'ഫാന്‍ ബോയ് ബാബര്‍'- കോഹ്‌ലിയുടെ ജേഴ്‌സി ഒപ്പിട്ട് വാങ്ങി പാകിസ്ഥാന്‍ നായകന്‍ (വീഡിയോ)

അത്തരമൊരു ഹൃദ്യമായ നിമിഷത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നു
വീഡിയോ ദൃശ്യത്തിൽ നിന്ന്
വീഡിയോ ദൃശ്യത്തിൽ നിന്ന്

അഹമ്മദാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം എല്ലാ കാലത്തും ആരാധകരെ സംബന്ധിച്ച് ആവേശം നിറയ്ക്കുന്നതാണ്. കളത്തില്‍ ഇരു ടീമുകളുടേയും താരങ്ങള്‍ തമ്മിലുള്ള സൗഹൃദ നിമിഷങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. 

അത്തരമൊരു ഹൃദ്യമായ നിമിഷത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നു. തന്റെ ഇഷ്ട ബാറ്ററില്‍ നിന്നു അദ്ദേഹത്തിന്റെ ജേഴ്‌സി ഒപ്പിട്ടു വാങ്ങുന്ന ഫാന്‍ ബോയ് ആണ് വീഡിയോയിലെ താരം. 

തന്റെ ബാറ്റിങിനെ പ്രചോദിപ്പിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയില്‍ നിന്നു അദ്ദേഹത്തിന്റെ ജേഴ്‌സി ഒപ്പിട്ടു വാങ്ങിയത് മറ്റാരുമല്ല. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. മത്സര ശേഷം ആരാധകരില്‍ ഒരാള്‍ സ്റ്റേഡിയത്തില്‍ നിന്നു പകര്‍ത്തിയ വീഡിയോയാണ് ട്രെന്‍ഡിങായത്. മത്സര ശേഷം ബാബര്‍ ജേഴ്‌സി ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

ബാബറിന്റെ ബാറ്റിങ് നന്നായി ആസ്വദിക്കുന്ന താരം കൂടിയാണ് മുന്‍ ഇന്ത്യന്‍ നായകന്‍. ഫോം നഷ്ടപ്പെട്ട് ഉഴറിയ കാലത്ത് വിരാട് കോഹ്‌ലിക്ക് കട്ട സപ്പോര്‍ട്ടുമായി നിന്ന താരമാണ് ബാബര്‍. ഇതും കടന്നു പോകും എന്ന ഏറ്റവും പോസിറ്റീവായ വാക്കുകള്‍ കൊണ്ടാണ് ബാബര്‍ അന്നു കോഹ്‌ലിയെ പിന്തുണച്ചത്. ഇരുവരും തമ്മിലുള്ള അപൂര്‍വ സൗഹൃദ നിമിഷത്തിനാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയും സാക്ഷിയായത്. 

പാകിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വീഴ്ത്തിയത്. ഇതോടെ ഇന്ത്യയുടെ പാക് ടീമിനെതിരായ ലോകകപ്പ് വിജയങ്ങളുടെ ലീഡ് എട്ടായി ഉയര്‍ന്നു. നിലവില്‍ 8-0 എന്ന നിലയിലാണ് ഇന്ത്യ മുന്നില്‍ നില്‍ക്കുന്നത്. 

'നിങ്ങളുടെ അമ്മാവന്റെ മകന്‍ കോഹ്‌ലിയുടെ ജേഴ്‌സി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഗ്രൗണ്ടില്‍ വച്ചല്ല വാങ്ങേണ്ടത്'

എന്നാല്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് നായകനും ഇതിഹാസ പേസറുമായ വസിം അക്രം രംഗത്തെത്തിയതും ശ്രദ്ധേയമായി. പാകിസ്ഥാന്‍ തോറ്റു നില്‍ക്കുന്ന ഘട്ടത്തില്‍ പാക് ക്യാപ്റ്റന്റെ ഇത്തരത്തിലുള്ള പ്രവൃത്തി അനുചിതമായെന്നു അക്രം തുറന്നടിച്ചു. അതിരൂക്ഷമായ ഭാഷയിലായിരുന്നു മുന്‍ നായകന്റെ പ്രതികരണം. 

'ടീം പരാജയപ്പെട്ടു നില്‍ക്കുന്ന സമയത്ത് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. രണ്ട് ജേഴ്‌സികള്‍ അദ്ദേഹം വാങ്ങുന്നതു കണ്ടു. ആരാധകര്‍ തോല്‍വിയില്‍ നിരാശരായി ഇരിക്കുമ്പോള്‍ ക്യാപ്റ്റന്‍ തന്നെ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. നിങ്ങളുടെ അമ്മാവന്റെ മകന്‍ കോഹ്‌ലിയുടെ ജേഴ്‌സി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഗ്രൗണ്ടില്‍ വച്ചല്ല അത് വാങ്ങേണ്ടത്. ഡ്രസിങ് റൂമില്‍ വച്ച് സ്വകാര്യമായി വേണം'- അക്രം വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com