സര്‍ക്കാര്‍ ഇടപെടല്‍ ചട്ട ലംഘനം; ശ്രീലങ്കന്‍ ക്രിക്കറ്റിനെ വിലക്കി ഐസിസി

ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ ഇടപെട്ട് പിരിച്ചു വിട്ടിരുന്നു. ഇതാണ് ഐസിസി നടപടിക്ക് കാരണം
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Published on
Updated on

ദുബൈ: ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കി ഐസിസി. ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് ഇരട്ട പ്രഹരമായി അംഗത്വ വിലക്കും വന്നിരിക്കുന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഐസിസി അടിയന്തര നടപടിയായി ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്തത്. 

ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ ഇടപെട്ട് പിരിച്ചു വിട്ടിരുന്നു. ഇതാണ് ഐസിസി നടപടിക്ക് കാരണം. ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകരുത് എന്നാണ് ഐസിസി ചട്ടം. 

ഐസിസി ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നാണ് സസ്‌പെന്‍ഷന്‍ തീരുമാനത്തില്‍ എത്തിയത്. ക്രിക്കറ്റ് ബോര്‍ഡ് ഐസിസി അംഗമായിരിക്കെ നിയമം ലംഘിക്കുന്നത് ഗുരുതരമായ വിഷയമാണെന്നു യോഗം വിലയിരുത്തി. ബോര്‍ഡിന്റെ ഭരണം സ്വയംഭരണാധികാരത്തോടെ കൈകാര്യം ചെയ്യുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടു. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെന്നു ഉറപ്പാക്കാന്‍ ബോര്‍ഡിനു ബാധ്യതയുണ്ടെന്നും ഐസിസി യോഗം വിലയിരുത്തി. 

അതേസമയം ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട നടപടി കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പുറത്താക്കിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബോര്‍ഡ് പുനഃസ്ഥാപിച്ചത്. 

ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ശ്രീലങ്കന്‍ കായിക മന്ത്രി റോഷന്‍ രണസിംഗെയാണ് നടപടിയെടുത്തത്. ഇന്ത്യയോട് 302 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടപടി. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചു വിട്ട സര്‍ക്കാര്‍, മുന്‍ നായകന്‍ അര്‍ജുന രണതുംഗെയുടെ നേതൃത്വത്തില്‍ ഇടക്കാല ഭരണസമിതിയെയും നിയോഗിച്ചിരുന്നു. 

എന്നാല്‍ ഇതിനെതിരെ ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വ കോടതിയെ സമീപിക്കുകയായിരുന്നു. സില്‍വ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി സര്‍ക്കാര്‍ നടപടി റദ്ദാക്കി പഴയ ബോര്‍ഡ് പുനഃസ്ഥാപിച്ചത്. 

ബോര്‍ഡിന്റെ പുനഃസ്ഥാപനം രണ്ടാഴ്ചയിലേക്കാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. 

ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ഭാരവാഹികളോട് ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കാന്‍ ലങ്കന്‍ കായിക മന്ത്രി നിര്‍ദേശം നല്‍കിയത്. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയായിരുന്നു നടപടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com