'ടൈംഡ് ഔട്ട് വേണ്ടിയിരുന്നില്ല'- ബംഗ്ലാദേശ് ടീമിനൊപ്പം ഇനി പ്രവര്‍ത്തിക്കില്ല, ഡൊണാള്‍ഡ് പടിയിറങ്ങുന്നു

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസമാണ് തീരുമാനം വേഗത്തിലാക്കാന്‍ കാരണമായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പുനെ: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലക സ്ഥാനത്തു നിന്നു ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പേസര്‍ അല്ലന്‍ ഡൊണാള്‍ഡ് പടിയിറങ്ങുന്നു. ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനവും ഒപ്പം ടൈംഡ് ഔട്ട് വിവാദവുമാണ് പെട്ടെന്നുള്ള പടിയിറക്കത്തില്‍ കലാശിച്ചത്. ടൈംഡ് ഔട്ടില്‍ ഉറച്ചു നിന്ന ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്റെ കടുപ്പിച്ചുള്ള തീരുമാനം ക്രിക്കറ്റിന്റെ മാന്യതയ്ക്കു യോജിച്ചതല്ലെന്നു പരക്കെ അഭിപ്രായം ഉയര്‍ന്നിരുന്നു. സമാന നിലപാടായിരുന്നു വിഷയത്തില്‍ ഡൊണാള്‍ഡും എടുത്തത്. 

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസമാണ് തീരുമാനം വേഗത്തിലാക്കാന്‍ കാരണമായത്. ടൈംഡ് ഔട്ട് വിവാദത്തില്‍ ബംഗ്ലാദേശ് നായകന്‍ ഷാകിബിന്റെ നിലപാടിനെ ഡൊണാള്‍ഡ് ചോദ്യം ചെയ്തിരുന്നു. വ്യക്തി എന്ന നിലയിലും ക്രിക്കറ്റ് താരമെന്ന നിലയിലും തന്റെ നിലപാടിനു യോജിച്ചതല്ല ശ്രീലങ്കക്കെതിരെ കണ്ടത്. അത്രയും മികച്ച രീതിയില്‍ ബംഗ്ലാദേശ് കളിച്ചപ്പോള്‍ ഇത്തരമൊരു വിവാദം ആവശ്യമുണ്ടായിരുന്നില്ലെന്നും ഡൊണാള്‍ഡ് വ്യക്തമാക്കി. 

ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുകയാണ്. അതിനിടെയാണ് സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനം. ഈ മത്സരത്തോടെ മുന്‍ താരം ടീമിന്റെ പരിശീലക സ്ഥാനം ഒഴിയും. 

ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ ഹെല്‍മറ്റിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ക്രീസിലെത്താന്‍ ആഞ്ചലോ മാത്യൂസ് വൈകിയതോടെ ബംഗ്ലാദേശ് ടീം അപ്പീല്‍ ചെയ്യുകയായിരുന്നു. ഒരു ബാറ്റര്‍ ഔട്ടായാല്‍ അടുത്ത ബാറ്റര്‍ ക്രീസിലെത്താന്‍ രണ്ട് മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഈ സമയം പാലിച്ചില്ലെങ്കില്‍ എതിര്‍ ടീമിനു അപ്പീല്‍ ചെയ്യാം. അമ്പയര്‍മാര്‍ ബംഗ്ലാ നായകന്‍ ഷാകിബ് അല്‍ ഹസനോടു അപ്പീല്‍ പിന്‍വലിക്കാന്‍ ഉദ്ദേശമുണ്ടോ എന്നു രണ്ട് തവണ അന്വേഷിച്ചപ്പോഴും താരം ഇല്ലെന്നു വ്യക്തമാക്കി. ഇതോടെ ക്രിക്കറ്റിന്റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ടൈംഡ് ഔട്ടാകുന്ന താരമായി മാത്യൂസ് മാറി.

പിന്നാലെ വലിയ വിവാദവും ചര്‍ച്ചകളുമാണ് ക്രിക്കറ്റ് ലോകത്ത് നടന്നത്. തന്റെ 15 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ഇത്രയും നെറികെട്ട ഒരു ടീമിനെ കണ്ടിട്ടില്ലെന്നായിരുന്നു മാത്യൂസിന്റെ തുറന്നടിക്കല്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com