'ക്ലാസിക്ക് പോരിന്റെ ചരിത്ര പുസ്തകം... അപരാജിത മുന്നേറ്റത്തിന്റെ ഏഴ് ഇതിഹാസ അധ്യായങ്ങള്‍'

ആദ്യ നാല് ലോകകപ്പ് (1975, 79, 83, 87) എഡിഷനിലും ഇന്ത്യ- പാക് പോരാട്ടം ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. 1992ല്‍ ഓസ്‌ട്രേലിയിലെ സിഡ്‌നിയിലാണ് ഇന്ത്യ- പാക് ലോകകപ്പ് പോരാട്ടങ്ങളുടെ തുടക്കം
ശുഭ്മാൻ ​ഗിൽ, ഷഹീൻ അഫ്രീദി/ പിടിഐ
ശുഭ്മാൻ ​ഗിൽ, ഷഹീൻ അഫ്രീദി/ പിടിഐ

കദിന ലോകകപ്പില്‍ ഇന്നുവരെ പാകിസ്ഥാന് ഇന്ത്യയെ കീഴടക്കാന്‍ സാധിച്ചിട്ടില്ല. 1992ല്‍ പാകിസ്ഥാന്‍ ആദ്യമായും അവസാനമായും ലോകകപ്പ് കിരീടം സ്വന്തമാക്കിയ അധ്യായത്തിലാണ് ഇന്ത്യ- പാകിസ്ഥാന്‍ ലോകകപ്പ് പോരാട്ടങ്ങളുടെ തിരശ്ശീല ഉയരുന്നത്. അതിനു ശേഷം ഏഴ് തവണ ചിര വൈരികള്‍ ഏറ്റുമുട്ടി. ഏഴ് തവണയും വിജയം ഇന്ത്യക്കൊപ്പം. 

ആദ്യ നാല് ലോകകപ്പ് (1975, 79, 83, 87) എഡിഷനിലും ഇന്ത്യ- പാക് പോരാട്ടം ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. 1992ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ഇന്ത്യ- പാക് ലോകകപ്പ് പോരാട്ടങ്ങളുടെ തുടക്കം. 

ജയത്തുടക്കം കളര്‍ ജേഴ്‌സി ലോകകപ്പില്‍

1992: സിഡ്‌നിയില്‍ 43 റണ്‍സ് ജയം- ആദ്യമായി കളര്‍ ജേഴ്‌സിയില്‍ താരങ്ങള്‍ ഇറങ്ങിയ ലോകകപ്പ് എന്ന സവിശേഷതയുണ്ടായിരുന്നു അഞ്ചാം അധ്യായത്തിന്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആദ്യ ലോകകപ്പ്. കൗമാരക്കാരനായ സച്ചിന്‍ അന്ന് 62 പന്തില്‍ 54 റണ്‍സ് നേടി. 49 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റിനു 216 റണ്‍സെടുത്തു. മുഷ്താഖ് അഹമ്മദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 

പാകിസ്ഥാന്റെ പോരാട്ടം 48.1 ഓവറില്‍ 173 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യന്‍ ബൗളര്‍മാരുടെ കണിശതയുള്ള ബൗളിങ് മികവായിരുന്നു ജയത്തിന്റെ താക്കോല്‍. കപില്‍ ദേവ്, മനോജ് പ്രഭാകര്‍, ജവഗല്‍ ശ്രീനാഥ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അമീര്‍ സൊഹൈല്‍ പാക് ബാറ്റിങില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. പക്ഷേ വിജയം കൈവന്നില്ല.

പ്രസാദിന്റെ പ്രതികാരം 

1996: ബംഗളൂരുവില്‍ 39 റണ്‍സ് വിജയം- ക്വാര്‍ട്ടര്‍ പോരാട്ടം. വസിം അക്രത്തിന്റെ അഭാവത്തിലാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. നവജ്യോത് സിങ് സിദ്ധുവിന്റെ 93 റണ്‍സ്, അജയ് ജഡേജയുടെ വെടിക്കെട്ട്. ഇന്ത്യ ബോര്‍ഡില്‍ ചേര്‍ത്തത് എട്ടിനു 287 റണ്‍സെന്ന മികച്ച സ്‌കോര്‍. 

പാകിസ്ഥാന്‍ പത്തോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 84 റണ്‍സെടുത്തു. എന്നാല്‍ പിന്നീട് കാര്യങ്ങളെല്ലാം അവര്‍ക്ക് കൈമോശം വന്നു. വെങ്കിടേഷ് പ്രസാദിന്റെ പേസ് ഉഗ്ര രൂപം പൂണ്ടതോടെ അവര്‍ കടപുഴകി. പ്രസാദ് വെറും 17 റണ്‍സ് വഴങ്ങി വീഴ്ത്തിയത് നാല് വിക്കറ്റുകള്‍. 

