വേണ്ടത് 102 റണ്‍സ്; ഇന്ന് സെഞ്ച്വറിയടിച്ചാല്‍ കോഹ്‌ലിക്ക് ലോക റെക്കോര്‍ഡ്; തകരുക സച്ചിൻ സ്ഥാപിച്ച 19 വർഷം പഴക്കമുള്ള നേട്ടം

നിലവില്‍ 12,898 റണ്‍സാണ് കോഹ്‌ലിക്ക് ഏകദിനത്തിലുള്ളത്. 275 മത്സരങ്ങളും 265 ഇന്നിങ്‌സും കളിച്ചാണ് താരത്തിന്റെ നേട്ടം
വിരാട് കോഹ്‌ലി പരിശീലനത്തിനിടെ/ പിടിഐ
വിരാട് കോഹ്‌ലി പരിശീലനത്തിനിടെ/ പിടിഐ

കൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് ഹൈ വോള്‍ട്ടേജ് പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ ബാറ്റര്‍മാരും പാക് പേസ് ത്രയവും തമ്മിലുള്ള പോരാട്ടമായാണ് ത്രില്ലര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യ ഉറ്റുനോക്കുന്നത് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയിലേക്കാണ്. മിന്നും ഫോമിലാണ് കോഹ്‌ലി ബാറ്റ് വീശുന്നത്. ഒപ്പം ഇതിഹാസ താരം സച്ചിന്റെ റെക്കോര്‍ഡ് നേട്ടം മറികടക്കാനുള്ള അവസരവും കോഹ്‌ലിക്കു മുന്നിലുണ്ട്. 

ഇന്ന് സെഞ്ച്വറി നേടിയാല്‍ താരത്തിനു റെക്കോര്‍ഡ് മറികടക്കാം. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സെടുക്കുന്ന താരമെന്ന സച്ചിന്‍ 19 വര്‍ഷം മുന്‍പ് സ്ഥാപിച്ച റെക്കോര്‍ഡാണ് കോഹ്‌ലിക്ക് മറികടക്കാന്‍ സാധിക്കുക. ഇന്നത്തെ മത്സരത്തില്‍ കോഹ്‌ലിക്ക് ലക്ഷ്യം മറികടക്കാന്‍ വേണ്ടത് 102 റണ്‍സ്. 

നിലവില്‍ 12,898 റണ്‍സാണ് കോഹ്‌ലിക്ക് ഏകദിനത്തിലുള്ളത്. 275 മത്സരങ്ങളും 265 ഇന്നിങ്‌സും കളിച്ചാണ് താരത്തിന്റെ നേട്ടം. ഇന്ന് 266ാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത് 102 റണ്‍സെടുത്താല്‍ റെക്കോര്‍ഡ് സ്വന്തം പേരിലാകും. സച്ചിന്‍ 321 ഇന്നിങ്‌സുകള്‍ എടുത്താണ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 341 ഇന്നിങ്‌സുമായി റിക്കി പോണ്ടി രണ്ടാമതും 363 ഇന്നിങ്‌സുകള്‍ കളിച്ചു കുമാര്‍ സംഗക്കാര മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. 416 ഇന്നിങ്‌സുകളില്‍ നിന്നു 13,000 മറികടന്നു ജയസൂര്യ നാലാം സ്ഥാനത്ത്. 

19 വര്‍ഷം മുന്‍പ് സച്ചിന്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയതും പാകിസ്ഥാനെതിരെ തന്നെയായിരുന്നു. കോഹ്‌ലി നേട്ടം ഇന്ന് മറികടന്നാല്‍ അവിടെയും സാമ്യം കടന്നുവരും. സച്ചിനു ശേഷം 13,000 ക്ലബിലെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവും ലോകത്തിലെ അഞ്ചാമത്തെ മാത്രം താരമായും കോഹ്‌ലി മാറും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com