ചണ്ഡീഗഢ്: പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഷെഫാലി വര്‍മ. പരീക്ഷ 80 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ പാസായെന്ന് വ്യക്തമാക്കി താരം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. ആരാധകര്‍ക്കായി മാര്‍ക്ക് ഷീറ്റ് ഉയര്‍ത്തി നില്‍ക്കുന്ന ഫോട്ടോ താരം പോസ്റ്റ് ചെയ്തു. ഇതിനൊപ്പം മാര്‍ക്ക് ഷീറ്റ് മാത്രമായും ഫോട്ടോയുണ്ട്.
'2023ലെ മറ്റൊരു പ്രത്യേക സ്മാഷില്‍ 80ന് മുകളില്‍ നേടിയിരിക്കുന്നു. ഇത്തവണ 12ാം ക്ലാസിന്റെ ബോര്‍ഡിലാണെന്ന് മാത്രം. എനിക്ക് വലിയ സന്തേഷമുണ്ട് റിസള്‍ട്ടിന്റെ കാര്യത്തില്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയം- ക്രിക്കറ്റ്. അതിനായി എല്ലാം നല്‍കാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ'- താരം ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. ക്രിക്കറ്റ് ലോകത്ത് സജീവമായി നില്‍ക്കുന്നതിനിടെയാണ് ഷെഫാലി 12ാം ക്ലാസ് പരീക്ഷ എഴുതിയത്.
ഈ വര്‍ഷം മികച്ച ഫോമിലാണ് താരം ബാറ്റേന്തുന്നത്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ പ്രഥമ വനിതാ ടി20 ലോകകപ്പില്‍ നയിക്കാന്‍ ഷെഫാലിയെ ഈ വര്‍ഷം ആദ്യം നിയോഗിച്ചിരുന്നു. കിരീട നേട്ടത്തോടെയാണ് ഷെഫാലിയും സംഘവും കന്നി ലോകകപ്പ് ആഘോഷമാക്കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ നെടുംതൂണും ക്യാപ്റ്റന്‍ തന്നെയായിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ മൂന്നാം സ്ഥാനത്തും ഷെഫാലിയായിരുന്നു.
പിന്നീട് ദക്ഷിണാഫ്രിക്കയില്‍ നടന്ന സീനിയര്‍ വനിതാ ടീമിന്റെ ടി20 ലോകകപ്പ് പോരാട്ടങ്ങളിലും താരം സജീവമായി. സെമിയില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.
പ്രഥമ വനിതാ ഐപിഎല്ലിലും ഷെഫാലി മിന്നും ഫോമിലായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. രണ്ട് കോടി രൂപയ്ക്കാണ് താരം ഡല്‍ഹിയിലെത്തിയത്. ഒന്‍പത് കളിയില്‍ നിന്നു 252 റണ്‍സാണ് ഷെഫാലി അടിച്ചെടുത്തത്. 31.50 ആയിരുന്നു ആവറേജ്. 185.29 സ്‌ട്രൈക്ക് റേറ്റ്. 13 സിക്‌സുകളുമായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച താരങ്ങള്‍ക്കൊപ്പമെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക