'മോശം അംപയറിങ് അവരുടെ വഴി മുടക്കി, സാങ്കേതിക വിദ്യകൊണ്ട് എന്ത് പ്രയോജനം'- പാകിസ്ഥാനെ പിന്തുണച്ച് ഹര്‍ഭജന്‍

മോശം അംപയറിങ്ങും നിയമങ്ങളുമാണ് പാകിസ്ഥാനെ തോല്‍പ്പിച്ചതെന്നു ഹര്‍ഭജന്‍ വ്യക്തമാക്കി
തോൽവിയുടെ നിരാശയിൽ ഷഹീൻ അഫ്രീദി/ പിടിഐ
തോൽവിയുടെ നിരാശയിൽ ഷഹീൻ അഫ്രീദി/ പിടിഐ

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ പാകിസ്ഥാന്റെ പരാജയം അവരുടെ സെമി പ്രതീക്ഷകള്‍ക്ക് കടുത്ത മങ്ങലാണ് ഏല്‍പ്പിച്ചത്. തോല്‍വിക്ക് പിന്നാലെ പാക് ടീമിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ സ്പിന്നറുമായ ഹര്‍ഭജന്‍ സിങ്. 

മോശം അംപയറിങ്ങും നിയമങ്ങളുമാണ് പാകിസ്ഥാനെ തോല്‍പ്പിച്ചതെന്നു ഹര്‍ഭജന്‍ വ്യക്തമാക്കി. നിയമങ്ങള്‍ കാലോചിതമായി മാറ്റുന്നതു സംബന്ധിച്ചു ഐസിസി ആലോചിക്കണമെന്നും ഹര്‍ഭജന്‍ പറയുന്നു. 

'മോശം അംപയറിങും നിയമങ്ങളുമാണ് പാകിസ്ഥാന് ഈ കളി നഷ്ടപ്പെടുത്തിയത്. നിയമങ്ങള്‍ ഐസിസി മാറ്റണം. പന്ത് സ്റ്റംപില്‍ തട്ടുമെന്നു ഉറപ്പായെങ്കില്‍, പിന്നെ അംപയര്‍ വിളിച്ചോ ഇല്ലയോ എന്നത് എന്തിനു മാനദണ്ഡമാകണം. അല്ലെങ്കില്‍ പിന്നെ ഈ സാങ്കേതിക വിദ്യ കൊണ്ടൊക്കെ എന്താണ് പ്രയോജനം'- ഹര്‍ഭജന്‍ ചോദിക്കുന്നു.

പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക നാടകീയമായാണ് മത്സരം വിജയിച്ചത്. ഒരു ഘട്ടത്തില്‍ പാകിസ്ഥാന്‍ വിജയത്തിന്റെ വക്കിലെത്തിയിരുന്നു. 46ാം ഓവറില്‍ ഹാരിസ് റൗഫിന്റെ പന്തില്‍ ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്ററായ ടബ്‌രിസ് ഷംസി വിക്കറ്റിനു മുന്നില്‍ കുടുങ്ങി. എന്നാല്‍ അംപയര്‍ ഔട്ട് വിളിച്ചില്ല. ഡിആര്‍എസിലും പാക് ടീമിനു അനുകൂലമായില്ല ഫലം. 

മത്സരത്തില്‍ അവസാന ബാറ്ററായ ഷംസിയുടെ വിക്കറ്റിനായി പാക് താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ അംപയര്‍ നോട്ടൗട്ട് വിളിച്ചു. ഡിആര്‍എസില്‍ പന്ത് ലെഗ് സ്റ്റെംപിനെ ഉരസി കടന്നു പോകുന്നതായി കാണിച്ചു. എന്നാല്‍ ഫീല്‍ഡ് അംപയറുടെ തീരുമാനത്തെ സാധൂകരിച്ച് മൂന്നാം അംപയറും നിലപാടെടുത്തു. പിന്നാലെ കേശവ് മഹാരാജ് ബൗണ്ടറിയടിച്ച് ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ചു. നാലാം തുടര്‍ തോല്‍വിയോടെ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ക്കും മങ്ങലേറ്റു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com