നാഗല്‍സ്മാന്‍ യുഗത്തിനു വിജയ തുടക്കം; ഒരു ​ഗോളിനു പിന്നിൽ, മൂന്നെണ്ണം തിരിച്ചടിച്ച് ജർമനി; യുഎസ്എയെ വീഴ്ത്തി

ഇല്‍കെ ഗുണ്ടോഗന്‍, ഫുള്‍ക്രുഗ്, ജമാല്‍ മുസിയാല എന്നിവരാണ് ജര്‍മനിക്കായി ഗോള്‍ നേടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോര്‍ക്ക്: ജര്‍മനി ദേശീയ ഫുട്‌ബോള്‍ ടീമില്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ യുഗത്തിനു വിജയത്തോടെ തിരശ്ശീല ഉയര്‍ന്നു. യുഎസ്എക്കെതിരായ പോരാട്ടത്തില്‍ തുടക്കത്തില്‍ ഒരു ഗോളിനു പിന്നിലായ ശേഷം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് ജര്‍മനി വിജയം സ്വന്തമാക്കി. ഹാന്‍സി ഫഌക്കിനെ പുറത്താക്കിയാണ് ഒരു മാസം മുന്‍പ് മുന്‍ ബയേണ്‍ മ്യൂണിക്ക് പരിശീലകനും വര്‍ത്തമാന ഫുട്‌ബോളിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനുമായ നാഗല്‍സ്മാനെ ജര്‍മനി ഡഗൗട്ടിലേക്ക് കൊണ്ടു വന്നത്. 

നവീന മുഖത്തോടെ ജര്‍മനി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. നാഗല്‍സ്മാന്റെ പ്രധാന തന്ത്രമായ ആക്രമണം വന്‍ തോതില്‍ വര്‍ധിപ്പിച്ചാണ് ടീം കളം വാണത്. ഇല്‍കെ ഗുണ്ടോഗന്‍, ഫുള്‍ക്രുഗ്, ജമാല്‍ മുസിയാല എന്നിവരാണ് ജര്‍മനിക്കായി ഗോള്‍ നേടിയത്. യുഎസ്എയ്ക്കായി അവരുടെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് വല ചലിപ്പിച്ചത്. 

തുടക്കം മുതല്‍ അമേരിക്ക വന്‍ ആക്രമണമാണ് അഴിച്ചു വിട്ടത്. ജര്‍മനി പതിയെയാണ് കളിയിലേക്ക് എത്തിയത്. 27ാം മിനിറ്റില്‍ ജര്‍മനിയെ ഞെട്ടിച്ച് പുലിസിച്ചിലൂടെ യുഎസ്എ മുന്നിലെത്തുകയും ചെയ്തു. 

എന്നാല്‍ 12 മിനിറ്റുള്ളില്‍ ജര്‍മനി ഗോള്‍ മടക്കി സമനില പിടിച്ചു. രണ്ടാം പകുതിയില്‍ അവര്‍ ആക്രമണം കടുപ്പിച്ചു. നിരന്തരം ഭീഷണിയുയര്‍ത്തി ജര്‍മന്‍ മുന്നേറ്റം യുഎസ്എ ബോക്‌സില്‍ കറങ്ങി. ഇടയ്ക്ക് യുഎസും പ്രത്യാക്രമണങ്ങള്‍ സംഘടിപ്പിച്ചു. 58, 61 മിനിറ്റുകളിലാണ് ജര്‍മനി രണ്ട് ഗോളുകള്‍ കൂടി യുഎസ് വലയില്‍ നിക്ഷേപിച്ചത്. 

ഫഌക്കിന്റെ കാലത്തെ അപേക്ഷിച്ച് ആക്രമണത്തില്‍ മൂര്‍ച്ച കൂടിയതാണ് നാഗല്‍സ്മാന്റെ ജര്‍മനിയുടെ പ്രധാന വ്യത്യാസം. നിരന്തരം ആക്രമണം സംഘടിപ്പിച്ച അവര്‍ യുഎസ്എക്കെതിരെ 19 തവണയാണ് ഗോള്‍ ശ്രമം നടത്തിയത്. ഏഴ് ഓണ്‍ ടാര്‍ഗറ്റ് ശ്രമങ്ങളും കണ്ടു. ജയത്തോടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ടീമിനു സാധിച്ചു എന്നു പറയാം. 

ലിറോയ് സനെ, ജമാല്‍ മുസിയാല, ഫ്‌ളോറിയന്‍ വിറ്റ്‌സ് എന്നിവരെല്ലാം കളം സജീവമാക്കി. മുന്നേറ്റത്തില്‍ ഫുള്‍ക്രുഗും തിളങ്ങി. അല്‍പ്പം പിന്നോട്ടു വലിഞ്ഞ് ഡഫന്‍സീവ് മിഡായാണ് ഗുണ്ടോഗനെ നാഗല്‍സ്മാന്‍ കളിപ്പിച്ചത്. ടീമിന്റെ അച്ചുതണ്ടായ ജോഷ്വാ കമ്മിച് പരിക്കിനെ തുടര്‍ന്നു ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതോടെയാണ് ഗുണ്ടോഗനെ പിന്നിലേക്ക് ഇറങ്ങി കളിച്ചത്. പ്രതിരോധത്തിലടക്കമുള്ള ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും മുഴച്ചു നില്‍ക്കുന്നുണ്ട്. അതും നാഗല്‍സ്മാന്‍ പരിഹരിക്കാന്‍ സാധിച്ചാല്‍ ജര്‍മനി പഴയ ശൈലിയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com