'5 ഓവര്‍, 18ന് 5. എന്തൊരു സ്‌പെല്‍! ലങ്കയെ കെണിയില്‍ ചാടിച്ച ഷമി'

ലങ്കക്കെതിരായ ഷമിയുടെ മാസ്മരിക പ്രകടനത്തിനു ഇതിഹാസങ്ങളടക്കമുള്ളവര്‍ കൈയടിക്കുന്നു
ആഞ്ചലോ മാത്യൂസിനെ പുറത്താക്കിയ ഷമിയുടെ ആ​ഹ്ലാദം/ പിടിഐ
ആഞ്ചലോ മാത്യൂസിനെ പുറത്താക്കിയ ഷമിയുടെ ആ​ഹ്ലാദം/ പിടിഐ

മുംബൈ: ശ്രീലങ്കയെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കിയത് മുഹമ്മദ് ഷമിയായിരുന്നു. ബുമ്ര- സിറാജ് സഖ്യം തുടക്കത്തില്‍ അവരെ ഞെട്ടിച്ചെങ്കില്‍ ലങ്കന്‍ സംഘത്തെ തകര്‍ച്ചയുടെ ആഴങ്ങളിലേക്ക് തള്ളിയത് മുഹമ്മദ് ഷമിയുടെ മാരക ബൗളിങാണ്. വെറും മൂന്ന് കളികള്‍ മാത്രം ഈ ലോകകപ്പില്‍ കളിച്ച ഷമി 14 വിക്കറ്റുകളാണ് കൊയ്തത്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഒരു നാല് വിക്കറ്റ് പ്രകടനവും. 

ലങ്കക്കെതിരായ ഷമിയുടെ മാസ്മരിക പ്രകടനത്തിനു ഇതിഹാസങ്ങളടക്കമുള്ളവര്‍ കൈയടിക്കുന്നു. ലങ്കന്‍ താരങ്ങളെ ഷമി കെണി വച്ചു വീഴ്ത്തിയെന്നു മുന്‍ പാകിസ്ഥാന്‍ നായകനും ഇതിഹാസ പേസറുമായ വസീം അക്രം പ്രതികരിച്ചു. 

അഞ്ചോവറില്‍ ഒരു മെയ്ഡന്‍ 18 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകള്‍ കൊയ്തത്. ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായും ഇതോടെ ഷമി മാറി. 14 ലോകകപ്പ് ഇന്നിങ്‌സുകള്‍ കളിച്ച് ഷമി ഇതുവരെ വീഴ്ത്തിയത് 45 വിക്കറ്റുകള്‍. 44 വിക്കറ്റുകളുമായി റെക്കോര്‍ഡ് പങ്കിട്ട സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരെയാണ് ഷമി പിന്തള്ളിയത്. 

'5 ഓവര്‍, 18ന് 5. എന്തൊരു സ്‌പെല്‍! ലോകകപ്പ് ചരിത്രത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം ഒന്നില്‍ കൂടുതല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് ഷമി. ഒന്നാമന്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. അതൊരു വമ്പന്‍ നേട്ടമാണ്. 45 വിക്കറ്റുകളുമായി ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമായും അദ്ദേഹം മാറി. ഇതെല്ലാം അവിശ്വസനീയ പ്രകടനമാണ്.' 

'നല്ല വേഗതയില്‍ സീം ഡെലിവറികളാണ് ഷമി പുറത്തെടുത്തത്. ബുമ്രയെ പോലെ ഷമി പന്ത് സ്വിങ് ചെയ്യിക്കുന്നില്ല. എന്നാല്‍ നല്ല ലെങ്തില്‍ പന്തെറിയാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അകത്തേക്കും പുറത്തേക്കും നല്ല ലെങ്ത് കണ്ടെത്തി. അതിന്റെ ഫലമായിരുന്നു മികച്ച പ്രകടനം. അസാമാന്യ മികവ്.'

'ലങ്കന്‍ ബാറ്റര്‍മാരെ അദ്ദേഹം കെണിയില്‍ ചാടിച്ചു. വെറും മൂന്ന് കളികള്‍ കൊണ്ടു അദ്ദേഹം മതിപ്പുളവാക്കുന്ന ബൗളിങ് പുറത്തെടുത്തു. തന്റെ ഊഴത്തിനായി ക്ഷമയോടെ കാത്തിരുന്നു, അവിശ്വസനീയ പ്രകടനം ഷമി പുറത്തെടുക്കുന്നു'- അക്രം ഇന്ത്യന്‍ താരത്തെ പുകഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com