കാത്തിരുന്നത് 13 വര്‍ഷം; എസി  മിലാനെ തകര്‍ത്ത് ഇന്റര്‍ മിലാന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

ആദ്യ പാദത്തില്‍ എസി മിലാന്റെ തട്ടകത്തില്‍ 2-0ത്തിന്റെ വിജയം സ്വന്തമാക്കിയതിനാല്‍ ഒരു സമനില പോലും ഇന്ററിന് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുമായിരുന്നു
ലൗട്ടാരോ മാര്‍ട്ടിനസ്/ ട്വിറ്റർ
ലൗട്ടാരോ മാര്‍ട്ടിനസ്/ ട്വിറ്റർ

മിലാന്‍: നഗര വൈരികളായ എസി മിലാനെ തകര്‍ത്ത് ഇന്റര്‍ മിലാന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. രണ്ടാം പാദ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വിജയിച്ചാണ് ഇന്റര്‍ ഫൈനലിലേക്ക് കടന്നത്. സെമിയുടെ ഇരു പാദങ്ങളിലായി 3-0ത്തിന്റെ വിജയമാണ് ഇന്റര്‍ സ്വന്തമാക്കിയത്. 

ആദ്യ പാദത്തില്‍ എസി മിലാന്റെ തട്ടകത്തില്‍ 2-0ത്തിന്റെ വിജയം സ്വന്തമാക്കിയതിനാല്‍ ഒരു സമനില പോലും ഇന്ററിന് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുമായിരുന്നു. രണ്ടാം പകുതിയില്‍ ലൗട്ടാരോ മാര്‍ട്ടിനസ് നേടിയ ഗോളിലാണ് ഇന്റര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. 

പന്ത് കൈവശം വയ്ക്കുന്നതിലും പാസിങ്ങിലുമൊക്കെ എസി മിലാന്‍ മികവ് പുലര്‍ത്തി. എന്നാല്‍ ഗോളിലേക്കുള്ള മുന്നേറ്റങ്ങള്‍ അധികമുണ്ടായില്ല. മറുഭാഗത്ത് ഇന്റര്‍ നിരന്തരം ആക്രമണമായിരുന്നു. 

ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ഇന്റര്‍ ഒരു ഗോള്‍ വലയിലാക്കി സുരക്ഷിതമായത്. 74ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസാണ് ഗോള്‍ നേടിയത്.  

13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്റര്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് എത്തുന്നത്. 2010ലാണ് അവര്‍ അവസാനമായി ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരില്‍ കളിച്ചത്. അന്ന് ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി കിരീടം സ്വന്തമാക്കാനും സാധിച്ചു.

യൂറോപ്യന്‍ കപ്പ് എന്നു പേരുണ്ടായിരുന്നപ്പോള്‍ രണ്ട് തവണയും ചാമ്പ്യന്‍സ് ലീഗായി മാറിയപ്പോള്‍ ഒരു തവണയും കിരീടം നേടിയ ഇന്റര്‍ നാലാം യൂറോപ്യന്‍ പട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് നടക്കുന്ന റയല്‍ മാഡ്രിഡ്- മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിലെ വിജയികളെ ഇന്റര്‍ ഫൈനലില്‍ നേരിടും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com