അഞ്ച് വർഷത്തെ ഇടവേള; വീണ്ടും ഇന്ത്യ- പാക് ഫുട്ബോൾ പോരാട്ടം; സാഫ് കപ്പിൽ നേർക്കുനേർ

ജൂൺ 21 മുതൽ ‍ജൂലൈ നാല് വരെ ബം​ഗളൂരുവിലാണ് സാഫ് കപ്പ് അരങ്ങേറുന്നത്. എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നാല് വീതം ടീമുകൾ രണ്ട് ​ഗ്രൂപ്പുകളായി തിരിഞ്ഞാണ് പോരാട്ടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: ഇടവേളയ്ക്ക് ഇന്ത്യയും പാകിസ്ഥാനും ഫുട്ബോൾ മൈതാനത്ത് വീണ്ടും നേർക്കുനേർ വരുന്നു. സാഫ് കപ്പ് ഫുട്ബോൾ പോരാട്ടത്തിലാണ് ഇന്ത്യ- പാക് മത്സരം. അഞ്ച് വർഷത്തിന് ശേഷമാണ് ബദ്ധവൈരികളുടെ നേർക്കുനേർ പോരാട്ടം. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഒരിക്കൽ കൂടി സാഫ് കപ്പിന് ആതിഥേയത്വം വഹിക്കുക്കുകയാണെന്ന സവിശേഷതയും ടൂർണമെന്റിനുണ്ട്. 

ജൂൺ 21 മുതൽ ‍ജൂലൈ നാല് വരെ ബം​ഗളൂരുവിലാണ് സാഫ് കപ്പ് അരങ്ങേറുന്നത്. എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നാല് വീതം ടീമുകൾ രണ്ട് ​ഗ്രൂപ്പുകളായി തിരിഞ്ഞാണ് പോരാട്ടം.

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, പ്രത്യേക ക്ഷണിതാക്കളായി എത്തുന്ന കുവൈറ്റ് എന്നിവരാണ് ​ഗ്രൂപ്പ് എയിൽ. മാലദ്വീപ്, ഭൂട്ടാൻ, ബം​ഗ്ലാദേശ്, പ്രത്യേക ക്ഷണിതാക്കളായ ലബനൻ എന്നിവരാണ് ​ഗ്രൂപ്പ് ബിയിൽ. ഇരു ​ഗ്രൂപ്പുകളിലേയും മികച്ച രണ്ട് ടീമുകൾ സെമിയിലെത്തും. 

ഫിഫയുടെ സസ്പെൻഷൻ ഉള്ളതിനാൽ ശ്രീലങ്കയ്ക്ക് ടൂർണമെന്റ് നഷ്ടമാകും. 99ാം റാങ്കിലുള്ള ലബനാനാണ് ടീമുകളിൽ മുന്നിൽ. ഇന്ത്യ 101ാം റാങ്കിൽ നിൽക്കുമ്പോൾ പാകിസ്ഥാനാണ് എട്ട് ടീമുകളിൽ ഏറ്റവും താഴെ റാങ്കുള്ളവർ. അവർ 195ാം റാങ്കിലാണ്. 

ജൂൺ 21ന് നടക്കുന്ന ഉദ്ഘാടന പോരാട്ടത്തിൽ കുവൈറ്റും നേപ്പാളും തമ്മിലാണ്. അന്നു തന്നെയാണ് ഇന്ത്യ- പാക് സൂപ്പർ പോരാട്ടം. 2018ൽ സാഫ് കപ്പിൽ തന്നെയാണ് ഇന്ത്യ- പാക് ടീമുകൾ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 3-1ന് വിജയം ഇന്ത്യക്കായിരുന്നു. 

നേരത്തെ 2015ൽ ഇന്ത്യയിൽ നടന്ന സാഫ് പോരാട്ടത്തിന് പാകിസ്ഥാൻ ടീമിനെ അയച്ചിരുന്നില്ല. 2021ൽ നടന്ന പോരാട്ടത്തിൽ പാകിസ്ഥാന് പങ്കെടുക്കാൻ സാധിച്ചില്ല. ഫിഫ സസ്പെൻഷനെ തുടർന്നാണ് അവർക്ക് അവസരം നഷ്ടമായത്. കഴിഞ്ഞ വർഷം സസ്പെൻഷൻ പിൻവലിച്ചു.

പാക് ടീം ഇത്തവണ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ടെന്നും അതുകൊണ്ടാണ് അവരെ ഉൾക്കൊള്ളിച്ച് പട്ടിക പുറത്തിറക്കിയതെന്നും എഐഎഫ്എഫ് വ്യക്തമാക്കി. വിസ, ടീം സുരക്ഷ എന്നിവ സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി കൂടിയാലോചനകൾ നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com