അഫ്ഗാന്‍ വിജയത്തില്‍ റാഷിദ് ഖാനൊപ്പം നൃത്തംവച്ച് ഇര്‍ഫാന്‍ പത്താന്‍; വീഡിയോ

കമന്ററിക്കിടെ അഫ്ഗാന്‍ പാകിസ്ഥാനെതിരെ വിജയം നേടിയാല്‍ റാഷിദിനൊപ്പം ചുവടുകള്‍ വയ്ക്കുമെന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നു.
റാഷിദ് ഖാനൊപ്പം ചുവടുകള്‍ വയ്ക്കുന്ന ഇര്‍ഫാന്‍ പത്താന്‍
റാഷിദ് ഖാനൊപ്പം ചുവടുകള്‍ വയ്ക്കുന്ന ഇര്‍ഫാന്‍ പത്താന്‍

ചെന്നൈ: ലോകകപ്പില്‍ പാകിസ്ഥാനെതിരെ ചരിത്രവിജയം നേടിയ അഫ്ഗാന്‍ താരങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ ഡാന്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വിജയം ആഘോഷിക്കുന്ന അഫ്ഗാന്‍ ടീമംഗങ്ങള്‍ക്കൊപ്പം കമന്റേറ്ററായ ഇര്‍ഫാനും ചേരുകയായിരുന്നു. റാഷിദ്ഖാനൊപ്പം ചുവടുകള്‍ വച്ചാണ് പത്താന്‍ അവരോടൊപ്പം വിജയം ആഘോഷിച്ചത്.

കമന്ററിക്കിടെ അഫ്ഗാന്‍ പാകിസ്ഥാനെതിരെ വിജയം നേടിയാല്‍ റാഷിദിനൊപ്പം ചുവടുകള്‍ വയ്ക്കുമെന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് വിജയം ആഘോഷിക്കുന്ന അഫ്ഗാന്‍ ടീമിനൊപ്പം ഇര്‍ഫാന്‍ ചുവടുകള്‍ വച്ചത്. 

പാകിസ്ഥാനെതിരെ വിജയം നേടിയതോടെ ഒരു ലോകകപ്പില്‍ രണ്ടു ജയം നേടിയെന്ന അപൂര്‍വനേട്ടവും അഫ്ഗാന്‍ സ്വന്തമാക്കി. ലോകചാമ്പ്യന്‍മാരെ അട്ടിമറിച്ചായിരുന്നു ഈ ലോകകപ്പിലെ ആദ്യവിജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ഒരോവര്‍ ശേഷിക്കേ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
 
ഇബ്രാഹിം സദ്രാന്‍, റഹ്മാനുള്ള ഗുര്‍ബാസ്, റഹ്മത് ഷാ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് അഫ്ഗാന്‍ ജയം എളുപ്പമാക്കിയത്.283 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് തകര്‍പ്പന്‍ തുടക്കമായിരുന്നു അഫ്ഗാന്റേത്. റഹ്മാനുള്ള ഗുര്‍ബാസ് - ഇബ്രാഹിം സദ്രാന്‍ ഓപ്പണിങ് സഖ്യം 21.1 ഓവറില്‍ 130 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ അഫ്ഗാന്‍ മത്സരവിജയം തങ്ങള്‍ക്കൊപ്പമെന്ന സന്ദേശം നല്‍കിയിരുന്നു. 53 പന്തില്‍ നിന്ന് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 65 റണ്‍സെടുത്ത ഗുര്‍ബാസിനെ മടക്കി ഷഹീന്‍ അഫ്രീദി ഈ കൂട്ടുകെട്ട് പൊളിച്ചു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ റഹ്മത്ത് ഷായെ കൂട്ടുപിടിച്ച് സദ്രാന്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പാകിസ്ഥാന്‍ വീണ്ടും പ്രതിരോധത്തിലായി. ഇതിനിടെ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സദ്രാനെ ഹസന്‍ അലി റസ്വാന്റെ കൈകളിലെത്തിച്ചു. 113 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 87 റണ്‍സെടുത്ത സദ്രാനാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച റഹ്മത്ത് ഷാ - ക്യാപ്റ്റന്‍ ഹഷ്മത്തുല്ല ഷാഹിദി സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഇരുവരും കൂട്ടിച്ചേര്‍ത്ത 93 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി. 84 പന്തുകള്‍ നേരിട്ട റഹ്മത്ത് ഷാ 77 റണ്‍സോടെയും 45 പന്തുകള്‍ നേരിട്ട ഷാഹിദി 48 റണ്‍സോടെയും പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com