കാൻഡിയിലെ 'കിടിലന്‍' പോര്; ഇന്ത്യ- പാകിസ്ഥാന്‍ ത്രില്ലര്‍ ഇന്ന്

നിലവാരമുള്ള ബൗളിങ് എന്ന പെരുമയുമായാണ് പാകിസ്ഥാന്‍ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയുടെ ബാറ്റിങില്‍ വൈവിധ്യങ്ങളുടെ ആഴവും പരപ്പും ആവോളം
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കൊളംബോ: ക്രിക്കറ്റിലെ എല്ലാ തലമുറകളേയും ത്രസിപ്പിച്ചു കൊണ്ടിരിക്കുന്ന പോരാട്ടം. ഒരിക്കല്‍ കൂടി ഏകദിനത്തില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നു. ഇടവേളയ്ക്ക് ശേഷം എക്കാലത്തേയും വലിയ ചിരവൈരികള്‍ ഏഷ്യാ കപ്പ് പോരാട്ടത്തിലാണ് ഇന്ന് ഏറ്റുമുട്ടാന്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മുതലാണ് പോരാട്ടം. ശ്രീലങ്കയിലെ പല്ലക്കീലിലാണ് മത്സരം. 

2019ലെ ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏകദിനത്തില്‍ ഏറ്റുമുട്ടിയത്. ഇന്ത്യന്‍ ബാറ്റര്‍മാരും പാകിസ്ഥാന്റെ ബൗളര്‍മാരും തമ്മിലായിരിക്കും പോരാട്ടം. നിലവാരമുള്ള ബൗളിങ് എന്ന പെരുമയുമായാണ് പാകിസ്ഥാന്‍ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയുടെ ബാറ്റിങില്‍ വൈവിധ്യങ്ങളുടെ ആഴവും പരപ്പും ആവോളം

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിങ് നെടുംതൂണുകള്‍. ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരാണ് മറുഭാഗത്ത് ബൗളിങ് ആക്രമണം. ഇവര്‍ തമ്മിലുള്ള പോരായിരിക്കും മത്സരത്തിന്റെ ഗതി നിര്‍ണയിക്കുക.

പരിക്കു മാറി സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്ര ടീമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യക്ക് കരുത്തും ആത്മവിശ്വാസം നല്‍കുന്ന ഘടകം. അന്താരാഷ്ട്ര പോരിലേക്ക് ക്യാപ്റ്റനായി മടങ്ങിയെത്തിയ ബുമ്ര അയര്‍ലന്‍ഡിനെതിരായ ടി20യില്‍ മിന്നു ഫോമില്‍ പന്തെറിഞ്ഞു. 

പരിക്കു മാറി ടീമിലെത്തിയ ശ്രയസ് അയ്യര്‍ ഇന്ന് അന്തിമ ഇലവനിലേക്ക് വന്നേക്കും. അതേസമയം കെഎല്‍ രാഹുല്‍ ഇന്നത്തെ പോരാട്ടവും നേപ്പാളിനെതിരായ രണ്ടാം മത്സരവും നഷ്ടമാകുമെന്നു പരിശീലകന്‍ ദ്രാവിഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

രാഹുല്‍ ഇല്ലാത്തതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷനു അവസരം കിട്ടും. മികവ് ആവര്‍ത്തിച്ചു ടീമില്‍ സ്ഥാനം ഉറപ്പിക്കുകയായിരിക്കും താരത്തിനു ലക്ഷ്യം. 

മറുഭാഗത്ത് ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍. ക്യാപ്റ്റന്‍ ബാബര്‍ അസം സെഞ്ച്വറിയടിച്ചു ഫോമിലാണെന്നു പ്രഖ്യാപിച്ചു. ആദ്യ പോരില്‍ നേപ്പാളിനെതിരെ വമ്പന്‍ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ബൗളിങ് യൂണിറ്റ് സുസജ്ജമാണെന്നത് ബാബറിനു തലവേദന കുറയ്ക്കുന്ന ഘടകമാണ്.  

തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുകയും അതില്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താകാതെ 180 റണ്‍സടിക്കുകയും ചെയ്ത ഫഖര്‍ സമാന്‍ ഫോം ഔട്ടായി നില്‍ക്കുന്നതാണ് അവരെ കുഴയ്ക്കുന്നത്. കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നു താരത്തിനു 139 റണ്‍സ് മാത്രമാണ് ചേര്‍ക്കാനായത്. 

ശ്രേയസ് അയ്യര്‍- ഷഹീന്‍ ഷാ അഫ്രീദി

ഏകദിനത്തില്‍ ഇന്ത്യയുടെ നാലാം നമ്പറിലെ സ്ഥിരതയുടെ പര്യായമായി മാറിയ താരമാണ് ശ്രേയസ് അയ്യര്‍. 2019ലെ ലോകകപ്പിനു ശേഷം ടീമിലെത്തിയ അയ്യര്‍ നാലാം നമ്പറില്‍ മിന്നും പ്രകടനങ്ങളാണ് പുറത്തെടുത്തത്. 

നാലാം നമ്പറില്‍ അയ്യരുടെ ബാറ്റില്‍ നിന്നു വന്നത് 805 റണ്‍സ്. 47.35 ശരാശരി. സ്‌ട്രൈക്കറ്റ് റേറ്റ് 94.37. ലോകകപ്പില്‍ കളിക്കാനിറങ്ങുന്ന ഒന്‍പത് ടീമുകളിലെ ഒരു നാലാം നമ്പര്‍ ബാറ്റര്‍ക്കും ഈ സ്ഥിരത ഇല്ല എന്നതും താരത്തെ വേറിട്ടു നിര്‍ത്തുന്നു. 

വര്‍ത്തമാന ക്രിക്കറ്റിലെ ശ്രദ്ധേയ പേസറാണ് ഷഹീന്‍. വൈറ്റ് ബോളില്‍ ന്യൂ ബോള്‍ എറിയാന്‍ മിടുക്കന്‍. നേപ്പാളിനെതിരെ ആദ്യ ഓവറില്‍ തന്നെ താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. രണ്ട് മത്സരങ്ങളില്‍ വിക്കറ്റില്ല. എന്നാല്‍ 2021ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാന് ഇന്ത്യക്കെതിരെ ആദ്യ ലോകകപ്പ് വിജയം സമ്മാനിക്കുന്നതില്‍ താരത്തിന്റെ പേസ് നിര്‍ണായകമായി. 31 റൺസിനു മൂന്ന് വിക്കറ്റുകളാണ് മത്സരത്തില്‍ ഷഹീന്‍ വീഴ്ത്തിയത്. 

ഇന്ത്യ സാധ്യതാ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍/ മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

പാകിസ്ഥാന്‍ സാധ്യതാ ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് റിസ്വാന്‍, ആഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമദ്, ഷദബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com