'സൂപ്പര്‍ പോരിന്റെ എട്ടാം അധ്യായം'- അഹമ്മദാബാദില്‍ ഇന്ത്യ- പാകിസ്ഥാന്‍ ക്ലാസിക്ക്; 'ബ്ലോക്ക് ബസ്റ്റര്‍' ആവേശത്തില്‍ ക്രിക്കറ്റ് ലോകം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏകദിന ലോകകപ്പിലെ എട്ടാം സൂപ്പര്‍ പോരാട്ടം ഇന്ന് മോദി സ്‌റ്റേഡിയത്തില്‍
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, പാക് നായകൻ ബാബർ അസം പരിശീലനത്തിനിടെ/ പിടിഐ
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, പാക് നായകൻ ബാബർ അസം പരിശീലനത്തിനിടെ/ പിടിഐ

അഹമ്മദാബാദ്: ഒരു ഭാഗത്ത് ഇന്ത്യ- പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം ബഹിഷ്‌കരിക്കണമെന്നു ചില ആരാധകര്‍. എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്നലെ രാത്രി മുതല്‍ തന്നെ കടുത്ത ക്രിക്കറ്റ് ആരാധകരുടെ ഒഴുക്കാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ ലോക ക്രിക്കറ്റില്‍ ബ്ലോക്ക് ബസ്റ്റര്‍ അരങ്ങേറും. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏകദിന ലോകകപ്പിലെ എട്ടാം സൂപ്പര്‍ പോരാട്ടം ഇന്ന് മോദി സ്‌റ്റേഡിയത്തില്‍. ലോക ക്രിക്കറ്റിലെ ക്ലാസിക്ക് പോരാട്ടത്തിനു അരങ്ങുണരുമ്പോള്‍ അപരാജിത റെക്കോര്‍ഡിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പാകിസ്ഥാന്‍ സമ്മര്‍ദ്ദത്തിന്റെ പിടിയിലും. ഏഴ് ഏകദിന ലോകകപ്പുകളില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം ഏഴിലും വിജയം ഇന്ത്യക്കൊപ്പം. ഇത്തവണയെങ്കിലും കണക്കു തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ബാബര്‍ അസമും സംഘവും. 

ലോകകപ്പിലെ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യയെ സംബന്ധിച്ചു നിലവില്‍ ബാറ്റിങിലും ബൗളിങിലും സന്തുലിതാവസ്ഥയുണ്ട്. എല്ലാവരും ഫോമില്‍ നില്‍ക്കുന്നതും കരുത്താണ്. 

പാക് ടീമിന്റെ കരുത്ത് അവരുടെ ബൗളിങാണ്. എന്നാല്‍ അതേ വിഭാഗത്തില്‍ തന്നെയാണ് അവര്‍ക്ക് സമ്മര്‍ദ്ദവും. ബാറ്റര്‍മാരില്‍ മുഹമ്മദ് റിസ്വാന്‍ മാത്രമാണ് സ്ഥിരത പുലര്‍ത്തുന്നത്. ക്യാപ്റ്റന്‍ ബാബര്‍ അസം ഫോം തിരികെ പിടിക്കാനുള്ള പ്രയത്‌നത്തിലാണ്. ഓപ്പണിങ് ക്ലിക്കാകാത്തതും അവര്‍ക്ക് തലവേദയുണ്ടാക്കുന്നു. 

ഡെങ്കിപ്പനിയെ തുടര്‍ന്നു ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ശുഭ്മാന്‍ ഗില്‍ കഴിഞ്ഞ ദിവസം മുതല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ന് താരം ഇറങ്ങിയേക്കുമെന്ന സൂചനകളും ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയിട്ടുണ്ട്. ആര്‍ അശ്വിന്‍ തിരിച്ചെത്തുമോ, ശാര്‍ദുല്‍ ഠാക്കൂറിനെ നിലനിര്‍ത്തുമോ എന്നതിലൊന്നും നിലവില്‍ വ്യക്തത വന്നിട്ടില്ല. 

പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമാണ്. കളി പുരോഗമിക്കുമ്പോള്‍ സ്പിന്നിനേയും തുണയ്ക്കും. അതിനാല്‍ ഇന്ത്യ അശ്വിന്‍, കുല്‍ദീപ്, ജഡേജ സ്പിന്‍ ത്രയത്തെ ഇറക്കി പാക് നിരയെ കുരുക്കുമോ എന്നതും ആരാധകരില്‍ ആകാംക്ഷ നിറയ്ക്കുന്നു. കാലാവസ്ഥയും നിലവില്‍ കളിക്ക് അനുകൂലമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com