ബോസ് ബോസ് തന്നെ, ആ പുസ്തകത്തില്‍ നിന്ന് ഒരേട് എടുത്തു, ഗെയ്‌ലിന് സന്തോഷമായിരിക്കും; സിക്‌സര്‍ നേട്ടത്തില്‍ രോഹിത്

ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയധികം സിക്‌സറുകള്‍ അടിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല.
രോഹിത് ശര്‍മ
രോഹിത് ശര്‍മ

ന്യൂഡല്‍ഹി:  അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിക്‌സറുടെ എണ്ണത്തില്‍ ഗെയ്‌ലിനെ മറികടന്നതിന് പിന്നാലെ, തന്റെ യാത്രയില്‍ യൂണിവേഴ്‌സല്‍ ബോസില്‍ നിന്ന് ഏറെ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഡല്‍ഹിയില്‍ അഫ്ഗാനെതിരായ മത്സരത്തില്‍ 5 സിക്‌സറുകളാണ് രോഹിത് പറത്തിയത്. ഇതോടെ മൂന്ന് ഫോര്‍മാറ്റുകളിലുമായി രോഹിത് എന്ന വലം കയ്യന്‍ ബാറ്റര്‍ പറത്തിയത് 556 സിക്‌സറുകളായി. ഇതോടെ 553 സിക്‌സറുകള്‍ പറത്തിയ ഗെയ്‌ലിന്റെ റെക്കോര്‍ഡ് പഴങ്കഥയായി. 

'യൂണിവേഴ്‌സ് ബോസ് എന്നും യൂണിവേഴ്‌സ് ബോസ് ആണ്. അവന്റെ പുസ്തകത്തില്‍ നിന്ന ഒരു ഏട് ഞാന്‍ എടുത്തു. വര്‍ഷങ്ങളായി ഞങ്ങള്‍ അയാളെ കാണുന്നു. എവിടെ കളിച്ചാലും സിക്‌സ് അടിക്കും. ഞങ്ങള്‍ ഒരേനമ്പര്‍ ജഴ്‌സി ധരിക്കുന്നു. ഞാന്‍ റെക്കോര്‍ഡ് തകര്‍ത്തതില്‍ അയാള്‍ സന്തോഷവാനാണെന്ന് എനിക്കുറപ്പുണ്ട്' - രോഹിത് പറഞ്ഞു.

സിക്‌സ് അടിക്കുന്നതിനായി തന്റെ കഴിവ് മെച്ചപ്പെടുത്താന്‍ ഏറെ അദ്ധ്വാനിച്ചിട്ടുണ്ടെന്നും രോഹിത് പറഞ്ഞു. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയധികം സിക്‌സറുകള്‍ അടിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. തന്റെ കരിയറില്‍ താന്‍ തൃപ്തനാണ്. റെക്കോര്‍ഡ് മറികടക്കാനായത് തനിക്ക് ചെറിയ ഒരു സന്തോഷനിമിഷമാണെന്നു രോഹിത് പറഞ്ഞു. 

സിക്‌സറുകളുടെ എണ്ണത്തില്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദിയാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്റ് താരം ബ്രണ്ടന്‍ മക്കല്ലം, മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവരാണ് ആദ്യ അഞ്ചില്‍ ഉളളത്. രോഹിതിനെ കൂടാതെ ആദ്യപത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരം എംഎസ് ധോനിയാണ്. 

അഫ്ഗാനെതിരായ മികച്ച പ്രകടനത്തോടെ ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമായും രോഹിത് മാറി. ഇന്ത്യന്‍ താരം സച്ചിനെയാണ് രോഹിത് മറികടന്നത്. ഇതോടെ ലോകകപ്പില്‍ ഏഴ് സെഞ്ച്വറി രോഹിത് തന്റെ പേരില്‍ കുറിച്ചു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com