'ഞാന്‍ ഫോമില്‍ പന്തെറിയുന്നത് പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ദഹിക്കുന്നില്ല'

പാകിസ്ഥാന്‍ മുന്‍ താരങ്ങള്‍ ഇന്ത്യക്കെതിരെ നടത്തിയ പ്രസ്താവനയാണ് ഷമിയെ ചൊടിപ്പിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലഖ്‌നൗ: പാകിസ്ഥാന്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യയുടെ ലോകകപ്പ് ഹീറോ മുഹമ്മദ് ഷമി. ലോകകപ്പില്‍ ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ച് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമായി ഷമി ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ലോകകപ്പിനിടെയുണ്ടായ, പ്രത്യേകിച്ച് പാകിസ്ഥാന്‍ മുന്‍ താരങ്ങള്‍ ഇന്ത്യക്കെതിരെ നടത്തിയ പ്രസ്താവനയാണ് ഷമിയെ ചൊടിപ്പിച്ചത്.

'എനിക്ക് ഒരു താരങ്ങളോടും അസൂയ ഇല്ല. ഞാന്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ അതേ സമയത്തു തന്നെ ഒരു പത്ത് ബൗളര്‍മാര്‍ ഇത്രയും മികച്ച പ്രകടനം നടത്തട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവരുടെ വിജയം ആഘോഷിക്കാന്‍ നിങ്ങള്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ മികച്ച കളിക്കാരനായും സ്വയം അടയാളപ്പെടുത്തുന്നു.' 

'കഴിഞ്ഞ കുറച്ചു ദിവസമായി ഞാന്‍ പലതും കേള്‍ക്കുന്നു. എന്നെ ആദ്യമായി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഞാന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. പിന്നെ നാല്, അടുത്ത കളിയില്‍ അഞ്ച്. ചില പാകിസ്ഥാന്‍ താരങ്ങള്‍ക്ക് എന്റെ മികവ് അത്ര ദഹിച്ചിട്ടില്ല. അവര്‍ മാത്രമാണ് മികച്ചത് എന്നാണ് അവര്‍ സ്വയം കരുതുന്നത്. ടീമിനു വേണ്ട സമയത്ത് മികവ് പുറത്തെടുക്കുന്നത് ആരാണോ അയാളാണ് മികച്ച താരം എന്നാണ് എന്റെ കാഴ്ചപ്പാട്.'

ഇന്ത്യക്ക് മാത്രം വ്യത്യസ്ത പന്തുകള്‍ ലോകകപ്പില്‍ ഐസിസി നല്‍കുന്നുവെന്ന ഗുരുതര ആരോപണം മുന്‍ പാക് താരം ഹസന്‍ റാസ ഉന്നയിച്ചിരുന്നു. ഇതിനെതിരെയും ഷമി തിരിച്ചടിച്ചു. 

'അനാവശ്യ വിവാദം സൃഷ്ടിക്കുക മാത്രമാണ് ഇത്തരം കാര്യങ്ങള്‍ കൊണ്ടു സംഭവിക്കുന്നത്. ഒരു പന്ത് എങ്ങനെയാണ് പോരാട്ടത്തിനായി തിരഞ്ഞെടുക്കുന്നത് എന്നു വസിം (അക്രം) ഭായ് കൃത്യമായി പറയുന്നുണ്ട്. ക്രിക്കറ്റ് കളിക്കാത്ത ആളുകള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നുണ്ടെങ്കില്‍ മനസിലാക്കാം. എന്നാല്‍ ഒരു മുന്‍ കളിക്കാരന്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്താതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം'- ഷമി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com