വീണ്ടും വന്‍ അട്ടിമറി! ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് നെതര്‍ലന്‍ഡ്‌സ്; എറിഞ്ഞു വീഴ്ത്തി ജയം പിടിച്ചു

മഴയെ തുടര്‍ന്നു 43 ഓവറാക്കി ചുരുക്കിയ പോരില്‍ നെതര്‍ലന്‍ഡ്‌സ് മുന്നില്‍ വച്ചത് 246 റണ്‍സ് ലക്ഷ്യം
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വാൻ ബീക്/ പിടിഐ
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വാൻ ബീക്/ പിടിഐ

ധരംശാല: രണ്ട് കൂറ്റന്‍ ജയങ്ങളുമായി നിന്ന ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി നെതര്‍ലന്‍ഡ്‌സ്. ഈ ലോകകപ്പിലെ രണ്ടാം വമ്പന്‍ അട്ടിമറി ഓറഞ്ച് പടയുടെ വക. ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ മലര്‍ത്തിയടിച്ചതിനു പിന്നാലെ നെതര്‍ലന്‍ഡ്‌സ് പ്രോട്ടീസിനെ വീഴ്ത്തിയത് 38 റണ്‍സിനു. 

മഴയെ തുടര്‍ന്നു 43 ഓവറാക്കി ചുരുക്കിയ പോരില്‍ നെതര്‍ലന്‍ഡ്‌സ് മുന്നില്‍ വച്ചത് 246 റണ്‍സ് ലക്ഷ്യം. കൂറ്റനടിക്കാരായ താരങ്ങളെ എറിഞ്ഞു വീഴ്ത്തി ദക്ഷിണാഫ്രിക്കന്‍ പോരാട്ടം 42.5 ഓവറില്‍ 207 റണ്‍സില്‍ അവസാനിപ്പിച്ച് നെതര്‍ലന്‍ഡ്‌സ് അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ മഹത്തായ വിജയങ്ങളിലൊന്നു സ്വന്തമാക്കി.

സ്‌കോര്‍ 200 കടത്തിയതിനു ദക്ഷിണാഫ്രിക്ക കേശവ് മഹാരാജ്- ലുന്‍ഗി എന്‍ഗിഡി സഖ്യത്തിനു നന്ദി പറയണം. ഒരു ഘട്ടത്തില്‍ അവര്‍ 200 കടക്കുമെന്നു പോലും ഉറപ്പില്ലായിരുന്നു. 166ല്‍ അവര്‍ക്ക് ഒന്‍പതാം വിക്കറ്റ് നഷ്ടമായിരുന്നു. 

അണയാന്‍ പോകും മുന്‍പ് കേശവ് മഹാരാജ് ആളിക്കത്താന്‍ ശ്രമിച്ചെങ്കിലും സമയം ഏറെ വൈകിയിരുന്നു. താരം 37 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സ് വാരി. അവസാന വിക്കറ്റായി മടങ്ങിയതും താരം തന്നെ. ലുന്‍ഗി എന്‍ഗിഡി ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. 

ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. 43 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെന്ന മികച്ച സ്‌കോര്‍ നെതര്‍ലന്‍ഡ്‌സ് ബോര്‍ഡില്‍ ചേര്‍ത്തു. 

ജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തില്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നു കരുതി. എന്നാല്‍ എട്ടാം ഓവറിലെ അവസാന പന്തില്‍ തുടരെ രണ്ട് സെഞ്ച്വറിയുമായി നിന്ന ക്വിന്റന്‍ ഡി കോക്ക് (20) പുറത്തായതോടെ അവരുടെ തകര്‍ച്ചയും തുടങ്ങി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞു. 

ഡേവിഡ് മില്ലറിലായിരുന്നു പിന്നീട് പ്രോട്ടീസ് പ്രതീക്ഷ. ടോപ് സ്‌കോററായ താരം പൊരുതിയെങ്കിലും അനിവാര്യ ദുരന്തം തടയാന്‍ സാധിച്ചില്ല. നാല് ഫോറും ഒരു സിക്‌സും സഹിതം മില്ലര്‍ 43 റണ്‍സെടുത്തു. ഹെയ്ന്റിച് ക്ലാസന്‍ (28), ജെറാള്‍ഡ് കോറ്റ്‌സി (22) എന്നിവരും പൊരുതാന്‍ ശ്രമം നടത്തി. പക്ഷേ അതും മതിയായില്ല.

ടെംബ ബവുമ (16), വാന്‍ ഡെര്‍ ഡുസന്‍ (4), എയ്ഡന്‍ മാര്‍ക്രം (1), മാര്‍ക്കോ ജെന്‍സന്‍, കഗിസോ റബാഡ (9) എന്നിവരെല്ലാം ക്ഷണത്തില്‍ വീണു.

നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പോള്‍ വാന്‍ മീകരന്‍, വാന്‍ ഡെര്‍ മെര്‍വെ, ബാസ് ഡെ ലീഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. കോളിന്‍ അക്കര്‍മാന്‍ ഒരു വിക്കറ്റെടുത്തു. 

നേരത്തെ 82 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ നെതര്‍ലന്‍ഡ്സിനെ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സ് അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. താരം 69 പന്തില്‍ പത്ത് ഫോറും ഒരു സിക്സും സഹിതം 78 റണ്‍സെടുത്തു. 

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ വാന്‍ ഡെര്‍ മെര്‍വെ (19 പന്തില്‍ 29), ആര്യന്‍ ദത്ത് (പുറത്താകാതെ 9 പന്തില്‍ 23) എന്നിവരുടെ ശ്രമവും സ്‌കോര്‍ ഈ നിലയ്ക്കെത്തിച്ചു. ഒപ്പം എക്സ്ട്രാ ഇനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ 32 റണ്‍സും നല്‍കി. വന്‍ ഡെര്‍ മെര്‍വെ മൂന്ന് ഫോറും ഒരു സിക്സും പറത്തി. ആര്യന്‍ ദത്ത് മൂന്ന് സിക്സുകളും തൂക്കി. 

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലുന്‍ഗി എന്‍ഗിഡി, മാര്‍ക്കോ ജെന്‍സന്‍, കഗിസോ റബാഡ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ജെറാള്‍ഡ് കോറ്റ്സി, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com