ഫോര്‍ അടിച്ചതിനു പിന്നാലെ പന്ത് ബൗണ്ടറി കടന്നതു ചൂണ്ടി അമീര്‍ സൊഹൈല്‍ പ്രസാദിനെ പ്രകോപിപ്പിച്ചു. തൊട്ടടുത്ത പന്തില്‍ പ്രസാദ് സൊഹൈലിന്റെ ഓഫ് സ്റ്റംപ് പിഴുതു കണക്കു തീര്‍ത്തു. സൊഹൈലിനു പവലിയനിലേക്കുള്ള വഴിയും കാണിച്ചു. ഇന്ത്യ- പാക് പോരിന്റെ ഏറ്റവും നിറമുള്ള ആവേശക്കാഴ്ചയാണ് ഇന്നും ആ രംഗം. സൊഹൈല്‍, ഇജാസ് അഹമ്മദ്, ഇന്‍സമാം ഉള്‍ ഹഖ് എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ അന്ന് പ്രസാദ് വീഴ്ത്തി. ഇന്ത്യ സെമിയിലേക്ക് മുന്നേറിയപ്പോള്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്ത്. 

കാര്‍ഗില്‍ യുദ്ധവും ഓള്‍ഡ് ട്രഫോര്‍ഡിലെ പോരും

1999: മാഞ്ചസ്റ്ററില്‍ 47 റണ്‍സ് വിജയം- കാര്‍ഗില്‍ യുദ്ധക്കാലത്തെ ഇന്ത്യ- പാക് പോരാട്ടമെന്ന സവിശേഷതയായിരുന്നു ഈ മത്സരത്തെ ശ്രദ്ധേയമാക്കിയത്. ഇത്തവണയും പ്രസാദ് തന്നെയായിരുന്നു പാകിസ്ഥാന്റെ വിധി നിര്‍ണയിക്കാന്‍ നിയോഗിക്കപ്പെട്ട ആള്‍. ദ്രാവിഡ്, ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരുടെ അര്‍ധ ശതകം, സച്ചിന്‍ ക്ഷണത്തില്‍ അടിച്ചെടുത്ത 45 റണ്‍സ് എന്നിവയുടെ ബലത്തില്‍ ഇന്ത്യ അഞ്ചിന് 227 റണ്‍സ് എടുത്തു. 

സയീദ് അന്‍വര്‍ മികച്ച തുടക്കം പാക് ടീമിനു നല്‍കി. എന്നാല്‍ പ്രസാദ് മാസ്മരിക പേസുമായി കളം നിറഞ്ഞതോടെ പാക് പട കീഴടങ്ങി. അവരുടെ പോരാട്ടം ഇത്തവണയും 200 കടന്നില്ല. 180ല്‍ തീര്‍ന്നു. 27 പന്തുകള്‍ അപ്പോഴും ശേഷിച്ചിരുന്നു. 

വെങ്കിടേഷ് പ്രസാദിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച രണ്ട് ബൗളിങുകളും പിറന്നത് തുടരെയുള്ള രണ്ട് ലോകകപ്പ് പോരാട്ടങ്ങളിലാണ്. രണ്ടും പാകിസ്ഥാനോടു തന്നെ. ഈ പോരില്‍ 27 റണ്‍സ് വഴങ്ങി പ്രസാദ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.

അക്തറിനെ സിക്‌സര്‍ പറത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍, 75 പന്തില്‍ 98

2003: സെഞ്ചൂറിയനില്‍ ആറ് വിക്കറ്റ് ജയം- സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏറ്റവും മികച്ച ലോകകപ്പ് ഇന്നിങ്‌സ്. ഇന്ത്യ- പാക് ലോകകപ്പ് പോരിലെ ഏറ്റവും മികച്ച മത്സരമെന്നും ഈ ലോകകപ്പ് പോരാട്ടം വിശേഷിപ്പിക്കപ്പെടുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 273 റണ്‍സെടുത്തു. സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ സഖ്യത്തിന്റെ ബൗളിങ് ഇന്ത്യക്ക് തുണ നിന്നു. 

