'ഇത് മൂന്നാം ലോകകപ്പ്... ഒഴിവാക്കലുകള്‍ ഇപ്പോള്‍ ശീലം'- യുസ്‌വേന്ദ്ര ചഹല്‍

ഒരു പരാതിയും ഇല്ലെന്നും കഠിനാധ്വാനം ചെയ്യാന്‍ ഉറച്ച് മുന്നോട്ടു തന്നെ പോകുമെന്നും അര്‍ഥാശങ്കയ്ക്ക് ഇടയില്ലാതെ ചഹല്‍ തറപ്പിക്കുന്നു
ചഹല്‍/ എഎഫ്പി
ചഹല്‍/ എഎഫ്പി

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ലെഗ് സ്പിന്നറായ യുസ്‌വേന്ദ്ര ചഹലിനെ ഉള്‍പ്പെടുത്താഞ്ഞത് ക്രിക്കറ്റ് ലോകത്ത് അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. മുന്‍ താരങ്ങളില്‍ പലരും ഇതിനെ വിമര്‍ശിക്കുകയും ചെയ്തു. ലോകകപ്പില്‍ ഇന്ത്യ വലിയ വില ഇക്കാര്യത്തില്‍ നല്‍കേണ്ടി വരുമെന്നു മുന്‍ സ്പിന്നര്‍മാരാടക്കമുള്ള താരങ്ങള്‍ പ്രതികരിച്ചു. 

എന്നാല്‍ ചഹല്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണകളാണ് പങ്കിടുന്നത്. തനിക്കു ഒരു പരാതിയും ഇല്ലെന്നും കഠിനാധ്വാനം ചെയ്യാന്‍ ഉറച്ച് മുന്നോട്ടു തന്നെ പോകുമെന്നും അര്‍ഥാശങ്കയ്ക്ക് ഇടയില്ലാതെ ചഹല്‍ തറപ്പിക്കുന്നു.

'ഇത് ലോകകപ്പാണ്. 15 കളിക്കാര്‍ക്ക് മാത്രമേ ഭാഗമാകാന്‍ സാധിക്കു. 17, 18 കളിക്കാരെയൊന്നും ടീമിലേക്ക് പരിഗണിക്കാന്‍ സാധിക്കില്ലല്ലോ. എനിക്ക് വിഷമമുണ്ട്. സത്യമാണ്. എന്നാല്‍ എന്റെ ലക്ഷ്യം കൂടുതല്‍ മികവ് കൊണ്ടു വരാനുള്ള ശ്രമം തുടരുക എന്നതാണ്. അതിനായി മുന്നോട്ടു പോകും. ഇത്തരം ഒഴിവാക്കലുകള്‍ എനിക്കു ശീലമാണ്. ഇത് മൂന്നാം ലോകകപ്പാണ്...'

'ഇന്ത്യന്‍ ടീമിലെ മറ്റ് സ്പിന്നര്‍മാരുമായി മത്സരിക്കുക എന്നതൊന്നും എന്റെ പദ്ധതിയേ അല്ല. ഞാന്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ എനിക്ക് അവസരം കിട്ടും. അതെനിക്കറിയാം. ഭാവിയില്‍ മറ്റൊരാളുടെ പകരം ഞാന്‍ വീണ്ടും തിരിച്ചെത്തും. ആ സമയം വരും. വെല്ലുവിളികളെ പൊരുതി തോല്‍പ്പിക്കും.' 

'ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തും. എല്ലാവരും മിന്നും ഫോമില്‍ തന്നെ കളിക്കുന്നു. സഹ താരങ്ങള്‍ക്ക് ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍. ഞാന്‍ ടീമില്‍ ഉണ്ടോ, ഇല്ലയോ എന്നതു പ്രധാനമല്ല. അവര്‍ സഹ താരങ്ങളല്ല, ടീമിലെ എല്ലാവരും എന്റെ സഹോദരന്‍മാരാണ്. ഇപ്പോള്‍ ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണ്. ലോകകപ്പ് ജയിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന ലക്ഷ്യം. വ്യക്തികള്‍ക്ക് ഇതില്‍ വലിയ സ്ഥാനമില്ല. ടീം ഗെയിം അല്ലേ.' 

'കഠിനാധ്വാനം ചെയ്യും എന്നു സ്വയം പറഞ്ഞുറപ്പിക്കുകയാണ് ഞാനിപ്പോള്‍. വെല്ലുവിളികള്‍ എനിക്ക് ഇഷ്ടമാണ്. തിരിച്ചു വരും'- ചഹല്‍ ആത്മവിശ്വാസത്തോടെ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com