പ്രതിരോധത്തിലെ നിര്‍ണായക സാന്നിധ്യം; ജോര്‍ദി ആല്‍ബ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു

സ്‌പെയിനിനൊപ്പം യൂറോ കപ്പ്, നാഷ്ന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട് ആല്‍ബ. 2011 ഒക്ടോബര്‍ 11നു 22ാം വയസിലാണ് താരം സ്‌പെയിനിനായി അരങ്ങേറിയത്. 34ാം വയസില്‍ ടീമിന്റെ പടിയിറങ്ങുന്നു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

മാഡ്രിഡ്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് സ്‌പെയിന്‍ പ്രതിരോധ താരം ജോര്‍ദി ആല്‍ബ. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ താരത്തിന്റെ വിരമിക്കല്‍ തീരുമാനം സ്ഥിരീകരിച്ചു. ജോര്‍ദി ആല്‍ബ അദ്ദേഹത്തിന്റെ മഹത്തായ അന്താരാഷ്ട്ര കരിയറിനു വിരമാമിട്ടതായും അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവനകള്‍ക്ക് നന്ദി പറയുന്നതായും ഫെഡറേഷന്‍ വ്യക്തമാക്കി. 

സ്‌പെയിനിനൊപ്പം യൂറോ കപ്പ്, നാഷ്ന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട് ആല്‍ബ. 2011 ഒക്ടോബര്‍ 11നു 22ാം വയസിലാണ് താരം സ്‌പെയിനിനായി അരങ്ങേറിയത്. 34ാം വയസില്‍ ടീമിന്റെ പടിയിറങ്ങുന്നു. 

12 വര്‍ഷം നീണ്ട കരിയറിനാണ് താരം വിരാമം കുറിക്കുന്നത്. രാജ്യത്തിനായി 92 മത്സരങ്ങള്‍ കളിച്ചു. ഒന്‍പത് ഗോളുകളും നേടി. സ്‌പെയിനിനൊപ്പം മൂന്ന് ലോകകപ്പ്, മൂന്ന് യൂറോകപ്പ്, ലണ്ടന്‍ ഒളിംപിക്‌സ്, കോണ്‍ഫെഡറേഷന്‍ കപ്പ് പോരാട്ടങ്ങളില്‍ താരം കളിച്ചു. 

2012ല്‍ യൂറോ കപ്പ് നേടിയ പോരില്‍ ഫൈനലില്‍ ഇറ്റലിയെ തകര്‍ത്തു ഗോള്‍ നേടിയവരില്‍ ഒരാള്‍ ആല്‍ബയാണ്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര കിരീടം കൂടിയായിരുന്നു. 

ക്ലബ് തലത്തില്‍ ബാഴ്‌സലോണ താരമായിരുന്നു ആല്‍ബ. ഈ സീസണില്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ താരമാണ്. മുന്‍ ബാഴ്‌സ ടീം അംഗമായ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിക്കൊപ്പം വീണ്ടും ഒന്നിച്ചിരിക്കുകയാണ് താരം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com