ചരിത്രത്തിലേക്ക് സെഞ്ച്വറിയടിച്ച് ബാബര്‍; പുതിയ ബാറ്റിങ് റെക്കോര്‍ഡ്, കോഹ്‌ലിയെ പിന്തള്ളിയും നേട്ടം

ഏഷ്യാ കപ്പില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കാര്‍ഡാണ് താരം നേടിയത്. കോഹ്‌ലിയെ പിന്തള്ളിയാണ് റെക്കോര്‍ഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുള്‍ട്ടാന്‍: തകര്‍പ്പന്‍ ജയത്തോടെയാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പ് പോരാട്ടത്തിനു തുടക്കമിട്ടത്. നേപ്പാളിനെതിരായ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം നേടിയ കിടയറ്റ സെഞ്ച്വറിയാണ് അവര്‍ക്ക് കരുത്തായത്. കരിയറിലെ 19ാം ഏകദിന ശതകമാണ് ബാബര്‍ കുറിച്ചത്. ഒപ്പം ഒരു ലോക റെക്കോര്‍ഡും നിരവധി മറ്റു നേട്ടങ്ങളും താരം സ്വന്തമാക്കുകയും ചെയ്തു. നേപ്പാളിനെതിരെ 131 പന്തില്‍ 151 റണ്‍സാണ് താരം അടിച്ചെടുത്തത്. 

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 19 സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ബാബര്‍ സ്വന്തം പേരിലേക്ക് മാറ്റി. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഹാഷിം അംലയെ പിന്തള്ളിയാണ് ബാബറിന്റെ നേട്ടം. 102 ഇന്നിങ്‌സുകള്‍ കളിച്ചാണ് ബാബര്‍ 19 സെഞ്ച്വറികള്‍ കുറിച്ചത്. അംല 104 ഇന്നിങ്‌സുകളില്‍ നിന്നാണ് നേട്ടം സ്വന്തമാക്കിയത്. 

മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയാണ്. 124 ഇന്നിങ്‌സുകള്‍ കളിച്ചാണ് കോഹ്‌ലി 19 ശതകം നേടിയത്. നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള വാര്‍ണര്‍ 139 ഇന്നിങ്‌സുകള്‍ കളിച്ചും ഡിവില്ല്യേഴ്‌സ് 171 ഇന്നിങ്‌സുകള്‍ കളിച്ചും നേട്ടത്തിലെത്തി.  

ഇതിനൊപ്പം ഏഷ്യാ കപ്പിലെ ഒരു റെക്കോര്‍ഡും ബാബര്‍ സ്വന്തം പേരിലാക്കി. ഏഷ്യാ കപ്പില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കാര്‍ഡാണ് താരം നേടിയത്. കോഹ്‌ലിയെ പിന്തള്ളിയാണ് റെക്കോര്‍ഡ്. 2014ല്‍ ബംഗ്ലാദേശിനെതിരെ കോഹ്‌ലി നേടിയ 136 റണ്‍സായിരുന്നു ഇതുവരെയുള്ള ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍. ഏഷ്യാ കപ്പില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കോഹ്‌ലിയുടെ പേരില്‍ തന്നെയാണ്. 183 റണ്‍സ്. ഈ പട്ടികയില്‍ ബാബര്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 144 റണ്‍സെടുത്ത് മുഷ്ഫിഖര്‍ റഹീം ആയിരുന്നു ഇതുവരെ കോഹ്‌ലിക്ക് പിന്നില്‍. 

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന പാകിസ്ഥാന്‍ താരമെന്ന ഇതിഹാസ ഓപ്പണര്‍ സയീദ് അന്‍വറിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ബാബറിനു ഒരു സെഞ്ച്വറി കൂടി മതി. സയീദ് അന്‍വറിനു 20 സെഞ്ച്വറികളുണ്ട്. 

പാകിസ്ഥാനു വേണ്ടി എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിലും ബാബര്‍ ഇടംപിടിച്ചു. 41 സെഞ്ച്വറികളുമായി യൂനിസ് ഖാനാണ് പട്ടികയിലെ ഒന്നാമന്‍. 31 സെഞ്ച്വറികള്‍ വീതം നേടി സയീദ് അന്‍വര്‍, ജാവേദ് മിയാന്‍ദാദ്, അസ്ഹര്‍ അലി എന്നിവരാണ് പട്ടികയില്‍ പിന്നീടുള്ളവര്‍. സെഞ്ച്വറി നേട്ടം 31ല്‍ എത്തിച്ചാണ് അവര്‍ക്കൊപ്പം ബാബറും ഇടം കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com