'പാകിസ്ഥാന്റെ കരുത്ത് ബൗളിങിൽ, എല്ലാ മിടുക്കും പുറത്തെടുക്കേണ്ടി വരും'- കോഹ്‌ലി

നിലവില്‍ മിന്നും ഫോമിലാണ് കോഹ്‌ലി. കഴിഞ്ഞ ഡിസംബറിനു ശേഷം കളിച്ച 13 മത്സരങ്ങളില്‍ നിന്നു 554 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: നിലവില്‍ ഏഷ്യാ കപ്പ് പോരാട്ടത്തിലെ ഏറ്റവും മികച്ച ബൗളിങ് അറ്റാക്ക് ആരുടേതാണെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് പാകിസ്ഥാന്‍. നാളെ ഇന്ത്യ ചിരവൈരികള്‍ക്കെതിരെ കളിക്കാനിരിക്കെ പാക് ബൗളിങിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ബാറ്ററുമായ വിരാട് കോഹ്‌ലി. 

പാകിസ്ഥാനെ പോലെ ഉയര്‍ന്ന നിലവാരമുള്ള ഒരു ബൗളിങ് നിരയ്‌ക്കെതിരെ ബാറ്റര്‍ക്ക് തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കേണ്ടി വരുമെന്ന് കോഹ്‌ലി പറയുന്നു. അവരുടെ കരുത്ത് ബൗളിങാണെന്നും കോഹ്‌ലി പറഞ്ഞു. 

'പാകിസ്ഥാന്റെ കരുത്ത് ബൗളിങാണെന്നു ഞാന്‍ കരുതുന്നു. മത്സരത്തിന്റെ ഏതു ഘട്ടത്തിലും നിര്‍ണായക വഴിത്തിരിവുകള്‍ തീര്‍ക്കാന്‍ സാധിക്കുന്ന ബൗളര്‍മാര്‍ അവര്‍ക്കുണ്ട്. അവരെ നേരിടുമ്പോള്‍ തീര്‍ച്ചയായും ഒരു ബാറ്റര്‍ തന്റെ സകല മിടുക്കുകളും പുറത്തെടുക്കേണ്ടി വരും'- കോഹ്‌ലി വ്യക്തമാക്കി. 

നിലവില്‍ മിന്നും ഫോമിലാണ് കോഹ്‌ലി. കഴിഞ്ഞ ഡിസംബറിനു ശേഷം കളിച്ച 13 മത്സരങ്ങളില്‍ നിന്നു 554 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 50.36 ശരാശരിയും കോഹ്‌ലിക്കുണ്ട്. 

ബാറ്റിങില്‍ സ്വയം മെച്ചപ്പെടുന്നതു സംബന്ധിച്ചാണ് താന്‍ നിരന്തരം ചിന്തിക്കുന്നതെന്നു കോഹ്‌ലി പറയുന്നു. എല്ലാ ദിവസവും എല്ലാ പ്രാക്ടീസ് സെഷനിലും എല്ലാ വര്‍ഷവും എല്ലാ സീസണിലും ഇതാണ് ചിന്ത. ഈ മനോഭാവമാണ് ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി. 

'ഈ ചിന്താഗതി ഇല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. മികച്ച പ്രകടനമാണ് ഏക ലക്ഷ്യമെങ്കില്‍, സംതൃപ്തിക്കും കഠിനമായി അധ്വാനിക്കാനും ഈ ചിന്ത അനിവാര്യമാണ്. അതിനു പരിധിയില്ല'- കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com