'എനിക്ക് കിട്ടിയത് 365 ദിവസങ്ങള്‍, നിങ്ങള്‍ക്ക് കുറച്ചു ദിവസം മാത്രം; റെക്കോര്‍ഡ് ഉടന്‍ തകര്‍ക്കുമെന്നു പ്രതീക്ഷിക്കുന്നു'

കോഹ്‍ലിയുടെ സെഞ്ച്വറി വന്നത് അദ്ദേഹത്തിന്റെ 35ാം പിറന്നാൾ ദിനത്തിലാണ്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

കൊല്‍ക്കത്ത: 49 ഏകദിന സെഞ്ച്വറികളെന്ന തന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 49ല്‍ നിന്നു 50ല്‍ എത്താന്‍ തനിക്ക് ഒരു വര്‍ഷം വേണ്ടി വന്നു. (ഈയടുത്താണ് സച്ചിന്‍ 50ാം പിറന്നാള്‍ ആഘോഷിച്ചത്) എന്നാല്‍ വിരാട് 49ല്‍ നിന്നു 50ല്‍ കുറച്ച് ദിവസത്തിനുള്ളില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സച്ചിന്റെ രസകരമായ പ്രതികരണം. 

കോഹ്‍ലിയുടെ സെഞ്ച്വറി വന്നത് അദ്ദേഹത്തിന്റെ 35ാം പിറന്നാൾ ദിനത്തിലാണ്. അതുമായി കണക്ട് ചെയ്താണ് തന്റെ 50 പിറന്നാളുമായി ബന്ധപ്പെട്ട അക്കങ്ങൾ നിരത്തിയുള്ള രസകരമായ അഭിനന്ദന കുറിപ്പ്.

'വിരാട് താങ്കള്‍ നന്നായി കളിച്ചു. അഭിനന്ദനങ്ങള്‍. ഈ വര്‍ഷം ആദ്യം 49ല്‍ നിന്നു 50ല്‍ എത്താന്‍ എനിക്ക് 365 ദിവസങ്ങള്‍ വേണ്ടി വന്നു. താങ്കള്‍ 49ല്‍ നിന്നു 50 ലേക്ക് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എത്തി എന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.' 

മൂന്ന് ഇന്നിങ്സുകളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടാണ് വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സിലെ മണ്ണില്‍ കോഹ്‌ലി ചരിത്ര സെഞ്ച്വറി സ്വന്തമാക്കിയത്. ഏകദിനത്തില്‍ 49 സെഞ്ച്വറികളെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടത്തിനൊപ്പം വിരാട് കോഹ്ലി തന്റെ പേരും എഴുതി ചേര്‍ത്തു. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ 119 പന്തില്‍ 100 റണ്‍സെടുത്താണ് കോഹ്ലി റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തിയത്. 10 ഫോറുകള്‍ സഹിതമായിരുന്നു അനുപമ ഇന്നിങ്സ്. 

35ാം പിറന്നാള്‍ ദിനത്തിലാണ് ഉജ്ജ്വല നാഴികക്കല്ലില്‍ തന്റെ പേരും കോഹ്ലി എഴുതി ചേര്‍ത്തത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരമെന്ന അനുപമ റെക്കോര്‍ഡിനു തൊട്ടരികില്‍ കോഹ്ലി എത്തി. ഈ ലോകകപ്പില്‍ തന്നെ അതു സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com