ബിയേല്‍സ മാജിക്കിൽ അര്‍ജന്റീന വീണു; 14 തുടര്‍ ജയങ്ങള്‍ക്ക് വിരാമം കുറിച്ച് ഉറുഗ്വെ

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ ലാറ്റിനമേരിക്കന്‍ പതിപ്പില്‍ അര്‍ജന്റീന ആദ്യ തോല്‍വി അറിഞ്ഞു. ഉറുഗ്വെ അവരെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബ്യൂണസ് അയേഴ്‌സ്: 2022 നവംബര്‍ 22നു സൗദി അറേബ്യയോടു ലോകകപ്പില്‍ ഞെട്ടിക്കുന്ന അട്ടിമറി തോല്‍വി വഴങ്ങിയ ശേഷം അര്‍ജന്റീന തിരിഞ്ഞു നോക്കിയിട്ടില്ല. ലോകകപ്പും നേടി അടുത്ത ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടത്തിലും അപരാജിത മുന്നേറ്റവുമായി അവര്‍ കുതിച്ചു. തുടര്‍ച്ചയായി 14 വിജയങ്ങള്‍. ഒടുവില്‍ ലയണല്‍ മെസിയും സംഘവും തോല്‍വി അറിഞ്ഞു. അതു സ്വന്തം മണ്ണില്‍. 

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ ലാറ്റിനമേരിക്കന്‍ പതിപ്പില്‍ അര്‍ജന്റീന ആദ്യ തോല്‍വി അറിഞ്ഞു. ഉറുഗ്വെ അവരെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി. നാലില്‍ നാല് മത്സരങ്ങളും ജയിച്ച് അഞ്ചാം പോരിനിറങ്ങിയ സ്‌കലോനിയുടെ തന്ത്രങ്ങളെ മുന്‍ അര്‍ജന്റീന പരിശീലകനും വിഖ്യാത കോച്ചുമായ മാഴ്‌സലോ ബിയേല്‍സയുടെ തന്ത്രങ്ങള്‍ വെട്ടിലാക്കുന്ന കാഴ്ചയായിരുന്നു. 

ഇരു പകുതികളില്‍ നേടിയ ഗോളുകളാണ് അര്‍ജന്റീനയുടെ വിധി നിര്‍ണയിച്ചത്. കളിയുടെ 41ാം മിനിറ്റില്‍ റൊണാള്‍ഡോ അരൗജോയും 87ാം മിനിറ്റില്‍ ഡാര്‍വിന്‍ നൂനസും ഉറുഗ്വെയ്ക്കായി വല ചലിപ്പിച്ചു. 

പന്തടക്കത്തിലും പാസിങിലുമൊക്കെ അര്‍ജന്റീന മുന്നില്‍ നിന്നു. 12 ശ്രമങ്ങള്‍ അവര്‍ നടത്തിയപ്പോള്‍ അതില്‍ മൂന്നെണ്ണമായിരുന്നു ഓണ്‍ ടാര്‍ജറ്റ്. ഉറുഗ്വെ ആകട്ടെ ആറ് ശ്രമങ്ങള്‍ നടത്തി. രണ്ട് ഓണ്‍ ടാര്‍ജറ്റ്. രണ്ടും ഗോളാക്കി മാറ്റുകയും ചെയ്തു. 

യോഗ്യതാ പോരില്‍ ഉറുഗ്വെ നേടുന്ന മൂന്നാം ജയമാണിത്. അഞ്ചില്‍ മൂന്ന് ജയവും ഒരോ സമനിലയും തോല്‍വിയുമായി അവര്‍ പട്ടികയില്‍ രണ്ടാമത്. അഞ്ചില്‍ നാല് വിജയങ്ങളുമായി അര്‍ജന്റീന തന്നെ ഒന്നാം സ്ഥാനത്ത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com