'രോഹിത്തിനും ശ്രേയസിനും അത് സാധിക്കില്ല'; ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ പോരായ്മ ചൂണ്ടിക്കാട്ടി കുംബ്ലെ 

ക്രിക്കറ്റ് ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, കപ്പില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഇന്ത്യന്‍ ടീമില്‍ ആവശ്യത്തിന് ഓള്‍ റൗണ്ടര്‍മാര്‍ ഇല്ലാത്തത് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി അനില്‍ കുംബ്ലെ
അനില്‍ കുംബ്ലെ/ഫയല്‍ ചിത്രം
അനില്‍ കുംബ്ലെ/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, കപ്പില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഇന്ത്യന്‍ ടീമില്‍ ആവശ്യത്തിന് ഓള്‍ റൗണ്ടര്‍മാര്‍ ഇല്ലാത്തത് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ. ഓള്‍ റൗണ്ട് മികവുള്ള താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞ ലോകകപ്പിന് ശേഷം നാലുവര്‍ഷം സമയം ലഭിച്ചു. എന്നാല്‍ ഇത് പ്രയോജനപ്പെടുത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായും അനില്‍ കുംബ്ലെ കുറ്റപ്പെടുത്തി. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോട് പ്രതികരിക്കുകയായിരുന്നു മുന്‍ താരം.

'കഴിഞ്ഞ ലോകകപ്പ് മുതല്‍ ഈ ലോകകപ്പ് വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ടീമിനെ പരിശോധിച്ചാല്‍ ആവശ്യത്തിന് ഓള്‍റൗണ്ടര്‍മാര്‍ ഇല്ലെന്ന പ്രശ്‌നം തെളിഞ്ഞ് വരും. ഇത് പരിഹരിക്കാന്‍ വേണ്ട ഒരു നടപടിയും സ്വീകരിച്ചില്ല. ആ പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ ബാറ്റര്‍മാര്‍ ഇല്ല. ബൗളര്‍മാര്‍ കുറച്ച് ബാറ്റിംഗ് മികവ് പുലര്‍ത്തുന്നത് രണ്ടാമത്തെ കാര്യമാണ്. പക്ഷേ, ബാറ്റര്‍മാര്‍ ബൗളിങ് മികവ് പുലര്‍ത്തുന്നത് തീര്‍ച്ചയായും ടീമിന്റെ ശക്തി വര്‍ധിപ്പിക്കും'- കുംബ്ലെ പറഞ്ഞു.

'നാല് വര്‍ഷമുണ്ടായിരുന്നു, അത്തരത്തിലുള്ള കളിക്കാരെ വികസിപ്പിക്കേണ്ടതുണ്ടായിരുന്നു. അത്തരം ആളുകളെ തിരിച്ചറിഞ്ഞ് ബൗളിങ്ങിലും മികവ് പുലര്‍ത്താന്‍ നിര്‍ദേശിക്കണമായിരുന്നു.  ഉദാഹരണത്തിന് യശസ്വി ജയ്‌സ്വാള്‍. യശ്വസി ലെഗ് സ്പിന്നര്‍ കൂടിയാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു മത്സരത്തിലും അദ്ദേഹം പന്തെറിയുന്നത് ഞാന്‍ കണ്ടിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ശ്രേയസ് അയ്യര്‍ കുറച്ച് ബൗള്‍ ചെയ്യും. നടുവേദനയെ തുടര്‍ന്ന് അവന്‍ വന്ന് ബൗള്‍ ചെയ്യുമോ എന്ന് എനിക്കറിയില്ല. രോഹിത്തിന് തോളിന് പ്രശ്‌നമുണ്ട്. അതിനാല്‍ അവന്‍ ബൗള്‍ ചെയ്യാന്‍ പോകുന്നില്ല. അപ്പോള്‍ അത് ആരായിരിക്കും? ഇത്തരത്തിലുള്ള ഒരു പ്രശ്‌നം പരിഹരിക്കാന്‍ മുന്‍നിരയില്‍ ഓപ്ഷനുകള്‍ ആവശ്യമാണ്. ഈ ലൈനപ്പില്‍ ഈ പ്രശ്‌നം നന്നായി അറിയാമായിരുന്നെങ്കില്‍, എട്ടാം നമ്പറിലുള്ള ജഡേജയാണ് ഏറ്റവും മികച്ച ഓപ്ഷന്‍, എന്നാല്‍ ഇന്ന് അദ്ദേഹം ഏഴാം സ്ഥാനത്താണ് ബാറ്റ് ചെയ്യുന്നത്'- കുംബ്ലെ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com