132 പന്തില്‍ 177 നോട്ടൗട്ട്; തീപ്പൊരി മാര്‍ഷ്; അനായാസം ഓസ്‌ട്രേലിയ

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് കണ്ടെത്തിയത്
മാര്‍ഷ് / പിടിഐ
മാര്‍ഷ് / പിടിഐ

പുനെ: ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ അനായാസ വിജയവുമായി ഓസ്‌ട്രേലിയ. സെമി നേരത്തെ ഉറപ്പിച്ച അവര്‍ക്ക് അവസാന നാലിലെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടു ആത്മവിശ്വാസത്തോടെ എതിരിടാനുള്ള കരുത്താണ് വിജയം സമ്മാനിക്കുന്നത്. എട്ട് വിക്കറ്റിനാണ് അവര്‍ വിജയിച്ചത്. ബംഗ്ലാദേശ് നേരത്തെ തന്നെ പുറത്തായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് കണ്ടെത്തിയത്. വിജയം തേടിയിറങ്ങിയ ഓസീസ് 44.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 

132 പന്തില്‍ 17 ഫോറും ഒന്‍പത് കൂറ്റന്‍ സിക്‌സുകളുമായി 177 റണ്‍സ് അടിച്ചുകൂട്ടിയ മിച്ചല്‍ മാര്‍ഷിന്റെ തീപ്പൊരി ബാറ്റിങാണ് ഓസീസ് ജയം അനായാസമാക്കിയത്. താരം 87 പന്തില്‍ സെഞ്ച്വറിയടിച്ചു. 

മാര്‍ഷ് സെഞ്ച്വറി നേടിയപ്പോള്‍ സ്റ്റീവ് സ്മിത്ത് അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. താരം 64 പന്തില്‍ നാല് ഫോറും ഒരു സ്‌കിസും സഹിതം 63 റണ്‍സ് കണ്ടെത്തി. ഇരുവരും ചേര്‍ന്നു പിരിയാത്ത മൂന്നാം വിക്കറ്റില്‍ 175 റണ്‍സ് ചേര്‍ത്താണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. 

ഓപ്പണര്‍ ഡേവിഡ് വാര്‍ണറും അര്‍ധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. സഹ ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിന്റെ വിക്കറ്റാണ് ഓസീസിനു ആദ്യം നഷ്ടമായത്. താരം 10 റണ്‍സുമായി മടങ്ങി. പിന്നീട് മാര്‍ഷിനെ കൂട്ടുപിടിച്ച് വാര്‍ണര്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് മടങ്ങിയത്. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 120 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അവര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് ചേര്‍ത്തു. ടോസ് നേടി ഓസ്ട്രേലിയ ബംഗ്ലാദേശിനെ ബാറ്റിങിനു അയക്കുകയായിരുന്നു. ഷാകിബ് അല്‍ ഹസന്റെ അഭാവത്തില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ടീമിനെ നയിക്കുന്നത്. 

അര്‍ധ സെഞ്ച്വറി നേടിയ തൗഹിത് ഹൃദോയ് (74) ആണ് ടോപ് സ്‌കോറര്‍. മുന്‍നിര ബാറ്റര്‍മാരെല്ലാം ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഷാന്റോ നാല് ഫോറും രണ്ട് സിക്സും പറത്തി. 

തന്‍സിദ് ഹസന്‍, ലിറ്റന്‍ ദാസ് (36), ഷാന്റോ (45), മഹ്മുദുല്ല (32), മുഷ്ഫിഖര്‍ റഹീം (21), മെഹിദി ഹസന്‍ (29) എന്നിവരെല്ലാം മികവ് പുലര്‍ത്തി. മഹ്മുദുല്ല മൂന്ന് സിക്സുകള്‍ തൂക്കി. 

ഓസ്ട്രേലിയക്കായി സീന്‍ അബ്ബോട്ട്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com