ബാറ്റിങ് വന്യതയ്ക്ക് കുരുക്കിട്ട് ജഡേജ; സ്പിന്നില്‍ കറങ്ങി ദക്ഷിണാഫ്രിക്ക വീണു, 100 പോലും കടന്നില്ല! 

243 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ പിടിച്ചത്. 327 റണ്‍സാണ് ഇന്ത്യ പ്രോട്ടീസിന് ലക്ഷ്യം നല്‍കിയത്
പിടിഐ ചിത്രം
പിടിഐ ചിത്രം

കൊല്‍ക്കത്ത: ഈ ലോകകപ്പില്‍ എതിരാളികള്‍ക്കു മേല്‍ ബാറ്റിങ് വന്യതയുടെ കരുത്തു മുഴുവന്‍ കാണിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ സ്പിന്‍ കുരുക്കില്‍ വീഴ്ത്തി ഇന്ത്യയുടെ അപരാജിത മുന്നേറ്റം. എട്ടില്‍ എട്ടും ജയിച്ച് ഇന്ത്യ കരുത്തോടെ കിരീട പ്രതീക്ഷ സജീവമാക്കി. 

243 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ പിടിച്ചത്. 327 റണ്‍സാണ് ഇന്ത്യ പ്രോട്ടീസിന് ലക്ഷ്യം നല്‍കിയത്. അവരുടെ പോരാട്ടം വെറും 83 റണ്‍സില്‍ അവസാനിപ്പിച്ചു. 27.1 ഓവര്‍ മാത്രമാണ് ബാറ്റര്‍മാര്‍ ക്രീസില്‍ നിന്നത്. 

ഇന്ത്യക്കായി രവീന്ദ്ര ജഡേജയാണ് ഇത്തവണ മാരകമായി പന്തെറിഞ്ഞത്. താരം ഒന്‍പതോവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ പിഴുതു.  പിന്നാലെ എത്തിയ കുല്‍ദീപ് യാദവ് 5.1 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റത്തിനു തിരശ്ശീലയിട്ടു. മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു. 

ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മികച്ച സ്‌കോര്‍ വച്ച ഇന്ത്യ ബൗളിങിലും പിടിമുറുക്കുന്നു. 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ മിന്നും ഫോമിലുള്ള അഞ്ച് ബാറ്റര്‍മാരെ കൂടാരം കയറ്റി ഇന്ത്യന്‍ ബൗളര്‍മാര്‍. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും പ്രോട്ടീസിന്റെ മുനിരയെ തകര്‍ത്തത്. മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

ക്വിന്റന്‍ ഡി കോക്ക് (5), ടെംബ ബവുമ (11), റസ്സി വാന്‍ ഡര്‍ ഡുസന്‍ (13), എയ്ഡന്‍ മാര്‍ക്രം (9), ഹെയ്ന്റിച് ക്ലാസന്‍ (1) എന്നിവരാണ് പുറത്തായത്. ക്വിന്റന്‍ ഡി കോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് സിറാജ് ദക്ഷിണാഫ്രിക്കന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 

ഡേവിഡ് മില്ലര്‍ (11) പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. 30 പന്തുകള്‍ പ്രതിരോധിച്ചു ക്രീസില്‍ നിന്നു 14 റണ്‍സെടുത്ത മാര്‍ക്കോ ജന്‍സനാണ് ടോപ് സ്‌കോറര്‍. കേശവ് മഹാരാജ് (7), കഗിസോ റബാഡ (6), ലുന്‍ഗി എന്‍ഗിഡി (0) എന്നിവരാണ് പറത്തായ മറ്റ് താരങ്ങള്‍. ടബ്‌രിസ് ഷംസി (4) പുറത്താകാതെ നിന്നു. 

ചരിത്ര സെഞ്ച്വറിയുടെ രാവ്

വിരാട് കോഹ്‌ലിയുടെ ചരിത്ര സെഞ്ച്വറിക്ക് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷി. പുറത്താകെ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ച് കോഹ്‌ലി കൊല്‍ക്കത്തന്‍ സായാഹ്നത്തെ ജ്വലിപ്പിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 327 റണ്‍സ്. 

121 പന്തുകള്‍ നേരിട്ട് പത്ത് ഫോറുകളുടെ അകമ്പടിയില്‍ കോഹ്‌ലി 101 റണ്‍സുമായി പുറത്താകാതെ നിന്നു. 35ാം പിറന്നാള്‍ ദിനത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുലക്കര്‍ സ്ഥാപിച്ച 49 ഏകദിന സെഞ്ച്വറികളുടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഇനി കോഹ്‌ലിയുടെ പേരും. 

35ാം പിറന്നാള്‍ ദിനത്തിലാണ് ഉജ്ജ്വല നാഴികക്കല്ലില്‍ തന്റെ പേരും കോഹ്‌ലി എഴുതി ചേര്‍ത്തത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരമെന്ന അനുപമ റെക്കോര്‍ഡിനു തൊട്ടരികില്‍ കോഹ്‌ലി എത്തി. ഈ ലോകകപ്പില്‍ തന്നെ അതു സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

കോഹ്‌ലിക്കൊപ്പം 15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. താരത്തിന്റെ കൂറ്റനടികളാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. 

ടോസ് നേടി ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (24 പന്തില്‍ 40), ശുഭ്മാന്‍ ഗില്‍ (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്. രോഹിതിനെ റബാഡയും ഗില്ലിനെ കേശവ് മഹാരാജുമാണ് പുറത്താക്കിയത്. ഇരുവരും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. പ്രത്യേകിച്ച് രോഹിത്. താരം 24 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് 40 റണ്‍സ് വാരിയത്. ഗില്‍ നാല് ഫോറും ഒരു സിക്‌സും പറത്തി.

ശ്രേയസ് പുറത്തായതിനു പിന്നാലെ എത്തിയ കെഎല്‍ രാഹുല്‍ എട്ട് റണ്‍സുമായി മടങ്ങി. മാര്‍ക്കോ ജന്‍സനാണ് രാഹുലിനെ പുറത്താക്കിയത്. 

പിന്നാലെ എത്തിയ സൂര്യ കുമാര്‍ യാദവ് മികച്ച ബാറ്റിങുമായി കളം നിറഞ്ഞെങ്കിലും അധികം ആയുസുണ്ടായില്ല. താരം 13 പന്തില്‍ 22 റണ്‍സെടുത്തു. അഞ്ച് ഫോറുകള്‍ സഹിതമായിരുന്നു ഇന്നിങ്‌സ്. ടബ്‌രിസ് ഷംസിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് ഉജ്ജ്വല ക്യാച്ചിലൂടെ സൂര്യകുമാറിനെ മടക്കി. 

നേരത്തെ അര്‍ധ സെഞ്ച്വറിയുമായി കോഹ്‌ലിക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് ശ്രേയസ് അയ്യര്‍ മടങ്ങിയത്. താരം 87 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 77 റണ്‍സെടുത്തു. ലുന്‍ഗി എന്‍ഗിഡിക്കാണ് വിക്കറ്റ്. മൂന്നാം വിക്കറ്റില്‍ കോഹ്‌ലി- ശ്രേയസ് സഖ്യം 134 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com