'ഒറ്റയ്ക്ക് കളി മാറ്റും... താക്കോല്‍ സ്ഥാനത്തെ ശ്രേയസ് അയ്യര്‍'

അധികം ആഘോഷിക്കപ്പെട്ടില്ലെങ്കിലും ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ജയത്തിന്റെ ആണിക്കല്ല് ശ്രേയസിന്റെ ആ സെഞ്ച്വറിയായിരുന്നു
ശ്രേയസ് അയ്യർ/ പിടിഐ
ശ്രേയസ് അയ്യർ/ പിടിഐ

അഹമ്മദാബാദ്: ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് അപരാജിതരായി മുന്നേറി. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികളായി ഒരിക്കല്‍ കൂടി വരുന്നത്. 2003ലെ ഫൈനല്‍ തോല്‍വിക്ക് പകരം ചോദിക്കാനുള്ള ഇന്ത്യയുടെ അവസരം. 

ഫൈനലിലെത്തിയതോടെ ഇന്ത്യയുടെ സാധ്യതകളും സുപ്രധാന താരങ്ങളെ സംബന്ധിച്ചുള്ള നിരീക്ഷണങ്ങളും പല കോണുകളില്‍ നിന്നു വരുന്നുണ്ട്. ഇപ്പോള്‍ അഭിപ്രായവുമായി എത്തിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ ഓപ്പണറും രണ്ടാം ലോക കിരീടത്തിലേക്ക് ഇന്ത്യയെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ച ഗൗതം ഗംഭീറാണ്. 

'ഇന്ത്യയുടെ മുന്നേറ്റത്തിലെ നിര്‍ണായക സാന്നിധ്യം ശ്രേയസ് അയ്യരുടേതാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഗെയിം ചെയ്ഞ്ചര്‍ അദ്ദേഹമാണെന്നു ഞാന്‍ പറയും. പരിക്കേറ്റ് പുറത്തിരുന്നു പിന്നീടു തന്റെ സ്ഥാനത്തിനായി നന്നായി അധ്വാനിക്കേണ്ടി വന്ന താരമാണ്. മികച്ച ഫോമിലാണ് ലോകകപ്പില്‍ കളിച്ചത്. നോക്കൗട്ടില്‍ 70 പന്തില്‍ നേടിയ സെഞ്ച്വറി തന്നെ മികച്ച ഇന്നിങ്‌സാണ്. മക്‌സ്‌വെല്ലും സാംപയും ഫൈനലില്‍ ബൗള്‍ ചെയ്യുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ബാറ്റ് കൊണ്ടു നിര്‍ണായക പങ്കു വഹിക്കുന്ന പ്രധാന താരവും ശ്രേയസ് ആയിരിക്കും'- ഗംഭീര്‍ പറഞ്ഞു. 

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ജയത്തിന്റെ ആണിക്കല്ല് ശ്രേയസിന്റെ ആ സെഞ്ച്വറിയായിരുന്നു. അധികം ആഘോഷിക്കപ്പെട്ടില്ലെങ്കിലും റണ്‍സ് ചെയ്‌സ് ചെയ്ത് ന്യൂസിലന്‍ഡ് ഒരു ഘട്ടത്തില്‍ ഇന്ത്യയെ വിറപ്പിക്കുകയും ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു അരികില്‍ വരെ എത്തുകയും ചെയ്തു. എട്ട് സിക്‌സുകള്‍ സഹിതം ശ്രേയസ് എടുത്ത അതിവേഗ റണ്‍സാണ് ഇന്ത്യക്ക് വേവലാതി ഇല്ലാതെ മത്സരം കിവികളുടെ കൈയില്‍ നിന്നു മടക്കിയെടുക്കാന്‍ സഹായിച്ചത്. 

ചരിത്രമെഴുതിയാണ് താരം ക്രീസ് വിട്ടത്. സെമിയില്‍ താരം നേടിയത് ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ച്വറിയായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ ശ്രേയസ് ഏഴാം സ്ഥാനത്തും എത്തി. താരം ഇതുവരെയായി 526 റണ്‍സ് സ്വന്തമാക്കി. നാലാം നമ്പറില്‍ ഇറങ്ങി ഒരു ലോകകപ്പ് എഡിഷനില്‍ 500നു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരമെന്ന അപൂര്‍വ നേട്ടമാണ് താരം സ്വന്തമാക്കിയത്. 75.14 ആവറേജ്, 113 സ്‌ട്രൈക്ക് റേറ്റ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com