പന്ത് പിടിച്ചപ്പോള്‍ ബൗളറുടെ കൈയില്‍ ടവല്‍; അഞ്ച് റണ്‍സ് പെനാല്‍റ്റി! (വീഡിയോ)

മത്സരത്തില്‍ ബൗള്‍ ചെയ്ത അമേലിയ കെര്‍, ഫീല്‍ഡര്‍ എറിഞ്ഞ പന്ത് ടവല്‍ കൈയില്‍ വച്ച് പിടിച്ചതാണ് പെനാല്‍റ്റിയിലേക്ക് നയിച്ചത്
അമേലിയ ടവൽ ഉപയോ​ഗിച്ച് പന്ത് പിടിക്കുന്നു. അമ്പയർ പെനാൽറ്റി വിധിക്കുമ്പോൾ അമ്പരപ്പോടെ നിൽക്കുന്ന അമേലിയ (വീഡിയോ ദൃശ്യം)
അമേലിയ ടവൽ ഉപയോ​ഗിച്ച് പന്ത് പിടിക്കുന്നു. അമ്പയർ പെനാൽറ്റി വിധിക്കുമ്പോൾ അമ്പരപ്പോടെ നിൽക്കുന്ന അമേലിയ (വീഡിയോ ദൃശ്യം)

സിഡ്‌നി: വനിതാ ബിഗ് ബാഷ് ടി20 പോരാട്ടത്തില്‍ പുതിയ വിവാദം. പെനാല്‍റ്റിയായി അഞ്ച് റണ്‍സ് വിധിച്ച അമ്പയറുടെ നടപടിയാണ് വിവാദത്തിനടിസ്ഥാനം. സിഡ്‌നി സിക്‌സേഴ്‌സും ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ബ്രിസ്‌ബെയ്ന്‍ താരം അമേലിയ കെറിന്റെ നടപടിയാണ് പെനാല്‍റ്റിയിലേക്ക് നയിച്ചത്. മത്സരത്തില്‍ ബ്രിസ്‌ബെയ്ന്‍ തോല്‍വിയും ഏറ്റുവാങ്ങി. ആറ് വിക്കറ്റിനാണ് ബ്രിസ്‌ബെയ്ന്‍ തോല്‍വി വഴങ്ങിയത്.

മത്സരത്തില്‍ ബൗള്‍ ചെയ്ത അമേലിയ കെര്‍, ഫീല്‍ഡര്‍ എറിഞ്ഞ പന്ത് ടവല്‍ കൈയില്‍ വച്ച് പിടിച്ചതാണ് പെനാല്‍റ്റിയിലേക്ക് നയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബെയ്ന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി പറയാന്‍ ഇറങ്ങിയ സിഡ്‌നി സിക്‌സേഴ്‌സ് ഇന്നിങ്‌സ് പത്താം ഓവറില്‍ എത്തിയപ്പോഴാണ് വിവാദ പെനാല്‍റ്റി. 

സിഡ്‌നി താരം ആഷ്‌ലി ഗാര്‍ഡ്‌നര്‍ ഒരു ഷോട്ട് കളിച്ച് സിംഗിളിനായി ഓടി. അമേലിയയുടെ പന്തിലായിരുന്നു ഈ സിംഗിള്‍. പന്ത് പിടിച്ചെടുത്ത ബ്രിസ്‌ബെയ്ന്‍ ഫീല്‍ഡര്‍ പന്ത് നേരെ അമേലിയക്ക് എറിഞ്ഞു കൊടുക്കുന്നു. ഈ സമയത്താണ് അമേലിയ ടവല്‍ കൈയില്‍ വച്ച് ഫീല്‍ഡര്‍ എറിഞ്ഞ പന്ത് ക്യാച്ച് ചെയ്തത്. തൊട്ടുപിന്നാലെ അമ്പയര്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിക്കുകയും ചെയ്തു. 

കീപ്പര്‍ ഒഴികെയുള്ള ഫീല്‍ഡര്‍മാര്‍ ഗ്ലൗസുകളടക്കമുള്ളവ ധരിക്കാന്‍ പാടില്ലെന്നു മെറില്‍ബോണ്‍ ക്രിക്കറ്റ് കമ്മിറ്റി (എംസിസി)യുടെ നിയമം നിഷ്‌കര്‍ഷിക്കുന്നു. കൈവിരലിനു പരിക്കോ മറ്റോ ഉള്ള ഫീല്‍ഡര്‍മാര്‍ ബാന്‍ഡേജടക്കമുള്ളവ ധരിക്കുന്നുണ്ടെങ്കില്‍ അതിനു ഫീല്‍ഡ് അംപയറുടെ സമ്മതം വാങ്ങണമെന്നും നിയമം പറയുന്നു. 

ഫീല്‍ഡിലുള്ള താരം തന്റെ വസ്ത്ര ഭാഗം, ടവല്‍ എന്നിവ കൊണ്ടു പന്ത് തടുക്കുന്നുണ്ടെങ്കില്‍, ക്യാച്ചെടുക്കുന്നുണ്ടെങ്കില്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിക്കാന്‍ അമ്പയര്‍ക്ക് അധികാരമുണ്ടെന്നും നിയമത്തിലുണ്ട്. 

മത്സത്തില്‍ 64 റണ്‍സെടുത്ത അമേലിയയാണ് ടീമിന്റെ ടോപ് സ്‌കോറര്‍ എന്നതും കൗതുകമായി. സിഡ്‌നി ഒരു പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു വിജയം പിടിച്ചു. ആ പെനാല്‍റ്റിയായി കൊടുത്ത അഞ്ച് റണ്‍സ് കളിയില്‍ നിര്‍ണായകമായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com