'ബാറ്റിങ് ​ഗിയർ മാറ്റി, സെഞ്ച്വറിയുടെ ക്രെഡിറ്റ് ഐപിഎല്ലിന്'- വാര്‍ണര്‍

പാകിസ്ഥാനെതിരായ ഇന്നിങ്‌സില്‍ താന്‍ ഒരു മാന്ത്രികതയും കാണിച്ചിട്ടില്ലെന്നു വാര്‍ണര്‍ പറയുന്നു
ഡേവിഡ് വാര്‍ണര്‍/ പിടിഐ
ഡേവിഡ് വാര്‍ണര്‍/ പിടിഐ

ബംഗളൂരു: പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയുടെ കരുത്താണ്. കരിയറിലെ 21ാം ഏകദിന സെഞ്ച്വറി നേടിയ വാര്‍ണര്‍ തന്റെ മിന്നും ഫോമിന്റെ എല്ലാ ക്രഡിറ്റും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിനാണ് നല്‍കുന്നത്. കറ തീര്‍ന്ന ഇന്നിങ്‌സ് കളിച്ചു തീര്‍ക്കാനുള്ള പാഠം പകര്‍ന്നു കിട്ടിയത് ഐപിഎല്ലില്‍ നിന്നാണെന്നു വാര്‍ണര്‍ വ്യക്തമാക്കി. 

124 പന്തില്‍ 163 റണ്‍സാണ് താരം ബംഗളൂരുവില്‍ വാരിയത്. പത്താം റണ്‍സില്‍ ഒരു ക്യാച്ച് അവസരം നല്‍കിയതു മാറ്റി നിര്‍ത്തിയാല്‍ ഒരു പഴുതും അനുവദിക്കാത്ത ഇന്നിങ്‌സാണ് വെറ്ററന്‍ താരം കളിച്ചത്. 14 ഫോറും ഒന്‍പത് സിക്‌സും ഇന്നിങ്‌സിനു മാറ്റു കൂട്ടി.

'കരിയറിന്റെ തുടക്കത്തില്‍ 50 ഓവര്‍ ബാറ്റ് ചെയ്യുക എന്നത് ഒരു വലിയ ശ്രമമായി ഞാന്‍ കരുതിയിരുന്നു. അതില്‍ തന്നെ 35 ഓവര്‍ വരെ ബാറ്റ് ചെയ്യുക എന്നതൊക്കെയായിരുന്നു എന്റെ ലക്ഷ്യം.' 

'എന്നാല്‍ ടി20, പ്രത്യേകിച്ച് ഐപിഎല്‍ കളിക്കാന്‍ തുടങ്ങിയതോടെ ഗിയര്‍ മാറ്റി കളിക്കാന്‍ ഞാന്‍ ശീലിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുമ്പോള്‍ ഒട്ടേറെ പാഠങ്ങള്‍ എന്നിക്കു പഠിക്കാന്‍ സാധിച്ചു. നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം നിങ്ങള്‍ക്കു ലഭിക്കുമെന്നു ബാറ്റിങിന്റെ വേഗം കൂട്ടിയപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിച്ചതിനാല്‍ ബാറ്റിങ് വേഗം കൂട്ടാന്‍ എളുപ്പത്തില്‍ സാധിക്കുകയും ചെയ്തു.' 

പാകിസ്ഥാനെതിരായ ഇന്നിങ്‌സില്‍ താന്‍ ഒരു മാന്ത്രികതയും കാണിച്ചിട്ടില്ലെന്നു വാര്‍ണര്‍ പറയുന്നു. ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുക എന്നതു മാത്രമായിരുന്നു ക്രീസിലെത്തുമ്പോള്‍ താന്‍ ലക്ഷ്യമട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

'ചില സമയത്ത് ചില ടീമുകള്‍ക്കെതിരെ നമുക്ക് നന്നായ് കളിക്കാന്‍ സാധിക്കും. ചില നല്ല പന്തുകളും നേരിടാന്‍ ലഭിക്കും. നന്നായി കളിക്കാന്‍ ശ്രമിക്കുക. മറ്റു കണക്കുകളൊന്നും ഞാന്‍ മനസില്‍ കൊണ്ടു നടക്കാറില്ല. ക്രിസീലേക്ക് പോകുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക. അത്രമാത്രം.'

തനിക്കൊപ്പം മികച്ച ബാറ്റിങ് പുറത്തെടുത്തു സെഞ്ച്വറി നേടി ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയായ മിച്ചല്‍ മാര്‍ഷിനേയും വാര്‍ണര്‍ പ്രശംസിച്ചു. 

'നല്ല മാനസികാവസ്ഥയിലായിരുന്നു മിച്ചല്‍. അദ്ദേഹം നന്നായി പിന്തുണച്ചു. ഞാന്‍ മാനസികമായി പിന്നില്‍ പോകുമ്പോഴും മിച്ചലിന്റെ മാനസികാവസ്ഥ പോസിറ്റീവായിരുന്നു. ഒരു പാര്‍ട്ടി ലൈന്‍ മനോഭാവം. അതാണ് ഒരു സഹ താരത്തില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നത്. അതു നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. മാത്രമല്ല ഇന്നലെ അവന്റെ ജന്മദിനം കൂടിയായിരുന്നു'- വാര്‍ണര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com