സച്ചിന്‍ 75 പന്തില്‍ അന്ന് 98 അടിച്ചു. അതിന്റെ കരുത്തില്‍ ഇന്ത്യ 274 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. വസിം അക്രം, വഖാര്‍ യൂനിസ്, ഷൊയ്ബ് അക്തര്‍ പേസ് ത്രയത്തിന്റെ മാരക ബൗളിങിനെ അതിജീവിച്ചായിരുന്നു സച്ചിന്റെ മികച്ച ഇന്നിങ്‌സ്. ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 26 പന്തുകള്‍ പിന്നെയും ബാക്കി. 

രണ്ടാം ലോകകപ്പ് വിജയത്തിന്റെ ഇന്ധനം

2011: മൊഹാലിയില്‍ 29 റണ്‍സ്  ജയം- ഇന്ത്യയുടെ രണ്ടാം ലോകകപ്പ് കിരീടത്തിലേക്കുള്ള യാത്രക്ക് ഇന്ധനം പകര്‍ന്ന ജയം. ഇത്തവണ സെമിയിലാണ് നേര്‍ക്കുനേര്‍ വന്നത്. എട്ട് വര്‍ഷത്തെ ഇടവേളയിലായിരുന്നു ഇന്ത്യ- പാക് ലോകകപ്പ് പോരാട്ടം വീണ്ടും നടന്നത്. ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യ. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 260 റണ്‍സെടുത്തു. സച്ചിന്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ ബാറ്റിങ് നെടുംതൂണായി. 85 റണ്‍സാണ് ലിറ്റില്‍ മാസ്റ്റര്‍ നേടിയത്.  

മറുപടി പറഞ്ഞ പാകിസ്ഥാന്‍ 49.5 ഓവറില്‍ 231നു പുറത്ത്. ഇന്ത്യക്ക് 29 റണ്‍സ് ജയം. വെറ്ററന്‍ സഹീര്‍ ഖാന്റെ പേസാണ് പാകിസ്ഥാനെ വെട്ടിലാക്കിയത്. ഇന്ത്യ ഫൈനലിലേക്ക്. പിന്നാലെ ശ്രീലങ്കയെ വീഴ്ത്തി രണ്ടാം ലോകകപ്പ് കിരീട നേട്ടവും. 

കോഹ്‌ലിയുടെ ക്ലാസ് സെഞ്ച്വറി, മിസ്ബയുടെ വിഫല പോരാട്ടം

2015: അഡ്‌ലെയ്ഡില്‍ 76 റണ്‍സ് വിജയം- കോഹ്‌ലിയുടെ രണ്ടാം ലോകകപ്പ് സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ ബോര്‍ഡില്‍ ചേര്‍ത്തത് 300 റണ്‍സ്. ഏഴ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നിവര്‍ ഫിഫ്റ്റികളും അടിച്ചു. 

മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റുകള്‍ പാക് ജയ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. മിസ്ബ ഉള്‍ ഹഖ് അര്‍ധ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും ആരും പിന്തുണച്ചില്ല. അവരുടെ പോരാട്ടം 47 ഓവറില്‍ 224 റണ്‍സില്‍ അവസാനിച്ചു.  

20 വര്‍ഷത്തെ ഇടവേള, അതേ ഓള്‍ഡ്ട്രഫോര്‍ഡ്, രോഹിതിന്റെ ശതകം

2019: മാഞ്ചസ്റ്ററില്‍ 89 റണ്‍സ് ജയം (ഡെക്ക്‌വര്‍ത്ത് ലൂയീസ്)- മഴ രസം കൊല്ലിയായെങ്കിലും ആവേശം ഒട്ടും ചോരാത്ത പോരാട്ടം. 1999ല്‍ ഏറ്റുമുട്ടിയ അതേ വേദിയില്‍ 20 വര്‍ഷത്തിനു ശേഷം വീണ്ടും കണ്ടുമുട്ടല്‍. ധോനി വിരമിച്ച ശേഷമുള്ള ലോകകപ്പ്. കോഹ്‌ലി നയിക്കുന്നു. രോഹിത് ശര്‍മ സെഞ്ച്വറിയുമായി ഇന്ത്യക്ക് കരുത്തായി. 77 റണ്‍സുമായി കോഹ്‌ലിയും. ഇന്ത്യ ബോര്‍ഡില്‍ ചേര്‍ത്തത് അഞ്ചിന് 336 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍. 

മഴയെ തുടര്‍ന്നു മത്സരം 40 ഓവറാക്കി ചുരുക്കി. പാക് ലക്ഷ്യം 300 റണ്‍സ്. അവരുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സില്‍ അവസാനിച്ചു. വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പാക് നിരയില്‍ 62 റണ്‍സെടുത്ത ഫഖര്‍ സമാന്‍ മാത്രം പൊരുതി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com