ഹാട്രിക്ക് ഹാളണ്ട്, സന്‍ ഹ്യുങ് മിന്‍; അഞ്ചടിയില്‍ എതിരാളികളെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും, ചെല്‍സിക്ക് മാറ്റമില്ല! (വീഡിയോ)

സിറ്റി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ തകര്‍ത്താണ് വിജയം സ്വന്തമാക്കിയത്. ഹാളണ്ടിന്റെ ഹാട്രിക്കും ജൂലിയന്‍ അല്‍വാരസ്, നതാന്‍ അകെ എന്നിവര്‍ നേടിയ ഗോളുകളുമാണ് വിജയം നിര്‍ണയിച്ചത്
ഗോൾ നേട്ടമാഘോഷിക്കുന്ന ഹാളണ്ട്/ ട്വിറ്റർ
ഗോൾ നേട്ടമാഘോഷിക്കുന്ന ഹാളണ്ട്/ ട്വിറ്റർ

ലണ്ടന്‍: എര്‍ലിങ് ഹാളണ്ടിന്റെ ഹാട്രിക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും സന്‍ ഹ്യുങ് മിന്നിന്റെ മൂന്നടിയില്‍ ടോട്ടനം ഹോട്‌സ്പറും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ജയം സ്വന്തമാക്കി. അതേസമയം ചെല്‍സിയുടെ കഷ്ടകാലത്തിനു ഇപ്പോഴും മാറ്റമില്ല. അവര്‍ ഒറ്റ ഗോളിനു നോട്ടിങ്ഹാം ഫോറസ്റ്റിനോട് പരാജയപ്പെട്ടു. 

സിറ്റി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ തകര്‍ത്താണ് വിജയം സ്വന്തമാക്കിയത്. ഹാളണ്ടിന്റെ ഹാട്രിക്കും ജൂലിയന്‍ അല്‍വാരസ്, നതാന്‍ അകെ എന്നിവര്‍ നേടിയ ഗോളുകളുമാണ് വിജയം നിര്‍ണയിച്ചത്. തുടര്‍ച്ചയായ നാല് വിജയത്തോടെ 12 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. 

31ാം മിനിറ്റിലാണ് അല്‍വാരസിലൂടെയാണ് സിറ്റി അക്കൗണ്ട് തുറന്നത്. എന്നാല്‍ 33ാം മിനിറ്റില്‍ ടിം റീമിലൂടെ സമനില പിടിച്ച് ഫുള്‍ഹാം സിറ്റിയെ ഞെട്ടിച്ചു. സിറ്റിയുടെ ആദ്യ ഗോളിനു ഹാളണ്ടാണ് അവസരമൊരുക്കിയത്. 

കളി ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോള്‍ സിറ്റി ലീഡ് തിരിച്ചു പിടിച്ചു. നതാന്‍ അകെയുടെ ഹെഡ്ഡര്‍ അവര്‍ക്ക് തുണയായി. എന്നാല്‍ ഈ ഗോളിനു വിവാദത്തിന്റെ നിറമുണ്ടായിരുന്നു. അകെ ഗോള്‍ നേടുമ്പോള്‍ അകാഞ്ചി ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു. എന്നാല്‍ വാര്‍ സിറ്റിക്ക് ഗോള്‍ അനുവദിച്ചു. 

രണ്ടാം പകുതിയിലാണ് ഹാളണ്ട് പൂണ്ടു വിളയാടിയത്. 58ാം മിനിറ്റില്‍ അല്‍വാരസിന്റെ അസിസ്റ്റില്‍ ഹാളണ്ട് വല ചലിപ്പിച്ചു. 70ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ചു ഹാളണ്ട് രണ്ടാം ഗോളും നേടി സിറ്റിയുടെ ലീഡ് നാലാക്കി. കളി ഇഞ്ച്വറി ടൈമിലേക്ക് കടന്നതോടെ ഹാളണ്ട് ഹാട്രിക്കും തികച്ചു. 

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബേണ്‍ലി ടോട്ടനത്തെ ഞെട്ടിച്ചു ലീഡെടുത്തു. എന്നാല്‍ 16, 63, 66 മിനിറ്റുകളില്‍ വല കുലുക്കി സന്‍ ഹ്യുങ് മിന്‍ അവരെ കരകയറ്റി. ക്രിസ്റ്റിയന്‍ റൊമേരോ, ജെയിംസ് മാഡ്ഡിസന്‍ എന്നിവരും ടോട്ടനത്തിനായി വല ചലിപ്പിച്ചു. 

48ാം മിനിറ്റില്‍ ആന്റണി എലംഗ നേടിയ ഒറ്റ ഗോളാണ് ചെല്‍സിയെ അട്ടിമറിക്കാന്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ പ്രാപ്തരാക്കിയത്. ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലായിരുന്നു ഈ ഞെട്ടിക്കുന്ന തോല്‍വി എന്നതു അവരെ കൂടുതല്‍ വേവലാതികളിലേക്ക് തള്ളുന്നു. മൗറീസിയോ പൊചെറ്റിനോയ്ക്കും അവരെ രക്ഷപ്പെടുത്താന്‍ സാധിക്കില്ലേ എന്ന ചോദ്യവും ആരാധകര്‍ ഉന്നയിക്കുന്നു. നാല് കളികളില്‍ ഓരോ ജയവും സമനിലയും രണ്ട് തോല്‍വിയുമായി അവര്‍ 11ാം സ്ഥാനത്താണ്. 

പോയിന്റ് പട്ടികയില്‍ സിറ്റിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ടോട്ടനവും മൂന്നാം സ്ഥാനത്ത് വെസ്റ്റ് ഹാം യുനൈറ്റഡുമാണ്. ഇരു ടീമുകള്‍ക്കും പത്ത് പോയിന്റ് വീതം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com