അടിയോടടി! മുഷ്താഖ് അലി ടി20യില്‍ റെക്കോര്‍ഡ് ടോട്ടല്‍ ഉയര്‍ത്തി പഞ്ചാബ്, അഭിഷേക് ശര്‍മയുടെ വെടിക്കെട്ട്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയും അന്‍മോല്‍പ്രീത് സിങിന്റെ കണ്ണഞ്ചിപ്പിക്കും വേഗത്തിലുള്ള അര്‍ധ സെഞ്ച്വറിയുമാണ് പഞ്ചാബിനു റെക്കോര്‍ഡ് ടോട്ടല്‍ സമ്മാനിച്ചത്
അഭിഷേക് ശർമ/ ട്വിറ്റർ
അഭിഷേക് ശർമ/ ട്വിറ്റർ

റാഞ്ചി: സയ്യീദ് മുഷ്താഖ് അലി ട്രോഫി ടി20യിലെ ഏറ്റവും ഉയര്‍ന്ന ടീ ടോട്ടല്‍ പടുത്തുയര്‍ത്തി ചരിത്രമെഴുതി പഞ്ചാബ്. ആന്ധ്ര പ്രദേശിനെതിരായ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. 

2019ല്‍ മുംബൈ സിക്കിമിനെതിരെ നേടിയ 258 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. ഇതാണ് പഞ്ചാബ് തിരുത്തിയത്. ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ടീം ടോട്ടല്‍ റെക്കോര്‍ഡും പഞ്ചാബ് മറികടന്നു. 2017ല്‍ ശ്രീലങ്കക്കെതിരെ നേടിയ 260 റണ്‍സാണ് ഇന്ത്യന്‍ ടീമിന്റെ ഉയര്‍ന്ന ടി20 സ്‌കോര്‍. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയും അന്‍മോല്‍പ്രീത് സിങിന്റെ കണ്ണഞ്ചിപ്പിക്കും വേഗത്തിലുള്ള അര്‍ധ സെഞ്ച്വറിയുമാണ് പഞ്ചാബിനു റെക്കോര്‍ഡ് ടോട്ടല്‍ സമ്മാനിച്ചത്. അഭിഷേക് 55 പന്തില്‍ 112 റണ്‍സ് അടിച്ചു. ഒന്‍പത് വീതം സിക്‌സും ഫോറും താരം നേടി. അന്‍മോല്‍പ്രീത് വെറും 29 പന്തില്‍ വാരിയത് 87 റണ്‍സ്. താരവും ഒന്‍പത് സിക്‌സുകള്‍ തൂക്കി. ആറ് ഫോറുകളും നേടി. 

മത്സരത്തില്‍ മറുപടി പറഞ്ഞ ആന്ധ്രയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. പഞ്ചാബ് 105 റണ്‍സിന്റെ വിജയവും നേടി. ആന്ധ്രയ്ക്കായി റിക്കി ഭുയി തകര്‍പ്പന്‍ സെഞ്ച്വറി നേടി പൊരുതിയെങ്കിലും ആരും പിന്തുണയ്ക്കാന്‍ ഇല്ലാതെ പോയി. താരം 52 പന്തില്‍ ആറ് ഫോറും ഒന്‍പത് സിക്‌സും സഹിതം 104 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 

അന്താരാഷ്ട്ര ടി20യില്‍ സമീപ കാലത്ത് നേപ്പാള്‍ ഏഷ്യന്‍ ഗെയിംസില്‍ നേടിയ മൂന്നിനു 314 റണ്‍സാണ് ടീം ടോട്ടലുകളിലെ റെക്കോര്‍ഡ്. മംഗോളിയക്കെതിരെയായിരുന്നു നേപ്പാളിന്റെ കത്തിക്കയറിയ പ്രകടനം. അയര്‍ലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍ നേടിയ മൂന്നിനു 278, ചെക്ക് റിപ്പബ്ലിക്ക് തുര്‍ക്കിക്കെതിരെ നേടിയ നാലിനു 278, മെല്‍ബണ്‍ സ്റ്റാര്‍സ് ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിനെതിരെ നേടിയ രണ്ടിനു 273 എന്നിവയാണ് മറ്റ് ഉയര്‍ന്ന സ്‌കോറുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com