ഇന്ത്യ- പാക് പോരാട്ടം; ഈ എട്ട് താരങ്ങള്‍ ഗതി തിരിക്കും... കളി നിര്‍ണയിക്കും

സമീപ കാലത്ത് ഷഹീന്‍ അഫ്രീദിക്ക് മുന്നില്‍ കാര്യമായ വെല്ലുവിളി തീര്‍ക്കാന്‍ സാധിക്കാത്ത ബാറ്ററാണ് രോഹിത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ മറ്റൊരു ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിന്റെ ആവേശത്തിനു ഇനി മണിക്കൂറുകള്‍ മാത്രം. ഏകദിന ലോകകപ്പില്‍ ഏഴ് തവണയാണ് ബദ്ധ വൈരികള്‍ നേര്‍ക്കുനേര്‍ വന്നത്. ഏഴ് തവണയും ജയം ഇന്ത്യക്കൊപ്പം. ശ്രദ്ധേയരായ ചില താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടമായി ഇന്ത്യ- പാക് മത്സരം മാറും.

രോഹിത് ശര്‍മ- ഷഹീന്‍ അഫ്രീദി

സമീപ കാലത്ത് ഷഹീന്‍ അഫ്രീദിക്ക് മുന്നില്‍ കാര്യമായ വെല്ലുവിളി തീര്‍ക്കാന്‍ സാധിക്കാത്ത ബാറ്ററാണ് രോഹിത്. അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ രോഹിതിനെ 11 റണ്‍സില്‍ ഷഹീന്‍ പുറത്താക്കി. 2021ലെ ടി20 ലോകകപ്പില്‍ പേസും സ്വിങും ഇടകലര്‍ത്തി രോഹിതിനെ പൂജ്യത്തില്‍ മടക്കാനും ഷഹീനു സാധിച്ചിരുന്നു. 

നിലവില്‍ രോഹിത് അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടി ഫോമില്‍ നില്‍ക്കുകയാണ്. ഷഹീനും മികവില്‍ തന്നെ. നാളെ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാകും ആധിപത്യം സ്ഥാപിക്കുക എന്നു കണ്ടറിയാം.

വിരാട് കോഹ്‌ലി- ഹാരിസ് റൗഫ്

കഴിഞ്ഞ വര്‍ഷം മെല്‍ബണില്‍ അരങ്ങേറിയ ടി20 ലോകകപ്പില്‍ ഹാരിസ് റൗഫിനെ വിരാട് കോഹ്‌ലി നേരിടുന്നു. ഇന്ത്യക്ക് ജയിക്കാന്‍ 18 പന്തില്‍ വേണ്ടത് 31റണ്‍സ്. 160റണ്‍സ് വിജയ ലക്ഷ്യം. റൗഫിനെ തുടരെ രണ്ട് സിക്‌സുകള്‍ പായിച്ച് കോഹ്‌ലി കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമാക്കി.

ആ രണ്ട് സിക്‌സുകളെ കോഹ്‌ലി സ്വാഭാവികം എന്നാണ് വിശേഷിപ്പിച്ചത്. നിലവില്‍ കത്തും ഫോമിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍. നാളെ ഒരിക്കല്‍ കൂടി ഹാരിസിനെ സിക്‌സര്‍ തൂക്കുമോ കോഹ്‌ലി? കാത്തിരിക്കാം. 

ജസ്പ്രിത് ബുമ്ര- ബാബര്‍ അസം

പാക് ക്യാപ്റ്റനും അവരുടെ സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസം ഫോമിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്ക്ക് നല്ല ബോധ്യമുണ്ട് പാക് നായകന്റെ ബാറ്റിങ് മികവ് സംബന്ധിച്ച്.

രണ്ട് വര്‍ഷം മുന്‍പ് ടി20 ലോകകപ്പില്‍ പത്ത് വിക്കറ്റ് വിജയം പാകിസ്ഥാന്‍ സ്വന്തമാക്കുമ്പോള്‍ ബുമ്ര അടക്കമുള്ള ഇന്ത്യന്‍ ബൗളര്‍മാരെ ബാബര്‍- റിസ്വാന്‍ സഖ്യം മെരുക്കിയിരുന്നു. എന്നാല്‍ രണ്ട് വിര്‍ഷത്തിനിപ്പുറമുള്ള ബുമ്രയുടേയും സംഘത്തിന്റേയും ബൗളിങ് അറ്റാക്കില്‍ ചൂളി നില്‍ക്കേണ്ടി വന്നതും ഇതേ പാക് ബാറ്റിങ് നിരയ്ക്ക് തന്നെ. 

ഇഫ്തിഖര്‍ അഹമ്മദ്- കുല്‍ദീപ് യാദവ്

പാക് മധ്യനിര ബാറ്റര്‍ ഇഫ്തിഖര്‍ അഹമ്മദിനു ടീമില്‍ നിര്‍ണായക റോളുണ്ട്. ഏഷ്യാ കപ്പില്‍ പക്ഷേ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ട്രിക്കി ബൗളിങില്‍ ഇഫ്തിഖര്‍ അടക്കമുള്ള ബാറ്റര്‍മാര്‍ വെള്ളം കുടിച്ചു. നാളെ ഇഫ്തിഖര്‍ അടക്കമുള്ള മധ്യനിര ഏതു വിധത്തിലാകും ഇന്ത്യന്‍ സ്പിന്നിനെ നേരിടുക എന്നത് കൗതുകം നിറയ്ക്കുന്ന ആകാംക്ഷയാണ്.    

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com