പെട്ടു. 

2021ലെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് ശേഷം ചെല്‍സിക്ക് മറ്റൊരു നേട്ടവുമില്ല. 1993-94 കാലത്താണ് ഇത്ര മോശം അവസ്ഥയിലൂടെ ക്ലബ് കടന്നുപോയിട്ടുള്ളത്. പൊചെറ്റിനോയുടെ വരവോടെ ടീം മികവിലേക്ക് ഉയരുമെന്നാണ് ചെല്‍സി അധികൃതരും ആരാധകരും പ്രതീക്ഷിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com