മുഹമ്മദ് ഷമി/ പിടിഐ
മുഹമ്മദ് ഷമി/ പിടിഐ

വൈകി വന്നു, വസന്തം തീര്‍ത്തു! ഷമി വാംഖഡെയില്‍ എറിഞ്ഞു വീഴ്ത്തിയ റെക്കോര്‍ഡുകള്‍

ആറ് കളിയില്‍ നിന്നു വീഴ്ത്തിയത് 23 വിക്കറ്റുകള്‍. ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത്

മുംബൈ: ആദ്യ നാല് കളികളിലും പ്ലെയിങ് ഇലവനില്‍ ഇടമില്ലാത്ത താരം. ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനാല്‍ പകരക്കാരനായി കളിക്കാന്‍ അവസരം. ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തി നില്‍ക്കുമ്പോള്‍ ആദ്യ നാല് കളികളും പിന്നീടുള്ള ആറ് കളികളും തമ്മിലുള്ള അന്തരം അയാളാണ്. മുഹമ്മദ് ഷമി. 

ആറ് കളിയില്‍ നിന്നു വീഴ്ത്തിയത് 23 വിക്കറ്റുകള്‍. ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ 9.5 ഓവറില്‍ 57 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ബൗളിങ്. ഷമി റെക്കോര്‍ഡുകളുടെ പെരുമഴയാണ് വാംഖഡെയില്‍ തീര്‍ത്തത്. 

നേട്ടങ്ങള്‍

* ഏകദിന ലോകകപ്പില്‍ 50, അതില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍. മൊത്തം പട്ടികയില്‍ ഏഴാമത്. ഗ്ലെന്‍ മഗ്രാത്ത്, മുത്തയ്യ മുരളീധരന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ലസിത് മലിംഗ, വസിം അക്രം, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് 50നു മുകളില്‍ ലോകകപ്പ് വിക്കറ്റുകള്‍ നേരത്തെ സ്വന്തമാക്കിയവര്‍. 

* ഏറ്റവും വേഗത്തില്‍ ഏകദിന ലോകകപ്പില്‍ 50 വിക്കറ്റുകള്‍. വെറും 17 ഇന്നിങ്‌സുകള്‍ കളിച്ചാണ് താരം 50 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് 19 ഇന്നിങ്‌സുകള്‍ കളിച്ച് നേടിയ റെക്കോര്‍ഡാണ് ഷമി തകര്‍ത്തത്. 

ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 1975ലെ പ്രഥമ ലോകകപ്പിന്റെ സെമിയില്‍ ഓസ്‌ട്രേലിയന്‍ താരം ഗാരി ഗില്‍മോര്‍ 12 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ നേടിയ പ്രകടനമാണ് ഷമി മായ്ച്ചത്. 

ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 4.4 ഓവറില്‍ നാല് റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബിന്നിയുടെ പ്രകടനമാണ് ഷമി പിന്തള്ളിയത്. 

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളര്‍. ഈ നേട്ടത്തിലും പിന്നിലാക്കിയത് ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കിനെ. നാല് തവണയാണ് ഷമി ലോകകപ്പില്‍ അഞ്ച്, അതിനു മുകളില്‍ വിക്കറ്റുകള്‍ നേടുന്നത്. സ്റ്റാര്‍ക്ക് മൂന്ന് തവണയാണ് നേട്ടം സ്വന്തമാക്കിയത്. 

ഒറ്റ ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ റെക്കോര്‍ഡ്. ഗാരി ഗില്‍മോര്‍ (1975), അഷാന്ത ഡെ മെല്‍ (1983), വാസ്‌ബെര്‍ട്ട് ഡ്രാകസ് (2003), ഷാഹിദ് അഫ്രീദി (2011), മുസ്താഫിസുര്‍ റഹ്മാന്‍ (2019) എന്നിവര്‍ രണ്ട് തവണ ഒരു ലോകകപ്പില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. ഈ ലോകകപ്പില്‍ ഷമി മൂന്ന് തവണയാണ് അഞ്ച്, അതിനു മുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. 

ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളര്‍. 23 വിക്കറ്റുകള്‍ നേടി ഷമി സഹീര്‍ ഖാന്‍ 2011ലെ ലോകകപ്പില്‍ സ്ഥാപിച്ച 21 വിക്കറ്റുകളുടെ നേട്ടമാണ് പിന്തള്ളിയത്. 

ന്യൂസിലന്‍ഡിനെതിരെ ഏറ്റവും മികച്ച ഏകദിന ബൗളിങ് ഫിഗറും ഷമിക്ക് സ്വന്തം. മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍ 2002ല്‍ 9 ഓവറില്‍ 16 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. 

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ബൗളിങ് പ്രകടനം. ഏഴ് വിക്കറ്റുകള്‍ ഒറ്റ ലോകകപ്പ് മത്സരത്തില്‍ വീഴ്ത്തുന്ന അഞ്ചാമത്തെ താരം. മഗ്രാത്ത്, ആന്‍ഡി ബിക്കല്‍, ടിം സൗത്തി, വിന്‍സ്റ്റന്‍ ഡേവിസ് എന്നിവരാണ് നേരത്തെ ഏഴ് വിക്കറ്റുകള്‍ നേടിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com