'ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയത് കൊല്‍ക്കത്ത കാണിച്ച ആന മണ്ടത്തരം'

ഈ സീസണില്‍ മൂന്ന് സെഞ്ച്വറികളും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 851 റണ്‍സ് അടിച്ചെടുത്താണ് ഗില്‍ കുതിച്ചത്
ശുഭ്മാന്‍ ഗില്‍/ ട്വിറ്റർ
ശുഭ്മാന്‍ ഗില്‍/ ട്വിറ്റർ

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ ആണിക്കല്ല് ശുഭ്മാന്‍ ഗില്ലാണ്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ ഗില്‍ നേരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമായിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലിന് തൊട്ടുമുന്‍പാണ് താരത്തെ കൊല്‍ക്കത്ത റിലീസ് ചെയ്തത്. അന്നത്തെ ടീമിന്റെ തീരുമാനം ഏറ്റവും വലിയ അബദ്ധമായിരുന്നുവെന്ന് പറയുകയാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവും ന്യൂസിലന്‍ഡ് ഓള്‍റൗണ്ടറുമായിരുന്ന സ്‌കോട്ട് സ്‌റ്റൈറിസ്. 

ഈ സീസണില്‍ മൂന്ന് സെഞ്ച്വറികളും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 851 റണ്‍സ് അടിച്ചെടുത്താണ് ഗില്‍ കുതിച്ചത്. ഈ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും താരത്തിന്റെ പേരില്‍ തന്നെ. മുംബൈക്കെതിരായ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ അടിച്ചെടുത്ത 129 റണ്‍സാണ് സീസണിലെ ഉയര്‍ന്ന സ്‌കോര്‍. 

'ഞാനിപ്പോഴും വിശ്വസിക്കുന്നു, ഗില്ലിനെ റീലിസ് ചെയ്യാനുള്ള കൊല്‍ക്കത്തയുടെ തീരുമാനം ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു. സമാന രീതിയിലുള്ള അബദ്ധം കെഎല്‍ രാഹുലിനെ ഒഴിവാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കാണിച്ചു. രാഹുലിന്റെ കാര്യത്തില്‍ പ്രായം പരിഗണിക്കാം. എന്നാല്‍ ഗില്‍ നിലവില്‍ 23 വയസ് മാത്രം പ്രായമുള്ള യുവ താരമാണ്. ഒരുപാട് വളര്‍ച്ച താരത്തിന്റെ പ്രകടനത്തില്‍ വന്നു.' 

'ഗുജറാത്ത് ടൈറ്റന്‍സിന് മാത്രമല്ല ലോകകപ്പിലും അതിനു ശേഷവും ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായി മാറാന്‍ പോകുന്നതും ഗില്‍ ആയിരിക്കും. ആ വെല്ലുവിളി അദ്ദേഹം സ്വീകരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്'- സ്റ്റൈറിസ് വ്യക്തമാക്കി. ഗില്ലിനെ ബേബി ഗോട്ട് എന്നാണ് സ്‌റ്റൈറിസ് വിശേഷിപ്പിച്ചത്. 

ഐപിഎല്‍ ഫൈനല്‍ റിസര്‍വ് ദിനമായ ഇന്നു നടക്കും. ഗുജറാത്ത് ടൈറ്റന്‍സിന് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളി.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ശാന്തമായി, മനോഹരമായി ബാറ്റ് ചെയ്യുന്നു'- യുവതാരത്തെ പ്രശംസിച്ച് എബി ഡിവില്ല്യേഴ്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com