മഹ്മുദുല്ലയുടെ ഒറ്റയാൾ പോരാട്ടം രക്ഷിച്ചില്ല; ബം​ഗ്ലാദേശിനെ 149 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇത് നാലാം ജയമാണ്
ബം​ഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റൻ ജയം/ പിടിഐ
ബം​ഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റൻ ജയം/ പിടിഐ

മുംബൈ: ഏകദിന ലോകകപ്പിൽ ബം​ഗ്ലാദേശിനെ നിഷ്‌പ്രഭരാക്കി ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 383 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 46.4 ഓവറിൽ 233 റൺസിന് ഓൾഔട്ടായി. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇത് നാലാം ജയമാണ്. 

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ പിഴച്ചു. ആറാമനായി ഇറങ്ങി സെഞ്ചുറി നേടിയ മഹ്മുദുല്ല റിയാസിന്റെ ഒറ്റയാൾ പോരാട്ടമാണ് ബംഗ്ലാദേശിന്റെ പരാജയ ഭാരം കുറച്ചെങ്കിലും കുറച്ചത്. ഒരു ഘട്ടത്തിൽ ആറിന് 81 റൺസെന്ന നിലയിലുണ്ടായിരുന്ന ബംഗ്ലാദേശിന്റെ സ്‌കോർ 200 കടത്തിയത് മഹ്മുദുല്ലയുടെ ഇന്നിങ്‌സാണ്. 111 പന്തിൽ നിന്ന് നാല് സിക്‌സും 11 ഫോറുമടക്കം 111 റൺസാണ് മഹ്മുദുല്ല എടുത്തത്. അഞ്ച് മത്സരങ്ങളിൽ ടീമിന്റെ നാലാം തോൽവിയാണിത്. ടീമിന്റെ സെമി സാധ്യതയും ഏറെക്കുറേ അവസാനിച്ചിരിക്കുകയാണ്.

തൻസിദ് ഹസൻ (12), ലിറ്റൻ ദാസ് (22) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോൾ നജ്മുൽ ഹുസൈൻ ഷാന്റോ (0), ക്യാപ്റ്റൻ ഷാകിബ് അൽ ഹസൻ (1), മുഷ്ഫിഖർ റഹീം (8) എന്നിവർ തീർത്തും നിരാശപ്പെടുത്തി. മുഹമുല്ലയ്‌ക്ക് പിന്തുണ നൽകി മെഹിദി ഹസൻ മിറാസ് (11), നസും അഹമ്മദ് (19), ഹസൻ മഹ്‌മുദ് (15), മുസ്തഫിസുർ റഹ്‌മാൻ (11) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാ സ്‌കോർ 233-ൽ എങ്കിലും എത്താൻ കാരണമായത്.

നേരത്തേ ഓപ്പണർ ക്വിന്റൻ ഡി കോക്കിന്റെ മികവിൽ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 382 റൺസെടുത്തിരുന്നു. ഈ ലോകകപ്പിൽ ഇത് നാലാം തവണയാണ് പ്രോട്ടീസ് സ്‌കോർ 300 കടക്കുന്നത്. ഇതിൽ തന്നെ മൂന്ന് തവണ സ്‌കോർ 350 കടന്നു.ലോകകപ്പിൽ മൂന്നാമത്തെ സെഞ്ച്വറി കണ്ടെത്തിയ ഡി കോക്ക് 140 പന്തിൽ 174 റൺസ് ആണ് നേടിയത്. 15 ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയോടെയായിരുന്നു ഇന്നിംഗ്‌സ്. ക്യാപ്റ്റൻ എയ്ഡൻ മാർക്രവും ഹെയ്ന്റിച്ച് ക്ലാസനും മികച്ച പിന്തുണ നൽകി. മാർക്രം 60 റൺസെടുത്തു. ക്ലാസൻ സെഞ്ച്വറിക്ക് തൊട്ടരികിൽ വച്ച് ഔട്ടായി.

ലോകകപ്പിൽ ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഉയർന്ന രണ്ടാമത്തെ സ്‌കോർ എന്ന നേട്ടവും ഡി കോക്ക് സ്വന്തമാക്കി. ലോകകപ്പിലെ മൂന്നാം സെഞ്ചുറിയോടെ ഒരു ലോകകപ്പ് എഡിഷനിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന നേട്ടവും ഡിക്കോക്കിനെ തേടിയെത്തി.റീസ ഹെന്റിക്സ് (12), റാസ്സി വാൻഡെർ ദസ്സൻ (1) എന്നിവരെ പെട്ടെന്ന് നഷ്ടമായിടത്തു നിന്നാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് കരുത്തറിയിച്ചത്. 

69 പന്തിൽ നിന്ന് 60 റൺസെടുത്ത് മാർക്രം പുറത്തായെങ്കിലും നാലാം വിക്കറ്റിൽ ഡി കോക്കിനൊപ്പം ഹെയ്‌ൻ‌റിച്ച് ക്ലാസനെത്തിയതോടെ പ്രോട്ടീസ് ഇന്നിങ്സ് ടോപ് ഗിയറിലായി. 142 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. 49 പന്തിൽ നിന്ന് രണ്ട് ഫോറും എട്ട് സിക്സും പറത്തിയ ക്ലാസൻ 90 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് അതിവേഗം 65 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കിയ ശേഷമാണ് താരം മടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com