'സദീര സൂപ്പര്‍ ഹീറോ'; ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്‌ക്ക് ആദ്യ ജയം, നെതർലൻഡ്‌സിനെ 5 വിക്കറ്റിന് തകർത്തു

നെതർലൻഡ്‌സ് ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം ശ്രീലങ്ക 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു
ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്‌ക്ക് ആദ്യ ജയം/ എക്‌സ്
ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്‌ക്ക് ആദ്യ ജയം/ എക്‌സ്

ലഖ്‌നൗ: ഏകദിന ലോകകപ്പിൽ നെതർലൻഡ്‌സിനെ അഞ്ചുവിക്കറ്റിന് തകർത്ത് ആദ്യ വിജയം കൊയ്‌ത് ശ്രീലങ്ക. നെതർലൻഡ്‌സ് ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം ശ്രീലങ്ക 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നാലാമനായിറങ്ങി പുറത്താവാതെ 91 റൺസെടുത്ത സദീര 
സമരവിക്രമയാണ് ശ്രീലങ്കയുടെ വിജയശിൽപ്പി.

അർധസെഞ്ചുറി നേടിയ ഓപ്പണർ പതും നിസ്സങ്കയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നെതർലൻഡ്‌സ് ഉയർത്തിയ 263 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. 52 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. കുശാൽ പെരേരയും (5) കുശാൽ മെൻഡിസും (11) പുറത്താകുകയായിരുന്നു.

നിസ്സങ്കയും സദീരയും ചേർന്ന് 77 റൺസ് അടിച്ചെടുത്തു. 54 റൺസെടുത്ത് നിസ്സങ്ക പുറത്തായപ്പോൾ അഞ്ചാമനായി വന്ന ചരിത് അസലങ്ക സദീരയ്ക്ക് പിന്തുണ നൽകിയതോടെ ശ്രീലങ്ക വിജയപ്രതീക്ഷ നിലനിർത്തി. താരം 44 റൺസെടുത്ത് പുറത്തായി. പിന്നാലെ വന്ന ധനഞ്ജയ ഡി സിൽവയെ കൂട്ടുപിടിച്ച് സദീര ടീമിനെ വിജയത്തിലേക്ക് നയിച്ചു. വിജയത്തിന് തൊട്ടുമുൻപ് 30 റൺസെടുത്ത സിൽവ പുറത്തായെങ്കിലും ശ്രീലങ്കൻ ക്യാമ്പിൽ അപ്പോഴേക്കും ആഘോഷം തുടങ്ങിയിരുന്നു. സിൽവയ്ക്ക് പകരം വന്ന ദുഷൻ ഹേമന്ത ഫോറടിച്ച് ടീമിന് വിജയം സമ്മാനിച്ചു.

നെതർലൻഡ്‌സിനായി അര്യൻ ദത്ത് മൂന്ന് വിക്കറ്റെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നെതർലൻഡ്‌സ് 49.4 ഓവറിൽ 262 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ഒരു ഘട്ടത്തിൽ 21.2 ഓവറിൽ 91 റൺസിന് ആറ് വിക്കറ്റെന്ന നിലയിൽ തകർന്ന ഡച്ച് ടീമിന് ഏഴാം വിക്കറ്റിൽ ഒന്നിച്ച സബ്രാൻഡ് എംഗൽ ബ്രെക്റ്റ് - ലോഗൻ വാൻ ബീക് സഖ്യമാണ് തുണയായത്. 130 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം ടീമിനെ 200 കടത്തിയ ശേഷമാണ് പിരിഞ്ഞത്.

ശ്രീലങ്കയുടെ ദിൽഷൻ മധുഷങ്കയും കസുൻ രജിതയും നാല് വിക്കറ്റ് വീതം വീഴ്‌ത്തി ബൗളിങ്ങിൽ തിളങ്ങി. വിക്രം ജിത് സിങ് (4), ബാസ് ഡെ ലീഡ (6), തേജ നിദമനുരു (9) എന്നിവരുടെ പ്രകടനം നിരാശപ്പെടുത്തി. അക്കർമാൻ (29), ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ്‌സ് (16) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെയാണ് നെതർലൻഡ്‌സ് ആറിന് 91 എന്ന നിലയിലേക്ക് വീണത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com