സൂര്യകുമാറിന്റെ പ്രകടനം; ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയാല്‍ ശ്രേയസ് അയ്യര്‍ പുറത്തേക്കോ? 

ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ സൂര്യയുടെ പ്രകടനത്തെ പുകഴ്ത്തി മുന്‍ ദേശീയ സെലക്ടര്‍ ജതിന്‍ പരഞ്ജപെയും രംഗത്ത് വന്നു
Hardik pandya
Hardik pandya

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പണ്ഡ്യ തിരിച്ചുവരുന്നതോടെ ടീമില്‍ ശ്രേയസ് അയ്യരുടെ സ്ഥാനം പരുങ്ങലിലാകും. പകരക്കാരനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് മികച്ച ഫോമില്‍ കളിക്കുന്നത് ശ്രേയസ് അയ്യരുടെ സ്ഥാനത്തിന് വെല്ലുവിളിയാണ്. ടി20 ഫോര്‍മാറ്റ് ശൈലിയില്‍ ബാറ്റ് വീശുന്ന സൂര്യകുമാര്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 49 റണ്‍സ് നേടിയിരുന്നു. 47 പന്തില്‍ നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. താരതമ്യേന വമ്പന്‍ അടികള്‍ക്ക് മുതിരാതെ കരുതലോടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്

50 ഓവര്‍ മത്സരങ്ങളില്‍ താരം ചില കുറഞ്ഞ സ്‌കോറുകളില്‍ പുറത്താകുന്നതിന് കാരണം ടി20 ഫോര്‍മാറ്റിലെ ബാറ്റിങ് ശൈലിയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ താരത്തിന്റെ പ്രകടനം. ഉത്തരവാദിത്തത്തോടെയും ക്ഷമയോടെയും ബാറ്റ് വീശീയ താരത്തിന്റെ ഇന്നിങ്‌സ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായി. ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയ മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ടീം മാനേജ്‌മെന്റിന് സൂര്യകുമാറിന്റെ കഴിവുകളില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നത് എന്തുകൊണ്ടാണിതെന്ന് തെളിയിക്കുന്നതാണ്. 

ടീമില്‍ ഇടം ലഭിക്കത്തക്ക വിധമുള്ള സൂര്യയുടെ പ്രകടനം മുന്നോട്ടുള്ള മത്സരങ്ങളില്‍ ശ്രേയസ് അയ്യരെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. ഇടത് കണ്ണങ്കാലിന് പരിക്കേറ്റ  ഹര്‍ദിക് പാണ്ഡ്യ ടൂര്‍ണമെന്റിന്റെ അവസാന മത്സരങ്ങളില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഈ ഘട്ടത്തില്‍ പ്ലേയിംഗ് ഇലവനില്‍ ആരു തുടരണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടായേക്കാം.  

ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ സൂര്യയുടെ പ്രകടനത്തെ പുകഴ്ത്തി മുന്‍ ദേശീയ സെലക്ടര്‍ ജതിന്‍ പരഞ്ജപെയും രംഗത്ത് വന്നു. 'സാഹചര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് ഒരു മികച്ച ക്ലാസ് ഇന്നിംഗ്‌സായിരുന്നു അത്, ആക്രമിച്ച് കളിക്കേണ്ട സമയത്ത് സ്‌ക്വയറിനു പിന്നില്‍ തന്റെ പതിവ് പിക്കപ്പ് ഷോട്ട് മാത്രമാണ് താരം കളിച്ചത്,' ജതിന്‍ പരഞ്ജപെ പറഞ്ഞു.

ഹര്‍ദിക് തിരികെ വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ചോദിച്ചാല്‍, സൂര്യ തന്റെ റോളില്‍ തുടരുന്നത് കാണാന്‍  ആഗ്രഹിക്കുന്നുവെന്നും ശ്രേയസ് അയ്യരുടെ സ്ഥാനത്ത് കെ എല്‍ രാഹുലിന് നാലാമനായി ബാറ്റ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സൂര്യകുമാറിനെ പോലെ 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കുന്ന താരത്തിന് ബൗളര്‍മാരെ നോക്കാതെ സാഹചര്യങ്ങള്‍ നോക്കി കളിക്കാനാകുന്നുവെന്നത് വലിയ കാര്യമാണ്. ഓഫ് സ്പിന്നര്‍ മോയിന്‍ അലിക്കും ലെഗ് സ്പിന്നര്‍ ആദില്‍ റഷീദിനും സാഹചര്യങ്ങള്‍ അനുകൂലമാണെന്ന് മനസിലാക്കിയ ശേഷമാണ് താരം പ്രയാസമേറിയ സ്വീപ്പ് ഷോട്ട് കളിച്ചത് ജതിന്‍ പരഞ്ജപെ പറഞ്ഞു.

ഹര്‍ദിക് മടങ്ങിവരുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കുന്നതില്‍ സൂര്യയ്ക്ക് സാധ്യകളുണ്ടെന്ന് മുന്‍ ഇന്ത്യന്‍ കീപ്പറും കമന്റേറ്ററുമായ ദീപ് ദാസ് ഗുപ്തയും സമ്മതിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com