സ്പിൻ കുരുക്കിൽ വീണ് ശ്രീലങ്ക; ഏഷ്യാ കപ്പ് ഫൈനൽ ഉറപ്പിച്ച് ഇന്ത്യ

സൂപ്പർ ഫോറിലെ ശ്രീലങ്ക - പാകിസ്ഥാൻ മത്സര വിജയികളെയാണ് ഇന്ത്യ ഫൈനലിൽ നേരിടുക
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ/ ചിത്രം: ട്വിറ്റർ
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ/ ചിത്രം: ട്വിറ്റർ

‌കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ തോൽപിച്ച് ഇന്ത്യ. 41 റൺസിനാണ് ഇന്ത്യൻ ജയം. ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 41.3 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ അവസാന സൂപ്പർ ഫോർ മത്സരം നടക്കും. സൂപ്പർ ഫോറിലെ ശ്രീലങ്ക - പാകിസ്ഥാൻ മത്സര വിജയികളെയാണ് ഇന്ത്യ ഫൈനലിൽ നേരിടുക.

214 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയെ ഇന്ത്യൻ സ്പിന്നർമാർ വരിഞ്ഞുമുറുകി. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് ഇന്ത്യക്ക് ജയം എളുപ്പമാക്കിയപ്പോൾ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും മികച്ച പിന്തുണ നൽകി. 99 റൺസെടുക്കുന്നതിനിടെ ലങ്കയ്ക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്. പതും നിസ്സങ്ക (6), ദിമുത് കരുണരത്‌നെ (2), കുശാൽ മെൻഡിസ് (15), സദീര സമരവിക്രമ (17), ചരിത് അസലങ്ക (22), ക്യാപ്റ്റൻ ദസുൻ ഷനക (9) എന്നിവരൊന്നും നിലയുറപ്പിക്കാനാകാതെ മടങ്ങുകയായിരുന്നു. ദയനീയ തോൽവിയുടെ വക്കിലെത്തിയ ലങ്കയ്ക്ക് ഏഴാം വിക്കറ്റിൽ ഒന്നിച്ച ധനഞ്ജയ ഡിസിൽവ - ദുനിത് വെല്ലാലഗെ സഖ്യമാണ് രക്ഷകരായത്. ഇരുവരും ചേർന്ന് 63 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 

66 പന്തിൽ അഞ്ച് ബൗണ്ടറിയടക്കം 41 റൺസെടുത്ത ഡിസിൽവ 38-ാം ഓവറിൽ പുറത്തായതോടെ കളി വീണ്ടും ഇന്ത്യയുടെ വഴിക്കായി. മഹീഷ് തീക്ഷണ (2), കസുൻ രജിത (1), മതീഷ് പതിരണ (0) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ അനായാസം പിഴുതു. 46 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 42 റൺസോടെ വെല്ലാലഗെ പുറത്താകാതെ നിന്നു. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 80 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് രോഹിത് ശർമ്മയും ഗില്ലും ചേർന്ന് പടുത്തുയർത്തിയത്. ഗില്ലിനെ (25 പന്തിൽ 19 റൺസ്) ബോൾഡാക്കിയാണു ദുനിത് വെല്ലാലഗെ വിക്കറ്റ് വേട്ട തുടങ്ങി. 12 പന്തുകൾ നേരിട്ട് മൂന്ന് റൺസെടുത്ത വിരാട് കോഹ് ലിയെ നിലയുറപ്പിക്കും മുൻപേ ശ്രീലങ്കൻ യുവതാരം പുറത്താക്കി. ദസുൻ ശനക ക്യാച്ചെടുത്താണു കോഹ് ലി മടങ്ങിയത്. സ്‌കോർ 91ൽ നിൽക്കെ രോഹിത്തും വീണു. കെഎൽ രാഹുലും ഇഷാൻ കിഷനും ചേർന്ന് സ്കോർ 150 കടത്തി. 44 പന്തുകൾ നേരിട്ട രാഹുൽ 39 റൺസെടുത്തു. 61 പന്തിൽ 33 റൺസെടുത്ത ഇഷാൻ കിഷനെ ചരിത് അസലങ്ക മടക്കി. ഹാർദിക് പാണ്ഡ്യ (8), രവീന്ദ്ര ജഡേജയും (4) എന്നിവർ നിരാശപ്പെടുത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com