'ഇന്ത്യക്കെതിരെ, ഫൈനലിലെ ഞങ്ങളുടെ വിജയ മന്ത്രം'- ടീമിന്റെ 'ഡിഎന്‍എ' വെളിപ്പെടുത്തി സ്മിത്ത്

ആദ്യ രണ്ട് മത്സരങ്ങളും തോറ്റിട്ടും അവര്‍ ഇന്ന് ഇന്ത്യയെ നേരിടാന്‍ ഫൈനലില്‍ നില്‍ക്കുന്നു
സ്റ്റീവ് സ്മിത്ത് പരിശീലനത്തിനിടെ/ ട്വിറ്റർ
സ്റ്റീവ് സ്മിത്ത് പരിശീലനത്തിനിടെ/ ട്വിറ്റർ

ആഹമ്മദാബാദ്: ക്രിക്കറ്റിലെ പ്രൊഫഷണലിസമെന്നതിന്റെ അവസാന വാക്കാണ് ഓസ്‌ട്രേലിയ. വലിയ ടൂര്‍ണമെന്റുകളില്‍ വീണു പോയാലും തിരികെ കയറാനുള്ള അവരുടെ ആര്‍ജവം ക്രിക്കറ്റ് ലോകം പലവട്ടം കണ്ടിട്ടുണ്ട്. ഈ ലോകകപ്പ് തന്നെ അതിനു ഉദാഹരണം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റിട്ടും അവര്‍ ഇന്ന് ഇന്ത്യയെ നേരിടാന്‍ ഫൈനലില്‍ നില്‍ക്കുന്നു. ഈ ടൂര്‍ണമെന്റിലെ പത്ത് മത്സരങ്ങള്‍ മാത്രം കണ്ടാല്‍ മതി അവരുടെ മികവറിയാന്‍. 

ഇന്ത്യക്കെതിരായ ഗ്രാന്‍ഡ് ഫിനാലെയില്‍ ഓസ്‌ട്രേലിയയുടെ ഉള്ളിലെന്താണെന്നു പറയുകയാണ് അവരുടെ ബാറ്റിങിന്റെ നട്ടെല്ലായ സ്റ്റീവ് സ്മിത്ത്. നിരാശയില്‍ വീഴാതെ എല്ലായ്‌പ്പോഴും പൊരുതി നില്‍ക്കുക എന്നത് ഓസ്‌ട്രേലിയയുടെ ഡിഎന്‍എയില്‍ ഉള്ളതാണെന്നു പറയുന്നു സ്മിത്ത്. 

'എല്ലായ്‌പ്പോഴും പ്രതീക്ഷയോടെ പൊരുതുക എന്നത് ഓസ്‌ട്രേലിയയുടെ ഡിഎന്‍എ ആണ്. വലിയ വലിയ വെല്ലുവിളികള്‍ നേരിടാന്‍ വ്യക്തിപരമായി ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. സമ്മര്‍ദ്ദങ്ങളെ ഒറ്റക്കെട്ടായി നേരിടുക എന്നതാണ് ഓസ്‌ട്രേലിയയുടെ ഫൈനലിലെ മന്ത്രം. ഇന്ത്യന്‍ ഇലവനെ മാത്രമല്ല ഞങ്ങൾ നേരിടേണ്ടത്, 1,30,000 ത്തിനു മുകളില്‍ ആരാധകരും ഞങ്ങള്‍ക്കെതിരെ ആര്‍പ്പു വിളിക്കാനുണ്ടാകും. ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി അതും സ്വീകരിക്കുക, ആസ്വദിക്കുക'- സ്മിത്ത് വ്യക്തമാക്കി. 

ഇന്ത്യ മൂന്നാം കിരീടവും ഓസ്‌ട്രേലിയ ആറാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കിത് നാലാം ഫൈനല്‍. ഓസ്‌ട്രേലിയക്ക് എട്ടാമത്തേത്. 

1983, 2011 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ രണ്ട് കിരീട നേട്ടങ്ങള്‍. 2003ല്‍ ഫൈനല്‍ കളിച്ചെങ്കിലും ഓസീസിനു മുന്നില്‍ കിരീടം വച്ചു. ആ കണക്ക് 20 വര്‍ഷങ്ങള്‍ക്കിപ്പുറം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. 

1975ല്‍ ഓസ്‌ട്രേലിയ പ്രഥമ ലോകകപ്പിന്റെ ഫൈനലില്‍ കളിച്ചെങ്കിലും അന്ന് വെസ്റ്റ് ഇന്‍ഡീസിനോടു പരാജയപ്പെട്ടു. 1987ല്‍ ഫൈനലിലെത്തി കിരീടം സ്വന്തമാക്കി. 1996ല്‍ വീണ്ടും ഫൈനലില്‍. അന്ന് ശ്രീലങ്കയോടു തോല്‍വി. പിന്നീട് 1999, 2003, 2007 വര്‍ഷങ്ങളില്‍ തുടരെ കിരീടം. അതിനു വിരാമമിട്ടത് ഇന്ത്യ. 2011ല്‍ കിരീടം ധോനിയും സംഘവും നേടി. 2015ല്‍ ഓസ്‌ട്രേലിയ കിരീടം തിരികെ പിടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com