ധോനി, രോഹിത്, കോഹ്‍ലി ആർക്കും ഇല്ല ഈ നേട്ടങ്ങൾ! ഏഷ്യൻ ​ഗെയിംസ് സ്വർണവുമായി ചരിത്രമെഴുതി ഹർമൻപ്രീത് കൗർ

ഇന്ത്യ ഫൈനലിലെത്തി സ്വര്‍ണം നേടിയതോടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഒരു അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി
ശ്രീലങ്കക്കെതിരായ ഫൈനലിൽ ഹർമൻപ്രീത് കൗറും ജെമിമ റോഡ്രി​ഗസും/ ട്വിറ്റർ
ശ്രീലങ്കക്കെതിരായ ഫൈനലിൽ ഹർമൻപ്രീത് കൗറും ജെമിമ റോഡ്രി​ഗസും/ ട്വിറ്റർ

ഹാങ്ചൗ: ലോകകപ്പിലടക്കം നിരവധി അന്താരാഷ്ട്ര മേജര്‍ പോരാട്ടങ്ങളില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനു ഫൈനല്‍ തോല്‍വികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ചുണ്ടിനും കപ്പിനും ഇടയില്‍ വീണു നിരാശപ്പെടേണ്ട അവസ്ഥ. ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ വീഴ്ത്തി സ്വന്തമാക്കിയ സ്വര്‍ണം അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിനു ഏറെ വിലപ്പെട്ടതാണ്. കുറഞ്ഞ സ്‌കോറില്‍ പുറത്തായിട്ടും അതു പ്രതിരോധിക്കാന്‍ ഇന്ത്യക്കായി എന്നതാണ് വിജയത്തിന്റെ മാറ്റു കൂട്ടുന്നത്. 

ഇന്ത്യ ഫൈനലിലെത്തി സ്വര്‍ണം നേടിയതോടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഒരു അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായി ഒരു മേജര്‍ പോരാട്ടത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ (പുരുഷ, വനിത) എന്ന ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത നേട്ടത്തിലാണ് താരം എത്തിയത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം എന്നതു മാത്രമല്ല ഈ സുവര്‍ണ നേട്ടത്തിന്റെ തിളക്കം. ഇന്നുവരെ ഒരു ക്രിക്കറ്റ് പോരിലും ഇത്തരത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിട്ടില്ല. 

സുവര്‍ണ നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്തിയതിനു പിന്നാലെ മറ്റൊരു റെക്കോര്‍ഡും മത്സരത്തിനിറങ്ങി ഹര്‍മന്‍പ്രീത് സ്വന്തമാക്കി. ഇന്ത്യയെ 100 ടി20 മത്സരങ്ങളില്‍ നയിക്കുന്ന ആദ്യ ക്യാപ്റ്റനായും ഹര്‍മന്‍ മാറി. 

ഇന്ത്യന്‍ പുരുഷ ടീമിന്റെ ക്യാപ്റ്റന്‍മാരാരും ഈ നേട്ടത്തില്‍ ഇതുവരെ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എംഎസ് ധോനി 72 മത്സരങ്ങളിലും രോഹിത് ശര്‍മ 51 മത്സരങ്ങളിലും വിരാട് കോഹ്‌ലി 50 ടി20 മത്സരങ്ങളിലും മാത്രമാണ് ഇതുവരെ ഇന്ത്യയെ നയിച്ചത്. മുന്‍ വനിതാ ക്യാപ്റ്റന്‍ മിതാലി രാജ് 32 ടി20 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ദേശീയ ടീമിനെ ടി20യില്‍ 100 മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഹര്‍മന്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഓസ്‌ട്രേലിയയെ 100 മത്സരങ്ങളില്‍ നയിച്ച മെഗ് ലാന്നിങാണ് പട്ടികയില്‍ ഒന്നാമത്. 

പുരുഷന്‍മാരുടെ മൊത്തം കണക്കിലും 100 മത്സരങ്ങള്‍ നയിച്ചവരില്ല. ടി20യില്‍ 76 മത്സരങ്ങളില്‍ ഓസീസിനെ നയിച്ച ആരോണ്‍ ഫിഞ്ചാണ് ഒന്നാമത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് നേരത്തെ ഹര്‍മന്‍പ്രീത് സ്വന്തമാക്കിയിട്ടുണ്ട്. 155 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ താരം ഇതുവരെയായി കളിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com