സിക്‌സുകളുടെ എണ്ണം 302! റെക്കോര്‍ഡ് പട്ടികയില്‍, പോണ്ടിങിന്റെ നേട്ടവും പഴങ്കഥയാക്കി; അഹമ്മദാബാദിലെ ഹിറ്റ്മാന്‍ ഗാഥ

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അഫ്രീദിയാണ്. താരം 398 ഏകദിനത്തില്‍ നിന്നു 351 സിക്‌സുകള്‍ പറത്തി. രണ്ടാം സ്ഥാനത്ത് ഗെയ്ല്‍ നില്‍ക്കുന്നു. 301 ഏകദിനങ്ങളില്‍ നിന്നു 331 സിക്‌സുകള്‍
രോഹിത് ശര്‍മ/ പിടിഐ
രോഹിത് ശര്‍മ/ പിടിഐ

അഹമ്മദാബാദ്: ക്ലാസ്, ആത്മവിശ്വാസം, എണ്ണം പറഞ്ഞ ഷോട്ടുകള്‍... പാകിസ്താനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് സമഗ്രതയുടെ പാഠ പുസ്തകമായിരുന്നു. 86 റണ്‍സെടുത്ത് ടീമിനെ മുന്നില്‍ നിന്നു നയിച്ച ഹിറ്റ്മാന്‍ ഒരിപിടി റെക്കോര്‍ഡുകളും സ്വന്തമാക്കി. 

ഇന്നലെ ആറ് സിക്‌സുകളാണ് രോഹിത് തൂക്കിയത്. ഇതോടെ അന്താരാഷ്ട്ര ഏകദിനത്തില്‍ 300 സിക്‌സുകള്‍ നേടുന്ന മൂന്നാമത്തെ താരമായി രോഹിത് മാറി. യൂനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ല്‍, മുന്‍ പാകിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദി എന്നിവര്‍ക്ക് പിന്നാലെയാണ് രോഹിതും എലൈറ്റ് ക്ലബില്‍ അംഗമായത്. 

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അഫ്രീദിയാണ്. താരം 398 ഏകദിനത്തില്‍ നിന്നു 351 സിക്‌സുകള്‍ പറത്തി. രണ്ടാം സ്ഥാനത്ത് ഗെയ്ല്‍ നില്‍ക്കുന്നു. 301 ഏകദിനങ്ങളില്‍ നിന്നു 331 സിക്‌സുകള്‍. 254 മത്സരങ്ങള്‍ കളിച്ച് 302 സിക്‌സുകളാണ് രോഹിതിന്റെ പേരിലുള്ളത്. നാലാം സ്ഥാനത്ത് സനത് ജയസൂര്യ. 270 സിക്‌സുകള്‍. അഞ്ചാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി. താരം 229 സിക്‌സുകള്‍ തൂക്കി. 

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഏറ്റവും കൂടുതൽ സിക്സുകളെന്ന റെക്കോർഡ് ഇതുവരെ ​ഗെയ്ലിന്റെ പേരിലായിരുന്നു. 553 സിക്സുകളാണ് വിൻഡീസ് മുൻ നായകൻ നേടിയത്. അഫ്​ഗാനെതിരായ സെഞ്ച്വറി പ്രകടനത്തിൽ ഒൻപത് സിക്സുകളാണ് രോ​ഹിത് അടിച്ചു കൂട്ടിയത്. പിന്നാലെ ഈ റെക്കോർഡ് രോ​ഹിത് ഒറ്റയ്ക്ക് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. 556 സിക്സുകൾ നേടിയാണ് കഴിഞ്ഞ ദിവസം രോഹിത് റെക്കോർ‍ഡിട്ടത്. ഇന്നലെ നേടിയ ആറ് സിക്സുകൾ കൂടി അക്കൗണ്ടിലേക്ക് ചേർന്നതോടെ ആകെ എണ്ണം 562 ആയി.

മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങിന്റെ ഒരു ലോകകപ്പ് റെക്കോര്‍ഡും ഇന്നലെ രോഹിത് സ്വന്തം പേരിലേക്ക് മാറ്റി. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് പിന്തുടര്‍ന്നു ടീം വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായി രോഹിത് മാറി. 

റണ്‍സ് പിന്തുടര്‍ന്നു ഒന്‍പത് വിജയങ്ങളാണ് ലോകകപ്പില്‍ രോഹിതിനുള്ളത്. ഈ മത്സരങ്ങളില്‍ നിന്ന് ആകെ 586 റണ്‍സാണ് രോഹിത് നേടിയത്. പോണ്ടിങിന്റഎ 519 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com