'മിസ്റ്റര്‍ ഡെസ്മണ്ട് ഹെയ്ന്‍സ്... വിന്‍ഡീസ് ടീമില്‍ കളിക്കാനുള്ള മാനദണ്ഡം എന്താണ്?' - സഹോദരനെ തഴഞ്ഞത് ചോദ്യം ചെയ്ത് ഡ്വെയ്ന്‍ ബ്രാവോ

ഡ്വെയ്ന്‍ ബ്രാവോയുടെ സഹോദരനും വിന്‍ഡീസ് താരവുമായ ഡാരന്‍ ബ്രാവോയെ ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് ഡ്വെയ്ന്‍ ബ്രാവോയെ ചൊടിപ്പിച്ചത്
ഡ്വെയ്ൻ, ഡാരൻ ബ്രാവോ സഹോദരൻമാർ/ ഫെയ്സ്ബുക്ക്
ഡ്വെയ്ൻ, ഡാരൻ ബ്രാവോ സഹോദരൻമാർ/ ഫെയ്സ്ബുക്ക്

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇതിഹാസ താരം ഡ്വെയ്ന്‍ ബ്രാവോ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ 15 അംഗ സംഘത്തെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബ്രാവോയുടെ രൂക്ഷ പ്രതികരണം. 

ഡ്വെയ്ന്‍ ബ്രാവോയുടെ സഹോദരനും വിന്‍ഡീസ് താരവുമായ ഡാരന്‍ ബ്രാവോയെ ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് ഡ്വെയ്ന്‍ ബ്രാവോയെ ചൊടിപ്പിച്ചത്. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡം എന്താണെന്നു ഡ്വെയ്ന്‍ ബ്രാവോ ചോദിക്കുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി തന്റെ സഹോദരന്‍ മികച്ച പ്രകടനം നടത്തിയിട്ടും ടീമിലേക്ക് എന്തുകൊണ്ടു പരിഗണിക്കപ്പെടുന്നില്ല എന്നാണ് ഡ്വെയ്ന്‍ ബ്രാവോ ചോദിക്കുന്നത്. ദീര്‍ഘമായ കുറിപ്പോടെ താരം ഇന്‍സ്റ്റയില്‍ ഇക്കാര്യങ്ങള്‍ ചോദിച്ച് പോസ്റ്റിട്ടു. 

'എന്റെ സഹോദരന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ എനിക്ക് ആശ്ചര്യം ഒട്ടും തോന്നുന്നില്ല. സമീപ കാലത്ത് വിന്‍ഡീസ് ക്രിക്കറ്റിന്റെ തലപ്പത്തു വന്ന മാറ്റങ്ങളില്‍ എനിക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ടീം സെലക്ഷന്‍ ഒട്ടും യോജിക്കാന്‍ സാധിക്കുന്നതല്ല.' 

'എന്റെ ചോദ്യങ്ങള്‍ ഇതാണ്. വെസ്റ്റ് ഇന്‍ഡീസ് ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്താണ്. തീര്‍ച്ചയായും പ്രകടനം മാത്രം അടിസ്ഥാനമാക്കിയല്ലേ ടീമിനെ തിരഞ്ഞെടുക്കുന്നത്.' 

'എന്റെ സഹോദരന്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി മികച്ച പ്രകടനം നടത്തുന്നു. ഈയടുത്ത് നടന്ന ടൂര്‍ണമെന്റില്‍ 400നു മുകളില്‍ റണ്‍സെടുത്തു. ബാറ്റിങ് ശരാശരി 83.2. സ്‌ട്രൈക്ക് റേറ്റ് 92. കളിക്കാര്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്നു കുറച്ചുകൂടി സത്യസന്ധമായ സമീപനം ആഗ്രഹിക്കുന്നു. ഇത്തരം പ്രീണന നയങ്ങള്‍ക്ക് എന്നാണ് അവസാനം ഉണ്ടാകുക.' 

'മിസ്റ്റര്‍ ഡെസ്മണ്ട് ഹെയ്ന്‍സ്, നിങ്ങളുടെ പ്രസ്താവന എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല. സ്വന്തം അത്താഴം മുടങ്ങരുതെന്ന മുന്‍ താരത്തിന്റെ മാനസികാവസ്ഥയായി മാത്രം അതിനെ ഞാന്‍ മനസിലാക്കുന്നു. താങ്കളും ഡാരന്‍ സമ്മിയെ പോലുള്ള മുന്‍ താരങ്ങളുടെ വരവും എനിക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. സിസ്റ്റം നേരായ വഴിയിലേക്ക് വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ സിസ്റ്റവും പരാജയമാണ്.' 

'ഡാരന്‍, ഈ സമയവും കടന്നു പോകും. നീ തല ഉയര്‍ത്തി തന്നെ നില്‍ക്കുക. സര്‍വ ശക്തനില്‍ വിശ്വാസം അര്‍പ്പിക്കുക.' 

'ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ താരങ്ങള്‍ക്കും എന്റെ ആശംസകള്‍. ജോണ്‍ ഒട്ട്‌ലി, ഷെര്‍ഫന്‍ റുതര്‍ഫോര്‍ഡ്, ഷെയ്ന്‍ ഡോവ്‌റിച് എന്നിവരെ ടീമില്‍ കാണുന്നതില്‍ ആവേശം തരുന്നു. സുഹൃത്തുക്കളെ നിങ്ങള്‍ക്ക് വിജയം ആശംസിക്കുന്നു'- താരം പോസ്റ്റില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com