പ്രതിരോധത്തിന്റെ 'തീക്ഷണ'ത; ലങ്ക ഉയര്‍ത്തി 171 റണ്‍സ്, അതിവേഗം ജയിക്കാന്‍ കിവികള്‍

അവസാന ഘട്ടത്തില്‍ 91 പന്തുകള്‍ ചെറുത്ത് 38 റണ്‍സാണ് തീക്ഷണ ചേര്‍ത്തത്. തീക്ഷണ പുറത്താകാതെ നിന്നു. താരത്തെ പിന്തുണച്ച മധുഷങ്ക 48 പന്തുകള്‍ നേരിട്ട് 19 റണ്‍സെടുത്തു
പിടിഐ ചിത്രം
പിടിഐ ചിത്രം

ബംഗളൂരു: ഒന്‍പതാമനായി ക്രീസിലെത്തിയ സ്പിന്നര്‍ മഹീഷ് തീക്ഷണയ്ക്കും അവസാന ബാറ്റര്‍ ദില്‍ഷന്‍ മധുഷങ്കയ്ക്കും ശ്രീലങ്ക നന്ദി പറയും. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ സ്‌കോര്‍ 150ന് മുകളിലേക്ക് എത്തിച്ചത് ഇരുവരുടേയും പ്രതിരോധം. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ സ്വന്തമാക്കിയത് 171 റണ്‍സ്. സെമി ബര്‍ത്ത് ഉറപ്പിക്കാന്‍ അതിവേഗം സ്‌കോര്‍ ചെയ്‌സ് ചെയ്തു പിടിക്കാനായിരിക്കും കിവികള്‍ നോക്കുന്നത്. അവരുടെ ലക്ഷ്യം 172 റണ്‍സ്. 

അവസാന ഘട്ടത്തില്‍ 91 പന്തുകള്‍ ചെറുത്ത് 38 റണ്‍സാണ് തീക്ഷണ ചേര്‍ത്തത്. തീക്ഷണ പുറത്താകാതെ നിന്നു. താരത്തെ പിന്തുണച്ച മധുഷങ്ക 48 പന്തുകള്‍ നേരിട്ട് 19 റണ്‍സെടുത്തു. 

ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് അതിവേഗ അര്‍ധ ശതകം നേടി ഒരറ്റത്ത് കുശാല്‍ പെരേര മികച്ച തുടക്കമിട്ടെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ ക്ഷണം കൊഴിഞ്ഞത് അവരെ വെട്ടിലാക്കി. ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

22 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ പെരേര, ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 28 പന്തില്‍ 51 റണ്‍സെടുത്തു മടങ്ങി. പിന്നീടെത്തിയ ആഞ്ചലോ മാത്യൂസ് (16), ധനഞ്ജയ ഡി സില്‍വ (19) എന്നിവര്‍ ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും അധികം നീണ്ടില്ല. 

105 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. തീക്ഷണ 68 പന്തുകള്‍ ചെറുത്തു താരം 28 റണ്‍സെടുത്തു. അവസാന ബാറ്റര്‍ ദില്‍ഷന്‍ മധുഷങ്കയും കിവി പന്തുകള്‍ സമര്‍ഥമായി പ്രതിരോധിച്ചു. താരം 10 റണ്‍സുമായി പുറത്താകാതെ നിന്നു. 

തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ട്രെന്റ് ബോള്‍ട്ട് മുന്‍നിരയെ അരിഞ്ഞിട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടു പോയ ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ എന്നിവരെ തുടരെ മടക്കി മിച്ചല്‍ സാന്റ്‌നര്‍ അവരുടെ പ്രതീക്ഷകളെ തകര്‍ത്തു.

തുടക്കത്തില്‍ ഒരറ്റത്ത് ഓപ്പണര്‍ കുശാല്‍ പെരേര തകര്‍ത്തടിക്കുമ്പോഴാണ് മറുഭാഗത്ത് നാല് വിക്കറ്റുകള്‍ നിലം പൊത്തിയത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റെ ബൗളിങാണ് ശ്രീലങ്കയെ തുടക്കത്തില്‍ തന്നെ വെട്ടിലാക്കിയത്.  

ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ പതും നിസ്സങ്കയെ പുറത്താക്കി ടിം സൗത്തിയാണ് ലങ്കന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. താരം രണ്ട് റണ്ണുമായി മടങ്ങി. 

പിന്നാലെ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് (6), സദീര സമരവിക്രമ (1), ചരിത അസലങ്ക (8) എന്നിവരെ ബോള്‍ട്ടും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ചമിക കരുണരത്‌നെ (6), ദുഷ്മന്ത ചമീര (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സാന്റ്‌നര്‍, ഫെര്‍ഗൂസന്‍, ചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. സൗത്തി, ഒരു വിക്കറ്റെടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com